Quantcast

സച്ചാർ റിപ്പോർട്ട് അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്‌ലിംകൾക്കു മാത്രമായി പദ്ധതി നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി

സ്‌കോളർഷിപ്പ് പദ്ധതി ന്യൂനപക്ഷ വിഭാഗത്തിനുള്ളതാണ്. മുസ്‌ലിംകളുടെ കൂടെ മറ്റു പലർക്കും ആനുകൂല്യം കൊടുത്തു. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളത് സംവരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 July 2021 3:06 PM GMT

സച്ചാർ റിപ്പോർട്ട് അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്‌ലിംകൾക്കു മാത്രമായി പദ്ധതി നടപ്പാക്കിയിട്ടില്ല: മുഖ്യമന്ത്രി
X

സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്‌ലിംകൾക്കു മാത്രമായി പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കോളർഷിപ്പ് പദ്ധതി ന്യൂനപക്ഷ വിഭാഗത്തിനുള്ളതാണ്. മുസ്‌ലിംകളുടെ കൂടെ മറ്റു പലർക്കും ആനുകൂല്യം കൊടുത്തു. സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ളത് സംവരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് പദ്ധതിയിലെ അനുപാതം മാറ്റിയതോടെ സച്ചാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുസ്‌ലിംകൾക്ക് നൽകിയ ആനുകൂല്യം അട്ടിമറിക്കപ്പെട്ടില്ലേയെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മുസ്‍ലിം വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതി ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ച തീരുമാനത്തിനെതിരായ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ ക്രമീകരണത്തിൽ ഒരു സമുദായത്തിനും ആനുകൂല്യങ്ങളിൽ കുറവുവരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി അനുസരിച്ചാണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ എന്താണ് മാറ്റം വരുത്താനുള്ളത്. വിഷയത്തിൽ ഹൈക്കോടതിയുടെ ഒരു വിധി വന്നു. അത് ഈ തരത്തിൽ വിവേചനപരമായി ചെയ്യാൻ പറ്റില്ല. അപ്പോൾ നിലനിൽക്കുന്ന പ്രശ്നം, ഇപ്പോൾ കിട്ടുന്ന കൂട്ടർക്ക് ഏതെങ്കിലും തരത്തിലുള്ള കുറവുവന്നാൽ അത് ദോഷകരമായിട്ട് വരും. ഇപ്പോൾ നിലനിൽക്കുന്ന ഒന്നിനും കുറവുവരില്ല. അതേസമയം, മൊത്തമായി ജനസംഖ്യാനുപാതത്തിലാകുകയും ചെയ്യും. എല്ലാവർക്കും സന്തോഷിക്കാനുള്ള കാര്യമേയുള്ളൂ. ഇക്കാര്യത്തിൽ ഒരു ആശങ്കയും വേണ്ട-മുഖ്യമന്ത്രി വ്യക്തമാക്കി.

മുസ്‍ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതിൽ നമുക്കാർക്കും തടസ്സമില്ല. അത് കൊടുത്തുവരികയാണ്. അതിൽ ഒരു കുറവുമുണ്ടാകില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ന്യൂനപക്ഷങ്ങൾ എന്ന നിലയ്ക്ക് എല്ലാവരെയും ഒരുപോലെ കാണണമെന്നാണ്. അക്കാര്യം മാനിച്ച് സർക്കാർ നടപടികളെടുക്കുന്നു. ഒരു കൂട്ടർക്ക് കിട്ടുന്നതിൽ കുറവുവരുത്താതെ മറ്റൊരു കൂട്ടർക്ക് അർഹതപ്പെട്ടത് കൊടുക്കുന്നതിൽ എന്തിനാണ് വേറെ ന്യായങ്ങൾ പറയുന്നത്. അതു കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവിന് ഇതിനെ പിന്തുണച്ച് ആദ്യം സംസാരിക്കണമെന്ന് തോന്നിയത്. ആ സംസാരം പിന്നെ മാറ്റുന്നതിനുള്ള സമ്മർദം ലീഗിന്റെ ഭാഗത്തുനിന്ന് വന്നു എന്നാണല്ലോ നമ്മൾ കാണുന്നത്. അതൊരു ശരിയായ രീതിയല്ല- സച്ചാർ കമ്മീഷൻ റിപ്പോർട്ടും പാലോളി കമ്മിറ്റി റിപ്പോർട്ടും അപ്രസക്തമായില്ലേ എന്ന ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം വിശദീകരിച്ചു.

ഒരേസമയം രണ്ട് സ്‌കോളർഷിപ്പ് മറ്റൊരു സമുദായത്തിന് ലഭിക്കാനുള്ള സാഹചര്യമുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, വാദിച്ചുവാദിച്ച് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത കളയുന്ന രീതിയിലേക്ക് പോകരുത്. ഇതൊക്കെ വളരെ അപകടകരമായ ഒരു സ്ഥിതി വിശേഷമുണ്ടാക്കുന്ന കാര്യമാണ്. നമ്മൾ അതിന്റെ ഭാഗമാകേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നമ്മൾ അർഹരായവർക്ക് സ്‌കോളർഷിപ്പ് കൊടുക്കുന്നു. ആ നിലയ്ക്ക് അതിനെ കാണരുത്. അനാവശ്യമായി തീ കോരിയിടുന്ന വർത്തമാനങ്ങൾ മറ്റു ചിലർ പറയുമായിരിക്കും. പക്ഷേ, നമ്മൾ അതിന്റെ ഭാഗമായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story