Quantcast

ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകും; കെ-റെയില്‍ പദ്ധതിക്കിടെ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് ഡിപിആറിൽ മുന്നറിയിപ്പ്

ആരാധനാലയങ്ങളുടെ ചിത്രങ്ങള്‍ സഹിതം പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും വിവരവും റിപ്പോര്‍ട്ടിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-15 14:38:16.0

Published:

15 Jan 2022 11:40 AM GMT

ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടാകും; കെ-റെയില്‍ പദ്ധതിക്കിടെ പരിസ്ഥിതി ആഘാതമുണ്ടാകുമെന്ന് ഡിപിആറിൽ മുന്നറിയിപ്പ്
X

സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ(Detailed Project Report) മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്. കെ-റെയിൽ നിർമാണം നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയിൽ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. സിൽവർലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങൾക്കും എന്തു സംഭവിക്കുമെന്നുള്ള വിശദമായ റിപ്പോർട്ടും 320 പേജുള്ള പഠനത്തിലുണ്ട്.

ആരാധനാലയങ്ങളുടെ ചിത്രങ്ങളടക്കം പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളും റിപ്പോർട്ടിൽ

ട്രാഫിക് സർവേ, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, ടോപ്പോഗ്രാഫിക് സർവേ എന്നിവയെല്ലാം പുറത്തുവന്ന ഡിപിആറിന്റെ ഭാഗമാണ്. ഇതിൽ പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്ക് വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെ വിവരവുമുണ്ട്. പദ്ധതി പ്രദേശത്തുള്ള പൊളിച്ചുമാറ്റേണ്ട ആരാധനാലയങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്.

പദ്ധതിക്കായി തീരദേശമേഖലയാണ് ആദ്യം പരിഗണിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ജനവാസമേഖലയും ആരാധനാലയങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. ഉദ്ദേശിച്ച വേഗത നിലനിർത്താൻ നേരായ പാതയ്ക്ക് മുൻഗണന നൽകിയെന്നും ഡിപിആറിൽ വിശദീകരിക്കുന്നു.

ഡിപിആർ രഹസ്യരേഖയെന്നാണ് സർക്കാരും കെ-റെയിലും സംസ്ഥാന വിവരാവകാശ കമ്മിഷനുമെല്ലാം പലവട്ടം ആവർത്തിച്ചത്. ഇതിനാൽ പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നായിരുന്നു വാദം. ഇതുസംബന്ധിച്ച് ഒക്ടോബറിൽ അൻവർ സാദത്ത് എംഎൽഎ ചോദ്യം ഉന്നയിച്ചിരുന്നു. തുടർന്ന് ഡിപിആറിന്റെ പകർപ്പ് ഉത്തരത്തിനൊപ്പം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും അതു ലഭിച്ചില്ല. ഇതോടെ സാദത്ത് കഴിഞ്ഞ ദിവസം അവകാശലംഘനത്തിന് നോട്ടിസ് നൽകി. ഇതിനു പിന്നാലെയാണ് ഡിപിആർ ഇന്ന് നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

TAGS :

Next Story