'സ്പീക്കര്‍ പദവിയെന്നാല്‍ രാഷ്ട്രീയ ഇടവേളയല്ല, ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ 100% സംതൃപ്തനായിരുന്നു'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സഭയെ നിയന്ത്രിക്കുമ്പോൾ തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ പോസിറ്റീവായിരിക്കുമെന്നും തിരുവഞ്ചൂര്‍ മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം:സ്പീക്കര്‍ പദവിയെന്നാല്‍ രാഷ്ട്രീയ ഇടവേളയല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് ദൗത്യം ഏല്‍പ്പിച്ചപ്പോള്‍ നൂറ് ശതമാനവും സംതൃപ്തനായിരുന്നു. 16 നിയമസഭയിലെ നവാഗതര്‍ക്ക് കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മുന്നിലുണ്ടാവുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.
സഭയുടെ നാഥൻ എന്ന പദവി തനിക്ക് നൽകാൻ തീരുമാനിച്ച പാർട്ടിയോട് സ്നേഹവും കടപ്പാടുമാണുള്ളത്. ഈ ദൗത്യം ഏറ്റവും തൃപ്തികരമായി നിർവഹിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2011-ൽ മന്ത്രിയായിരുന്ന തനിക്ക് സ്പീക്കർ പദവിയിലേക്ക് വരുമ്പോൾ രാഷ്ട്രീയമായ ചർച്ചകളിൽ പങ്കെടുക്കാൻ തടസമില്ലെന്നും അത് പഴയ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. ലോകം ഒരുപാട് വളർന്നുവെന്നും ദേശവിരുദ്ധമല്ലാത്ത പോസിറ്റീവായ കാര്യങ്ങളിൽ സ്പീക്കർക്ക് അഭിപ്രായം പറയാൻ തടസ്സമില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സഭയിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും പൊതുധാരണയോടെ മുന്നോട്ടുപോവുക എന്നതാണ് തന്റെ ദൗത്യം. സഭയെ നിയന്ത്രിക്കുമ്പോൾ ആര് അതിർവരമ്പുകൾ വിട്ടാലും തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ പോസിറ്റീവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു
ജനങ്ങൾ തെരഞ്ഞെടുത്തതുകൊണ്ടാണ് ഇത്തവണ മൂന്ന് ബിജെപി എംഎല്‍എമാര്‍ സഭയിലെത്തിയത്. അവരുടെ നിയമസഭാ അവകാശങ്ങൾ ലംഘിക്കാൻ തനിക്ക് അധികാരമില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ടി വാദിക്കാൻ അവർക്ക് സഭയിൽ കൃത്യമായ ഇടമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. ഇതുവരെ എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരമെങ്കിൽ ഇപ്പോൾ ബിജെപി കൂടി വന്നിട്ടുണ്ട്. 102 പേരുടെ പിന്തുണയുമായി വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ കസേരയിലേക്ക് അനുഗമിക്കും. എ.സി മൊയ്തീൻ എൽഡിഎഫിൽ നിന്ന് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
മൂന്ന് എംഎൽഎമാരുമായി വരുന്ന ബിജെപിയും മത്സരംഗത്തിറങ്ങി. ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാർ ആണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിയും. 29നാണ് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നിലവിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറിൽ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
Adjust Story Font
16

