Quantcast

നിയമപോരാട്ടങ്ങള്‍ സാമുദായിക ബന്ധങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കരുത്: തോമസ് മാര്‍ അത്താനാസിയോസ് മെത്രാപൊലീത്ത

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മെത്രാപൊലീത്തയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    11 Jun 2021 4:41 PM GMT

നിയമപോരാട്ടങ്ങള്‍ സാമുദായിക ബന്ധങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കരുത്: തോമസ് മാര്‍ അത്താനാസിയോസ് മെത്രാപൊലീത്ത
X

നിയമപോരാട്ടവും അഭിപ്രായ പ്രകടനവുമെല്ലാം സാമുദായിക ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കാതെ നോക്കേണ്ടതുണ്ടെന്ന് ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപൊലീത്ത. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം തീവ്രവാദി സമൂഹമായി ചിത്രീകരിച്ച് ശത്രുത സൃഷ്ടിക്കുന്ന സമീപനത്തിന് നീതീകരണമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മെത്രാപൊലീത്തയുടെ പ്രതികരണം.

മെത്രാപൊലീത്തയുടെ കുറിപ്പ് വായിക്കാം

ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായവിതരണം സമുദായാംഗങ്ങളുടെ സംഖ്യയ്ക്ക്‌ ആനുപാതികമല്ല എന്ന നിരീക്ഷണം കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ അതു സംബ ന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലിരുന്ന ഉത്തരവുകള്‍ കോടതി അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ മെയ്‌ മാസം വിധിയുണ്ടായി. നില വിലിരിക്കുന്ന സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം മുസ്ലീം (ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ 80:20 എന്ന അനുപാതത്തിലാണ്‌ ഇവയുടെ വിഭജനം നടന്നു കൊണ്ടിരിക്കുന്നത്‌. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കണക്കിന്‍ പ്രകാരം കേരളത്തിലെ മതന്യൂനപക്ഷങ്ങളില്‍ യഥാക്രമം മുസ്ലീങ്ങള്‍ 58.67 ഉം ക്രൈസ്തവര്‍ 41.60 ശതമാനവുമാണ്‌ ഉള്ളത്‌. ന്യൂനപക്ഷ സമുദായങ്ങളുടെ ജനസംഖ്യ അടിസ്ഥാനമാക്കി ഓരോ മതസമൂഹത്തിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ ധനസഹായ ക്രമീകരണങ്ങള്‍ ചെയ്യണം എന്നാണ്‌ കോടതിയുടെ ഉത്തരവ്‌. ഇതോടെ 2008 മുതല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ക്ക്‌ നിയമ പ്രാബല്യം ഇല്ലാതായി.

കോടതിവിധിയെ സ്വാഗതം ചെയ്തുകൊണ്ട്‌ ക്രൈസ്തവ സഭാ പ്രതിനിധികള്‍ പ്രസ്താവനകള്‍ നടത്തുകയുണ്ടായി. വിധിയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ നേതാക്കളും മുസ്ലീം പ്രസിദ്ധീകരണങ്ങളും പ്രതികരണങ്ങള്‍ അറിയിച്ചു, മുസ്ലീം മതനേതൃത്വത്തിന്റെ നിലപാടും വൃത്യസ്തമായിരുന്നില്ല. എന്നാല്‍ ഈ ക്രമീകരണത്തിന്റെ ഗുണഭോക്താക്കളായിരുന്ന ലത്തീന്‍ ദളിത്‌ വിശ്വാസ സമുഹം മൗനം പാലിക്കുകയായിരുന്നു.

കുറെ കാലമായി ക്രൈസ്തവ സഭകള്‍, പ്രത്യേകിച്ച്‌ സീറോ മലബാര്‍ സഭാ വിദ്യാഭ്യാസ ഫണ്ട്‌ വിതരണത്തിലെ മാനദണ്ഡവും ക്രമീകമണങ്ങളും സംബന്ധിച്ച്‌ തങ്ങളുടെ അസംതൃപ്തി സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങളെ അറിയിക്കുന്നുണ്ടായിരുന്നു. കൂടാതെ, സഭാ പ്രസിദ്ധീകരണങ്ങളില്‍ ഇതിനെതിരെയുള്ള വിമര്‍ശനങ്ങളും തുടര്‍ച്ചയായി വന്നുകൊണ്ടുമിരിക്കുന്നു. അതു കൊണ്ട്‌ പൊതുസമൂഹത്തില്‍ തന്നെ വിഷയം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടു.എന്താണെങ്കിലും ന്യൂനപക്ഷ സംരക്ഷണ വകുപ്പ്‌ കൈകാര്യം ചെയ്തിരുന്ന മുസ്ലീം സമുദായക്കാരനായ മന്ത്രിയില്‍ നിന്നും അത്‌ മാറ്റി മുഖ്യമന്ത്രി ഏറ്റെടുത്തു. ഈ നടപടിയും കോടതിയില്‍ നിന്നുണ്ടായ വിധിയും സ്വാഭാവികമായും ക്രൈസ്തവസഭകളെ തൃപ്തരാക്കി. അത്‌ സഭയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായി വിലയിരുത്തപ്പെടുകയും ചെയ്തു.

