Quantcast

''ഷാജി എന്നൊരു വിളിയുണ്ട്, തോളിൽ കൈവച്ച് മുഖത്തുനോക്കിയൊരു പുഞ്ചിരിയുണ്ട്''- ഹൈദരലി തങ്ങളെക്കുറിച്ച് വൈകാരിക കുറിപ്പുമായി കെ.എം ഷാജി

കൗമാരത്തിൽ പിതാവിനെ നഷ്ടപ്പെട്ടതിനുശേഷം ആ സ്ഥാനത്തുനിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നലായിരുന്നു തങ്ങളെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി

MediaOne Logo

Web Desk

  • Published:

    8 March 2022 11:08 AM GMT

ഷാജി എന്നൊരു വിളിയുണ്ട്, തോളിൽ കൈവച്ച് മുഖത്തുനോക്കിയൊരു പുഞ്ചിരിയുണ്ട്- ഹൈദരലി തങ്ങളെക്കുറിച്ച് വൈകാരിക കുറിപ്പുമായി കെ.എം ഷാജി
X

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള വൈകാരികമായ ഓർമകൾ പങ്കുവച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന കാലം മുതൽ തന്നെ തങ്ങളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നു. കൗമാരത്തിൽ പിതാവിനെ നഷ്ടപ്പെട്ടതിനുശേഷം ആ സ്ഥാനത്തുനിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നലായിരുന്നു തങ്ങളെന്നും ഫേസ്ബുക്കിൽ ഷാജി കുറിച്ചു.

അടുത്ത് ചെല്ലുമ്പോഴെല്ലാം വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു തങ്ങൾ. ഉറപ്പും ധൈര്യവും ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലുമായിരുന്നു തങ്ങൾ. സ്‌നേഹം തുളുമ്പുന്ന ആ നോട്ടമിനിയില്ല. സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാനും ക്ഷമയോടെ കേട്ടിരിക്കാനുമുള്ള ആ സാന്നിധ്യമിനിയില്ലെന്നും ഷാജി കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വേദന നിറഞ്ഞൊരു ഓർമയായി തങ്ങൾ മറഞ്ഞുപോയി. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന കാലം മുതൽ തന്നെ തങ്ങളുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചിരുന്നു. അടുത്ത് ചെല്ലുമ്പോഴെല്ലാം വല്ലാത്തൊരിഷ്ടം കാണിക്കുമായിരുന്നു.

ഷാജി എന്നൊരു വിളിയുണ്ട്, തോളിൽ കൈവച്ച് മുഖത്തേക്കുനോക്കി ഒരു പുഞ്ചിരിയും. അതു മതിയായിരുന്നു ഉള്ളുതണുക്കാൻ. ശാരീരിക പ്രശ്‌നങ്ങളാലുള്ള ബുദ്ധിമുട്ടുകൾ അറിയാമായിരുന്നതിനാൽ മരണവാർത്ത ഞെട്ടലുണ്ടാക്കിയില്ല. പക്ഷെ ഒരു ശൂന്യത അനുഭവപ്പെടുന്നു.

അനുശോചനം കുറിച്ചിടാനുള്ള വാക്കുകൾ പോലും പരതിയിട്ട് കിട്ടിയില്ല. പലരും ചോദിച്ചപ്പോഴാണ് ഇവിടെ എന്തെങ്കിലും കുറിക്കണമല്ലോ എന്ന ചിന്ത വന്നത്. എനിക്കാരായിരുന്നു തങ്ങൾ? അതെനിക്കൊരു ഉറപ്പായിരുന്നു. ധൈര്യമായിരുന്നു. ഉറങ്ങുമ്പോഴും കാവലുണ്ടെന്നൊരു തോന്നലായിരുന്നു.

കൗമാരത്തിൽ പിതാവിനെ നഷ്ടപ്പെട്ടതിനുശേഷം ആ സ്ഥാനത്തുനിന്ന് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരാളുണ്ടെന്ന തോന്നൽ. എവിടെ മാറിയിരുന്നാലും 'ഇവിടെയുണ്ടല്ലോ അല്ലേ' എന്നൊരു ഹാജറിടലിന്റെ കൈയുയർത്തലില്ല. സ്‌നേഹം തുളുമ്പുന്ന ആ നോട്ടമില്ല. സങ്കടങ്ങളും സന്തോഷവും പങ്കുവയ്ക്കാനും ക്ഷമയോടെ കേട്ടിരിക്കാനുമുള്ള ആ സാന്നിധ്യമിനിയില്ല എന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ ഇന്നലെ പകൽമുഴുവൻ ആ കോലായിലും മുറ്റത്തുമായി കഴിച്ചുകൂട്ടി.

ഒരിക്കൽകൂടി ഖബറിടത്തിൽ പോയി സലാം പറഞ്ഞുമടങ്ങി. നിർമലമായ ആ ജീവിതം അല്ലാഹു സ്വീകരിക്കട്ടെ! പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ, ആമീൻ.

Summary: ''There was a smile on his face with his hand on my shoulder'', KM Shaji shares an emotional note about Hyder Ali Thangal

TAGS :

Next Story