Quantcast

ഞാൻ മന്ത്രിസ്ഥാനത്തിന് അർഹൻ; നേതൃത്വവുമായി നേരത്തെ ധാരണയുണ്ടാക്കിയിരുന്നു-തോമസ് കെ. തോമസ്

മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾക്കിടെ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു തോമസ് കെ. തോമസ്

MediaOne Logo

Web Desk

  • Updated:

    2023-09-15 14:21:07.0

Published:

15 Sep 2023 12:45 PM GMT

Thomas K. Thomas MLA cabinet reshuffle, Thomas K. Thomas MLA, Pinarayi cabinet reshuffle 2023, Pinarayi government, NCP
X

തോമസ് കെ. തോമസ്

കൊച്ചി: മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി തോമസ് കെ. തോമസ് എം.എൽ.എ. പാർട്ടി ധാരണ പ്രകാരം താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം 'മീഡിയവണി'നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. എതിർശബ്ദങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് തോമസ് കെ. തോമസിന്റെ പ്രതികരണം. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് പീതാംബരൻ മാഷുമായും എ.കെ ശശീന്ദ്രനുമായും നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം ദേശീയ നേത്യത്വത്തിനും അറിയാം. കുട്ടനാട്ടിൽനിന്ന് ഒരു മന്ത്രി ആവശ്യമാണ്. പാർട്ടിക്ക് ഒരു സംഭാവനയും നൽകാത്തവരാണ് ഇന്ന് പാർട്ടിയാണെന്ന് പറഞ്ഞുനടക്കുന്നതെന്നും തോമസ് കെ. തോമസ് മീഡിയവണിനോട് പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്ന വാർത്ത ഇന്നു രാവിലെ മീഡിയവൺ പുറത്തുവിട്ടിരുന്നു. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരിൽ ചിലരുടെ വകുപ്പുകളിൽ മാറ്റംവരാനും സാധ്യതയുണ്ട്. കെ.ബി ഗണേഷ് കുമാർ മന്ത്രിസഭയിലെത്തുമെന്നതാണു പ്രധാന വാർത്ത. സ്പീക്കർ എ.എൻ ഷംസീർ മന്ത്രിസ്ഥാനത്തെത്തുമെന്നും പകരം വീണാ ജോർജ് സ്പീക്കറായേക്കുമെന്നും സൂചനയുണ്ട്.

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിയും. ഇവർക്കു പകരമായി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലെത്തും. എ.കെ ശശീന്ദ്രനിൽനിന്ന് വനം വകുപ്പ് ഗണേഷിന് നൽകിയേക്കുമെന്നാണ് സൂചന. ഗതാഗത വകുപ്പ് എ.കെ ശശീന്ദ്രനും നൽകിയേക്കും. സി.പി.എം മന്ത്രിമാരിലും മാറ്റം വന്നേക്കും.

അതേസമയം, സോളാർ വിവാദം വീണ്ടും കത്തുന്ന പശ്ചാത്തലത്തിൽ ഗണേഷ് കുമാറിനെ മന്ത്രിയാക്കണോയെന്ന കാര്യത്തിൽ സി.പി.എം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. പുനഃസംഘടന നവംബറിൽ നടക്കുമെന്നാണു വിവരം. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നത്.

Summary: I deserve to be there in the cabinet; an agreement was made with the leadership earlier: Claims Thomas K. Thomas MLA

TAGS :

Next Story