തീര്‍ച്ചയായും സഭയുടെ അവകാശങ്ങള്‍ നിയമപരമായി നേടുന്നതില്‍ ആര്‍ക്കും പരിഭവം തോന്നേണ്ട കാര്യമില്ല എന്നാല്‍ നിയമപോരാട്ടവും അഭിപ്രായ പ്രകടനവുമെല്ലാം സമുദായിക ബന്ധങ്ങളില്‍ അസ്വാരസ്യവും സമൂഹ മനസ്സില്‍ അസ്വസ്ഥതയും സൃഷ്ടിക്കപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌. കേരളത്തില്‍ ഹിന്ദു, മുസ്ലീം, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളുടെ സ്വാധീനവും സാന്നിദ്ധ്യവും ഗണ്യമായിട്ടുണ്ട്‌. ഈ മറുവിഭാഗക്കാര്‍ ജീവിക്കുന്നത്‌ പൊതുവെ ഇടകലര്‍ന്നാണ്‌. അതുകൊണ്ടുതന്നെ സഹജീവിതത്തിനും സൗഹൃദത്തിനും ക്ഷതം വന്നുകൂടാ. മതമൈത്രിയും സഹവര്‍ത്തിത്വവും ഈ നാടിന്റെ പുരോഗതിക്കും സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിനും സമാധാനപരമായ ജീവിതത്തിനും അനുപേക്ഷണീയവുമാണ്‌. അതുകൊണ്ട്‌ സമുദായ സംഘര്‍ഷം ഉണ്ടാകാവുന്ന വിഷയങ്ങള്‍ വരുമ്പോള്‍ ബന്ധപ്പെട്ടവര്‍ നിലപാടില്‍ പക്വതയുംഅഭിപ്രായപ്രകടനങ്ങളില്‍ മിതത്വവും പാലിക്കേണ്ടതുണ്ട്‌.

വിഷയങ്ങള്‍ അവധാനപൂർവ്വം പഠിക്കുവാനും മനസ്സിലാക്കുവാനുമുള്ള ശ്രമമാണ്‌ നടക്കേണ്ടത്‌. മതങ്ങള്‍ അവകാശ സംരക്ഷണത്തിനായി അന്യോനം ഉരസലുകള്‍ക്ക്‌ തയ്യാറായാല്‍ നാട്ടില്‍ സാമുദായിക സ്പര്‍ദ്ധയും അസമാധാനവും വര്‍ദ്ധിക്കും എന്ന്‌ മാത്രമല്ല, വര്‍ഗ്ഗീയത ശക്തമാകുവാനും വഴി തെളിക്കും. അതാകട്ടെ വലിയ ആപത്തായിരിക്കും സൃഷ്ടിക്കുക. നിയമം തങ്ങള്‍ക്ക്‌ അനുകൂലമാക്കുവാനുള്ള വ്യഗ്രതയില്‍ മതനേതൃത്വങ്ങള്‍ ഈ കാര്യം മറക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും. പ്രത്യേക അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടുന്നതിലും പ്രധാനം സഹോദര മതസമുഹങ്ങളുമായ സൗഹൃദവും സ്നേഹവും ആണ്‌ എന്ന്‌ ചിന്തിക്കുവാന്‍ കഴിയേണ്ടതാണ്‌.

ഇവിടെ ന്യൂനപക്ഷാവകാശ ധ്വംസനമാണ്‌ നടക്കുന്നത്‌ എന്ന ധാരണ ക്രിസ്തീയ സഭാധ്യക്ഷന്മാരില്‍ മിക്കവര്‍ക്കും ഉണ്ടെന്ന്‌ തോന്നുന്നു. കോടതി വിധിക്കുശേഷം ഏതാനും ക്രൈസ്തവ സംഘടനകള്‍ സര്‍വകക്ഷി യോഗ പ്രതിനിധികള്‍ക്ക്‌ കൊടുക്കുവാനായി തയ്യാറാക്കിയ നിവേദനം സാന്ദര്‍ഭികവശാല്‍ എന്റെ ദൃഷ്ടിയില്‍പ്പെട്ടു. അതിലെ ചില ഭാഗങ്ങള്‍ ചുവടെ ഉദ്ധരിക്കുന്നു.

"മുസ്ലീം സമുദായം കാലാകാലങ്ങളായി കയ്യടക്കി തന്നിഷ്ടം പോലെ വാണിരുന്ന ന്യൂനപക്ഷവകുപ്പ്‌ സംസ്ഥാനത്തിന്റെ നികുതി പണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അത്‌ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായത്‌ മുഴുവനും മുസ്ലീം സമുദായത്തിന്‌ മാത്രമാക്കി."

