Quantcast

സങ്കടങ്ങൾക്കിടയിലെ പ്രണയം, സച്ചിനോട് മിണ്ടിത്തുടങ്ങിയ നിമിഷം; ബഷീറിനെ കടമെടുത്ത് വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് ആര്യാ രാജേന്ദ്രൻ

ഇന്നു രാവിലെ 11ന് തിരുവനന്തപുരം എ.കെ.ജി സെന്ററിലായിരുന്നു തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിന്റെയും വിവാഹനിശ്ചയ ചടങ്ങ്

MediaOne Logo

Web Desk

  • Updated:

    2022-03-06 14:02:43.0

Published:

6 March 2022 2:01 PM GMT

സങ്കടങ്ങൾക്കിടയിലെ പ്രണയം, സച്ചിനോട് മിണ്ടിത്തുടങ്ങിയ നിമിഷം; ബഷീറിനെ കടമെടുത്ത് വിവാഹനിശ്ചയ ചിത്രം പങ്കുവച്ച് ആര്യാ രാജേന്ദ്രൻ
X

ലളിതമായ പ്രണയസത്യങ്ങൾ അതിലളിതമായ ഭാഷയിൽ ലോകത്തിനു പകർന്നുനൽകിയ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കടമെടുത്തു തന്നെ തുടക്കം. സങ്കടങ്ങൾക്കിടയിലും പ്രണയമുണ്ടാകുന്ന ആ അസുലഭ നിമിഷത്തിന്റെ ഓർമയിൽ ആര്യാ രാജേന്ദ്രൻ.

വിവാഹനിശ്ചയത്തിനു പിന്നാലെ ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് തിരുവനന്തപുരം മേയർ. ''സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്..'' എന്ന ബഷീറിന്റെ വാക്കുകൾ ചേർത്താണ് ആര്യ നിശ്ചയചടങ്ങിന്റെ ചിത്രം പങ്കിട്ടിരിക്കുന്നത്.

നേതാക്കളുടെ ആശീർവാദത്തോടെ, പാർട്ടി ആസ്ഥാനത്തുനിന്ന്

ഇന്നു രാവിലെ 11ന് തിരുവനന്തപുരം എ.കെ.ജി സെന്ററിലായിരുന്നു ആര്യയുടെയും സച്ചിന്റെയും വിവാഹനിശ്ചയ ചടങ്ങ്. അടുത്ത ബന്ധുക്കളുടെയും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും പരസ്പരം മോതിരം കൈമാറി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എയും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് നടന്നത്. വിവാഹം പിന്നീട് നടക്കും. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിൻ. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാർട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ രാജേന്ദ്രൻ.

ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്.എഫ്.ഐ പ്രവർത്തനകാലത്ത് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഇരുപത്തിയേഴാം വയസിലാണ് സച്ചിൻ നിയമസഭയിലെത്തിയത്. ബാലുശ്ശേരിയിൽ യു.ഡി.എഫ് മത്സരത്തിനിറക്കിയ ചലച്ചിത്രതാരം ധർമജൻ ബോൾഗാട്ടിയെ തോൽപിച്ചായിരുന്നു സച്ചിന്റെ വരവ്.

2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുടവൻമുകൾ വാർഡിൽനിന്ന് എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയറായത്. 21ാം വയസിലാണ് മേയറായി ആര്യ അധികാരമേറ്റത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ.ഐ.സി ഏജന്റായ ശ്രീലതയുടെയും മകളാണ് ആര്യ.

വീട്ടുകാരും പാർട്ടിയും ചേർന്ന് വിവാഹക്കാര്യം തീരുമാനിക്കുമെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചിരുന്നത്. ആര്യ പറഞ്ഞതുപോലെ എ.കെ.ജി സെന്ററിൽ വെച്ച് വിവാഹനിശ്ചയവും നടന്നു.

Summary: Thiruvananthapuram Mayor Arya Rajendran shares the engagement pictures with Sachin Dev MLA

TAGS :

Next Story