ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട മൂന്ന് രാജ്യങ്ങൾ ഇവയാണ്
വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ

ന്യുഡൽഹി: വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച കണക്ക് പ്രകാരം 18 ലക്ഷം വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ പഠിക്കുന്നത്. 153 രാജ്യങ്ങളിലായി 18,82318 ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നത്. 2025 ലെ കണക്കാണിത്. 12,54,013 വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും 6,28,305 വിദ്യാർഥികൾ സ്‌കൂൾ തലങ്ങളിലും പഠിക്കുന്നു എന്നാണ് കണക്ക്. സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ കണക്ക് ആദ്യമായാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിടുന്നത്.
പുറത്തുവിട്ട കണക്കിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോവുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നാണ്. 2022 മുതൽ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോവുന്നവരുടെ എണ്ണം കൂടുകയായിരുന്നു. എന്നാൽ 2024 നെ അപേക്ഷിച്ച് 2025 ൽ ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യം വിട്ടവരുടെ എണ്ണത്തിൽ കുറുവുണ്ടായി. 2024 ൽ13.3 ലക്ഷം വിദ്യാർഥികളാണ് വിദേശത്തേക്ക് പോയതെങ്കിൽ 2025 ൽ 12.54 ലക്ഷമായി കുറഞ്ഞു. ഇന്ത്യ-കാനഡ നയതന്ത്ര തർക്കങ്ങളും യുഎസ് എമിഗ്രേഷൻ സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങളും യുകെ ഉൾപ്പടെയുള്ള രാജ്യങ്ങൾ വിദ്യാർഥി വിസ ചട്ടങ്ങൾ കർശനമാക്കിയതും ഇന്ത്യൻ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള പോക്കിനെ ബാധിച്ചു എന്നാണ് വിലയിരുത്തുന്നത്.
സർവകലാശാല, സ്‌കൂൾ വിദ്യാഭ്യാസം ഒരുമിച്ച് പരിഗണിക്കുമ്പോൾ ഇന്ത്യൻ വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ളത് കാനഡ, യുഎസ്, യുഎഇ എന്നിവിടങ്ങളിലാണ്. കാനഡയിൽ 4,27,085 വിദ്യാർഥികളും യുഎസിൽ 2,55,247 വിദ്യാർഥികളും യുഎഇയിൽ 2,53,832 വിദ്യാർഥികളുമാണ് പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ വിദ്യാർഥികളിൽ പോയ രാജ്യങ്ങളിലും കാനഡയാണ് ഒന്നാമത്. യുഎസ്, യുകെ എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. 4,27,085 വിദ്യാർഥികളാണ് കാനഡയിൽ പഠിക്കുന്നത്. 255247 വിദ്യാർഥികളാണ് യുഎസിൽ പഠിക്കുന്നത്. 1,73,190 വിദ്യാർഥികളാണ് യുകെയിൽ പഠിക്കുന്നത്.
Adjust Story Font
16