കെ. ടി. ജലീല്‍ ന്യൂനപക്ഷ മന്ത്രിയായതോടെ ഇരുളിന്റെ മറവില്‍ മറ്റു ന്യൂനപക്ഷങ്ങളെ തമസ്‌കരിക്കുവാനുള്ള നിഗൂഢപദ്ധതികള്‍ ആസൂത്രിതമായി നടപ്പിലാക്കുകയായിരുന്നു. ഇവിടെ മുസ്ലീം സമുദായത്തോടുള്ള അസഹിഷ്ണുതയും അതൃപ്തിയും പ്രകടമാണ്‌". "കൈയ്യടക്കി, തന്നിഷ്ടം പോലെ വാണിരുന്ന, സ്വന്തമാക്കി, ഇരുളിന്റെ മറവില്‍, നിഗൂഢപദ്ധതികള്‍"" എന്നീ പദങ്ങള്‍ എല്ലാം വിദ്വേഷം ഉള്ളിലൊതുക്കിയുള്ള പ്രതികരണമാണ്‌. ക്രിസ്ത്യാനികളുടെ അവകാശ സ്വാതന്ത്യങ്ങള്‍ നഷ്ടപ്പെട്ടാല്‍പ്പോലും സഹസമുദായത്തെ പ്പറ്റി പരാമര്‍ശിക്കാന്‍ പാടില്ലാത്ത പദപ്രയോഗങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ. അത്‌ മുറിവേല്‍പ്പിക്കുന്നത്‌ ആ സമൂഹത്തെ മുഴുവനുമാണ്‌. ഇവിടെ വിമര്‍ശന വിധേയമാകു ന്നത്‌ മുസ്ലീം സമുദായമാണ്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. കെ. ടി. ജലീല്‍ എന്ന വ്യക്തി, മന്ത്രി എന്ന നിലയില്‍ സ്വജനപക്ഷപാതവും മത താത്പര്യങ്ങള്‍ക്കു വേണ്ടി തന്റെ സ്ഥാനവും ദുരുപയോഗം ചെയ്തു എന്നത്‌ ശരിയായിരി ക്കാം. അതിനാല്‍ അത്‌ സമുദായത്തിന്റെ സഹകരണത്തോടെയാണ്‌ എന്ന്‌ വിധിയെഴുതി അതിന്റെ പാപഭാരം മുഴുവനും ആ സമൂ ഹത്തിന്റെ മേല്‍ കെട്ടിവയ്ക്കുന്നത്തിന്‌ സാധൂകരണം കണ്ടെത്താനാവില്ല. ഇങ്ങനെയുള്ള ഭാഷാ പ്രയോഗങ്ങള്‍ പ്രകോപനപരമാണ്‌.

പൊതുവായി ഈ പ്രശ്‌നത്തിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും മനസ്സിലാക്കിയാല്‍ മാത്രമേ കാര്യങ്ങള്‍ ശരിയായി വിലയിരുത്താനാവുകയുള്ളൂ. ന്യൂന പക്ഷാവകാശം എന്ന വിഷയം സംബന്ധിച്ച്‌ സ്ഥായിയായ തെറ്റിദ്ധാരണകള്‍ ന്യൂനപക്ഷങ്ങളുടെ ഇടയിലും യ ഹിന്ദുമത വിശ്വാസികള്‍ക്കിടയിലും ഉണ്ട്‌. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30 പ്രകാരം ന്യൂനപക്ഷ മതങ്ങള്‍ക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും അ ത്‌ നടത്തുവാനുമുള്ള ( Administrator) അവകാശമുണ്ട്‌. ഇത്‌ മാത്രമാണ്‌ ന്യൂനപക്ഷാവകാശം. സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ കേസില്‍ ഈ ഭരണഘടനാ ആര്‍ട്ടിക്കിള്‍ വ്യത്യാസപ്പെടുത്താനുള്ള നിയമ നിര്‍മ്മാണങ്ങള്‍ കോടതി തടയുകയും ചെയ്തിട്ടുണ്ട്‌. ന്യൂനപക്ഷാവകാശം എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നിലനിര്‍ത്തുവാനും മാത്രമായി മനസ്സിലാക്കിയാല്‍ ഈ അവകാശം സംബന്ധിച്ച മിഥ്യാധാരണകള്‍ എല്ലാം തന്നെ മാറിക്കിട്ടും.

1992 മെയ്‌ മാസത്തില്‍ യു.പി.എ. സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ ഏവയെന്ന്‌ ക്ലിപ്തപ്പെടുത്തുന്നതിനും അവരുടെ വളര്‍ച്ചയും സംരക്ഷണവും വിലയിരുത്തുന്നതിനായി ചില National Commission for Minorities Act സൃഷ്ടിച്ചു. അതില്‍ പ്രകാരം ഒരു കമ്മിറ്റിക്ക്‌ രൂപം കൊടുത്തു. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്‌, ബുദ്ധ, ജയിന്‍, പാര്‍സി മതങ്ങള്‍ ന്യൂനപക്ഷമതങ്ങളായി അംഗീകരിക്കപ്പെട്ടു ഇതിന്റെ പ്രധാന ലക്ഷ്യം ന്യൂനപക്ഷ മതങ്ങളുടെ സ്ഥിതി അവലോകനം ചെയ്യുക, ആര്‍ട്ടിക്കിള്‍ 30 പ്രകാരമുള്ള അവകാശധ്വംസനങ്ങള്‍, വിവേചനങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ കേള്‍ക്കുക, അവയില്‍ ഇടപെടുക എന്നിവയാണ്‌. ഏതെങ്കിലും സമൂഹത്തിന്റെ അവശതകള്‍ പരിഹരിക്കുവാന്‍ പഠനവും ശുപാര്‍ശയും നടത്തുന്നത്‌ കമ്മീഷന്റെ ചുമതലയില്‍പ്പെട്ടിരുന്നു. രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരി ക്കണം യു.പി.എ. സര്‍ക്കാര്‍ ജസ്റ്റീസ്‌ രജീന്ദ്ര സച്ചാര്‍ അധ്യക്ഷനായി മുസ്ലീം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കുവാനും പരിഹാരം നിര്‍ദ്ദേശിക്കുവാനുമായി ഒരു കമ്മറ്റിയെ നിയോഗിച്ചത്‌. വേണ്ടത്ര ആഴമായ പഠനം ആ കമ്മറ്റി നടത്തിയില്ല എന്ന ആക്ഷേപം നിലവിലുണ്ട്‌. ആ സമുദായത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലെ പിന്നാക്കാവസ്ഥ ചുണ്ടിക്കാട്ടിയും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും കമ്മറ്റി 2006 മെയ്‌ മാസത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ആ മാതൃകയില്‍ മുസ്ലീം സമൂഹത്തിന്റെ അവസ്ഥ വിലയിരുത്താനും പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനുമായി കേരളത്തില്‍ പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ ഒരു കമ്മറ്റിയെ ഇടതുപക്ഷ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ആ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌ 2008 മെയ്‌ 6 ന്‌ സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന്‌ വിദ്യാഭ്യാസ-തൊഴില്‍-ആരോഗ്യ മേഖലകളില്‍ മുസ്ലീംങ്ങളുടെ ഉന്നമനത്തിനായി നടപടി ആരംഭിച്ചു .

ഇതുമായി ബന്ധപ്പെട്ട്‌ മുന്ന്‌ നിയമ (Act)ങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു. മുസ്ലീം പെണ്‍കുട്ടികളുടെ നില ഉയരുകയാണ്‌ സാമൂഹ്യ മാറ്റത്തിന്‌ അടിയന്തിരമായി നടക്കേണ്ടത്‌ എന്ന നിഗമനപ്രകാരം മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ ബിരുദ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്സ്‌ പഠനത്തിന്‌ സഹായം നല്‍കാനായി 2008 ഓഗസ്റ്റ് മാസത്തില്‍ ആദ്യത്തെ നിയമം പാസ്സാക്കി. മത്സര പരീക്ഷകള്‍ക്ക്‌ പഠിക്കുന്നതിനും പഠനകാലത്ത്‌ ഹോസ്റ്റലില്‍ താമസിക്കുന്നതിനും സ്റ്റൈഫന്‍ഡ്‌ കൊടുക്കുവാനുള്ള അനുവാദവും നല്‍കിയിരുന്നു. 10 കോടി രൂപയാണ്‌ അതിന്‌ വകയിരുത്തിയത്‌ ഈ നിയമം സംബന്ധിച്ച്‌ ഇതര ന്യുനപക്ഷ സമൂഹങ്ങളില്‍ നിന്ന്‌ എതിര്‍പ്പുകളുണ്ടായില്ല. 2011 ല്‍ ഭരണകാലാവധി അവസാനി ക്കുന്നതിനുമുമ്പായി ഫെബ്രുവരി രണ്ടിന്‌ പുതിയ ഉത്തരവ ഉണ്ടായി. അതിന്‍ പ്രകാരം സ്‌കോളര്‍ഷിപ്പ്‌ സ്റ്റൈഫന്റ്‌ ആനുകൂല്യം (ക്രിസ്ത്യന്‍ സമുദായത്തിലെ ഒ.ബി.സി. വി ഭാഗങ്ങള്‍ക്കുകൂടി ബാധക മാക്കി, 80:20 എന്ന അനുപാതത്തിലായിരുന്നു ഇതിന്റെ പങ്കിടല്‍ നിര്‍ദ്ദേശം.

മുസ്ലീം സമുദായത്തെ സര്‍ക്കാര്‍ ഒ.ബി.സി. വിഭാഗത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 2011ലെ ആക്ടില്‍ ക്രിസ്തീയ വിഭാഗത്തിലെ ലത്തീന്‍ കത്തോലിക്കാ ദളിത്‌ ക്രിസ്ത്യന്‍ വിഭാഗത്തെയും ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. അവര്‍ക്കുകൂടി ഈ ആനുകുല്യം ലഭ്യമാക്കുക ഈ ആക്ടിന്റെ ലക്ഷ്യമായിരുന്നു. മുസ്ലീം സമുദായത്തിന്റെ അംഗസംഖ്യയുടെ അഞ്ചിലൊന്നാണ്‌ ദളിത്‌ ലത്തീന്‍ വിഭാഗം. അതു കൊണ്ടാണ്‌ സ്‌കോളര്‍ഷിപ്പ്‌ ഫ ണ്ടിന്റെ പങ്കിടല്‍ അനുവാദം 80:20 എന്നാക്കിയത്‌. അതായത്‌ മുസ്ലീം വിഭാഗത്തിനും (ക്രിസ്തീയ സഭ ടയിലെ ഒ.ബി.സി. വിഭാഗമായ ദളിത്‌ ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കുമായി സമുദായങ്ങളുടെ ജനസംഖ്യാനുപാതികമായി ഫണ്ട്‌ വിഭജിക്കുകയായിരുന്നു. അതുകൊണ്ട്‌ ഈ ഫണ്ട്‌ വിനിയോഗ അനുപാതത്തിലെ യുക്തിക്ക്‌ ന്യായമില്ല എന്ന്‌ പറയാനാവില്ല. ഈ നിയമ നിര്‍മ്മാണത്തിനും ക്രൈസ്തവരില്‍ നിന്നും എതിര്‍പ്പുണ്ടായില്ല. 2015 മെയ്‌ 8ന്‌ മറ്റൊരു സര്‍ക്കാര്‍ ആക്ട്‌ ഉണ്ടായി. അതിന്‍പ്രകാരം ചാര്‍ട്ടേഡ്‌ അക്കൌണ്ടന്‍സി, കോസ്റ്റ്‌ ആന്റ്‌ അക്കൌണ്ടന്‍സി, കമ്പനി സെക്രട്ടറി കോഴ്‌സ്‌ എന്നിവ പഠി ക്കുവാനായി 6 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബവരുമാ നമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുവാനായി അര്‍ഹത ലഭിച്ചു. ഇതിലും രണ്ടാം ആക്ട്‌ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ബാധകമായിരുന്നു. പെണ്‍കുട്ടികള്‍ക്ക്‌ സ്കോളര്‍ഷിപ്പിന്‌ 30% സംവരണമാക്കി. പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച സ്‌കോളര്‍ഷിപ്പിന്‌ പദ്ധതിയുടെ ആനുകൂല്യം മൈനോരിറ്റി ഒ.ബി.സി.ക്കാര്‍ക്ക്‌ മുഴുവനായി ലഭ്യമാക്കുകയും പെണ്‍കുട്ടികളുടെ സംവരണം 30% ആക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ഇതായിരുന്നു സംഭവത്തിന്റെ പശ്ചാത്തലം. എന്നാല്‍ പിന്നീട്‌ സ്കോളര്‍ഷിപ്പ്‌ വിതരണ സംവിധാനത്തെപ്പറ്റിയും വിഭജനമാനദണ്ഡത്തെ പ്രതിയും ക്രൈസ്തവരുടെ ഇടയില്‍ അസംതൃപ്തി പ്രകടമായിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ മുസ്ലീം ബന്ധവും ഹൃദ്യമല്ലാതായിത്തീര്‍ന്നിരുന്നു. മുസ്ലീം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ യുവതികളെ പ്രണയം നടിച്ച്‌ മുസ്ലീം സമുദായത്തില്‍ ചേര്‍ക്കുന്നു എന്ന ശബ്ദം ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്ന്‌ ഉയര്‍ന്നു. ഹാഗിയ സോഫിയ എന്ന മുന്‍ ക്രിസ്ത്യന്‍ കത്തീഡ്രല്‍, മോസ്ക്‌ ആക്കിയത്‌ നീതീകരിച്ചുകൊണ്ട്‌ മുസ്ലീം സമുദായ നേതൃത്വത്തില്‍ പലരും പ്രസ്താവനകള്‍ ഇറക്കി. കേരളത്തില്‍ മുസ്ലീം തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, മുസ്ലീം ജനസംഖ്യയില്‍ ഉണ്ടാകുന്ന അമിത വര്‍ദ്ധനവ്‌ എന്നിവ ക്രിസ്തീയ സഭകളില്‍ ഭയവും ഉത്കണ്ഠയും സൃഷ്‌ടിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള ഇടര്‍ച്ച സ്കോളര്‍ഷിപ്പ്‌ വിതരണ വിഷയത്തിലേക്കും വ്യാപിക്കുകയായിരുന്നു.

ഈ അകല്‍ച്ച വര്‍ദ്ധിതമാക്കിയ രണ്ട്‌ സംഭവങ്ങള്‍കുടി ഈ സമയത്ത്‌ നടന്നു. ഒന്ന്‌, മന്ത്രി കെ. ടി. ജലീല്‍ ചുമതല വഹിച്ചിരുന്ന കാലഘട്ടത്തില്‍ ന്യൂനപക്ഷ അവകാശ സംരക്ഷണ സമിതിയുടെ ഘടന മാറ്റുവാന്‍ ചട്ടം ഭേദഗതി ചെയ്തു. അധ്യക്ഷന്‍ ഒരു സമുദായത്തില്‍ നിന്നാണെങ്കില്‍ അംഗം മറ്റൊരു ന്യൂനപക്ഷ സമുദായത്തില്‍ നിന്നായിരിക്കണം എന്ന നിബന്ധന മാറ്റി. ഇത്‌ കമ്മറ്റി പൂര്‍ണ്ണമായും ഇസ്ലാമീകരിക്കുവാനുള്ള നീക്കമായി ക്രൈസ്തവര്‍ വിലയിരുത്തി. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ നടത്തിയ നിയമനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എല്ലാം സെക്കുലര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രവര്‍ത്തനത്തിന്‌ നേരെയുള്ള എതിര്‍പ്പ്‌ ഇസ്ലാമിനോടുമായി മാറുകയായിരുന്നു. അതുപോലെ മുഖ്യ മന്ത്രി ന്യൂനപക്ഷവകുപ്പ്‌ മുസ്ലീം സമുദായാംഗമായ മന്ത്രി അബ്ദുള്‍ റഹ്മാനില്‍നിന്നും എടുത്ത്‌ തന്റെ വകുപ്പുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇത്‌ സത്യത്തില്‍ മുഖ്യമന്ത്രിയുടെ അവകാശത്തില്‍പ്പെട്ട കാര്യമാണ്‌. എങ്കിലും, ക്രൈസ്തവ സഭാധികാരികളുടെ സമ്മര്‍ദ്ദത്തിനു വിധേയമായിട്ടാണ്‌ അത്‌ നടന്നത്‌ എന്ന ആരോപണം ശക്തമായതും, ഈ സാമുദായിക അകല്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കി. അതിനിടെയാണ്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണ അനുപാതം സംബന്ധിച്ച കോടതിവിധി വന്നത്‌. തുടര്‍ന്ന്‌ വികാരപരമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ച്‌ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വിഷയം സംബന്ധിച്ച്‌ ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങള്‍ക്ക്‌ വീണ്ടുവിചാര ത്തിന്‌ സമയം കിട്ടിയിരിക്കുകയാണ്‌. അവസരം വളരെ ആലോചനാപൂര്‍വ്വം പ്രയോജനപ്പെടുത്തുവാന്‍ കഴിയണം. അതോടൊപ്പം ജസ്റ്റീസ്‌ ജെ. ബി. കോശി അധ്യക്ഷനായ ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കുവാനും ശുപാര്‍ശ നല്‍കുവാനുമായി കമ്മീഷന്‍ രൂപീകൃതമായി. അതുകൊണ്ട്‌ അവരുടെ പ്രശ്നത്തിലും നിയമാനുസൃത പരിഹാരത്തിന്‌ സാധ്യത തെളിഞ്ഞിരിക്കുകയാണ്‌. നിലവിലുണ്ടായ അപസ്വരങ്ങള്‍ ക്ഷമിച്ചും നടപടി പിശകുകള്‍ തിരുത്തിയും പരസ്പരം കൂടുതല്‍ അടുത്ത്‌ ജനാധിപത്യ സംവിധാനത്തെ ബലപ്പെടുത്തുകയാണ്‌ സമുദായങ്ങള്‍ ചെയ്യേണ്ടത്‌ സഹോദര വിശ്വാസസമൂഹങ്ങള്‍ എന്ന നിലയില്‍ നാടിന്റെ നന്മയ്ക്ക്‌ അധ്വാനിക്കുകയും വിശ്വാസസമൂഹങ്ങളെ കൂടുതല്‍ സഹകരണത്തിലേക്കും സഹവര്‍ത്തിത്വത്തിലേക്കും നയിക്കുകയാവണം ഭാവി പരിപാടി. പക്വത അങ്ങേയറ്റം പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്‌. ന്യൂമാന്‍ കോളേജ്‌ അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിനെയും കുടുംബത്തെയും മതഭ്രാന്തന്മാര്‍ മാരകമായി അക്രമിച്ച സമയത്ത്‌ അത്‌ വൈകാരികമാക്കാതെ കത്തോലിക്കാ സഭാനേതൃത്വം കൈക്കൊണ്ട ആത്മനിയന്ത്രണം ഈ വിഷയത്തില്‍ സമുദായ നേതൃത്വങ്ങള്‍ക്ക്‌ മാതൃകയാകേണ്ടതാണ്‌. ഏതായാലും എല്ലാവരും ഒരു കാര്യം ഓര്‍ക്കുക: ഭരണഘടന വിഭാവനം ചെയ്ത ന്യൂനപക്ഷാവകാശം സംബന്ധിച്ച തര്‍ക്കവും ചര്‍ച്ചയുമൊന്നുമല്ല ഇന്ന്‌ നടക്കുന്നത്‌.

ഇതുവരെയുള്ള ചര്‍ച്ചയില്‍ പറ യാന്‍ ശ്രമിച്ച കാര്യങ്ങള്‍;

1. സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്‌ സര്‍ക്കാര്‍ സ്വീകരിച്ച മാനദണ്ഡത്തിന്‌ യുക്തിയും ന്യായവും ഇല്ലായിരുന്നുവെന്ന്‌ പറഞ്ഞുകൂടാ. കേരളത്തിലെ മുസ്ലീം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി പ്രത്യേകം സൃഷ്ടിക്കപ്പെട്ട പാലോളി കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണം തുടങ്ങിയത്‌. 2011ലെ വിജ്ഞാപനപപകാരം സര്‍ക്കാര്‍ ഒ.ബി.സി. കാറ്റഗറിയില്‍പ്പെട്ട മുസ്ലീം സമുദായത്തോടൊപ്പം ക്രൈസ്തവ സഭയിലെ ഒ.ബി.സി. വിഭാഗമായ ലത്തീന്‍ ദളിത്‌ വിഭാഗത്തെക്കൂടി പഠനധനസഹായ പരിപാടിയില്‍ അര്‍ഹമാക്കുകയും അവര്‍ക്ക്‌ ആകെയുള്ള ഒ.ബി.സി. ജനസംഖ്യയുമായുള്ള അനുപാതത്തില്‍ ഈ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ തുകയുടെ അനുപാതം നിശ്ചയിക്കുകയും ചെയ്തു. അടുത്തകാലം വരെ ഈ ക്രമീകരണം സംബന്ധിച്ച്‌ മത രാഷ്ട്രീയ രംഗങ്ങളില്‍ തര്‍ക്കങ്ങളൊന്നുമില്ലായിരുന്നു.

2. ക്രൈസ്തവ സഭയും മുസ്ലീംസമുദായവുമായി ചില വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ ആരംഭിച്ചതോടെയാണ്‌ പഠനസഹായ പദ്ധതിക്കെതിരെയുള്ള പ്രസ്താവനകള്‍, പരാതികള്‍, നിയമനടപടികള്‍ ക്രൈസ്തവസഭകള്‍ തുടങ്ങിവെച്ചത്‌. അന്യോന്യം ആദരവില്ലാതെയും വേണ്ടത്ര ആലോചനയില്ലാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും ഉള്ള നിലപാടുകള്‍ അസഹിഷ്ണുത വളര്‍ത്തി. വിഷയങ്ങള്‍ സമുദായ നേതൃത്വങ്ങള്‍ തമ്മില്‍ പറഞ്ഞ്‌ പരിഹരിക്കുവാന്‍ ശ്രമിക്കേണ്ടതായിരുന്നു.

3, ഈ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ സമുഹത്തിന്‌ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന്റെ വിതരണം, മാനദണ്ഡം, നിലവിലുള്ള കമ്മറ്റിയുടെ ഘടന എന്നിവ സംബന്ധിച്ച്‌ സഭയില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. ഇവിടെയും ഒരു സമുദായം എന്ന നിലയില്‍ ക്രൈസ്തവ സഭകള്‍ ആത്മനിയന്ത്രണവും സംയമനവും പാലിച്ച്‌ മുസ്ലീം സമുദായവുമായി ആലോചിച്ച്‌ പരിഹാര നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത്‌ ഒരു തീരുമാനമാക്കാമായിരുന്നു. എങ്കില്‍ സമുദായങ്ങള്‍ തമ്മിലുള്ള സൌഹൃദം നഷ്ടപ്പെടാതിരിക്കുമായിരുന്നു.

4, സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതിപാലിക്കണം എന്നാവശ്യപ്പെട്ടാണ്‌ ക്രൈസ്തവസഭകള്‍ പ്രസ്താവനകള്‍ നടത്തിയതും. നിമയമനടപടികളിലേക്ക്‌ പ്രവേശിച്ചതും. എങ്കിലും നീതി സ്ഥാപനത്തിന്റെ പേരില്‍ നിയമ നടപടികളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ക്രിസ്‌ത്യാനികള്‍ തങ്ങളെ പ്രതിക്കൂട്ടിലാക്കുകയായിരുന്നുവെന്ന്‌ മുസ്ലീങ്ങളില്‍ ധാരണ പരന്നു. അതോടെ ക്രൈസ്തവ ഇസ്ലാമിക സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കുകയായിരുന്നു ഇത്‌ സംഭവിക്കാതിരിക്കാന്‍ ഇരുവിഭാഗങ്ങളും വേണ്ടത്ര ശ്രദ്ധിച്ചില്ല. നിയമപരമായ തീരുമാനം വന്നതോടെ, തുടര്‍ന്ന്‌ വന്നെത്തിയിരിക്കുന്ന അവസ്ഥ:

1. പുതിയ കാനേഷുമാരി കണക്കനുസരിച്ച്‌ മുസ്ലീം ക്രൈസ്തവരില്‍പ്പെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്റെ അനുപാതം 60:40 എന്ന നിലയിലേക്ക്‌ വരും.

2. ഇതുവരെ ക്രൈസ്തവരിലെ ദളിത്‌ ലത്തീന്‍ വിഭാഗങ്ങള്‍ക്ക്‌ ലഭിച്ചിരുന്ന പഠനസഹായം ക്രൈസ്തവസഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമാകും. അതോടെ അവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുവാനുള്ള സാധ്യത ജനസംഖ്യാനുപാതികമായി ഏറെ കുറയും. സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡം യോഗ്യത മാത്ര (merit) ആയി മാറുമ്പോള്‍ മത്സരശേഷിയില്‍ പിന്നാക്കം നില്‍ക്കുന്ന ലത്തീന്‍ ദളിത്‌ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യം പൂര്‍ണ്ണമായും നഷ്ട മാകും.

3. സുറിയാനി ക്രിസ്ത്യാനികള്‍ ഈ സാമുദായിക നേട്ടം കൈവരിക്കുമ്പോള്‍ സാമ്പത്തിക വിദ്യാഭ്യാസരംഗത്ത്‌ പിന്നാക്കം നില്‍ക്കുന്ന ദളിത്‌ ലത്തീന്‍ ക്രിസ്‌ത്യാനികള്‍ക്ക്‌ പഠനസഹായം പൂര്‍ണ്ണമായും നിലയ്ക്കും. ഈ അന്യായം ക്രൈസ്തവ സമൂഹത്തില്‍ സാമുദായിക അസ്വസ്ഥത സൃഷ്ടിക്കും:

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പഠനസഹായ വിതരണം കോടതിവിധി പ്രകാരം ഉണ്ടാകുമ്പോള്‍ ദളിത്‌ ലത്തീന്‍ വിഭാഗത്തിനുള്ള ആനുകുല്യം കുറയുകയില്ലായെന്ന പ്രസ്താവന ക്രിസ്ത്യന്‍ സഭാ നേതാക്കന്മാര്‍ പുറപ്പെടുവിക്കുന്നത്‌ യാഥാര്‍ത്ഥ്യമാകാനിടയില്ല. ന്യൂനപക്ഷ സമൂഹങ്ങളില്‍ sub classification നിയമപരമായി നിലനില്‍ക്കില്ല എന്ന വാദം ഉയര്‍ത്തുന്നവരായ സഭയ്ക്ക്‌ എങ്ങനെ ഈ ഉറപ്പ്‌ നല്‍കാനാകും. കൂടാതെ കോടതി ഈ വാദം മുമ്പുതന്നെ ഒരു തത്വമായി അംഗീകരിച്ചിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ക്രൈസ്തവ സമുഹത്തിലെ ഒ.ബി.സി. വിഭാഗത്തിന്റെ പ്രത്യേക പരിഗണനയെപ്പറ്റി കോടതി മൗനം പാലിക്കുന്നത്‌.

ജനസംഖ്യ മാത്രമാണ്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണത്തിന്‌ ഇന്ന്‌ ആധാരം. കോടതി പറയുന്നു: Sub classifying the minorities and providing scholarship is legally untenable. Both National and State commissions are not entitled to segregate the community on the basis of backwardness among the minorities. ഈ മാനദണ്ഡം ക്രിസ്തീയ വിഭാഗത്തെ മുന്നാക്ക പിന്നാക്ക അടിസ്ഥാനത്തില്‍ പുനര്‍ വിഭജിക്കുന്നതിന്‌ നിയമതടസ്സമുണ്ടാക്കും. ഇത്‌ സഭാനേതൃത്വം തിരിച്ചറിയേണ്ട വിഷയമാണ്‌. ഏതാനും വര്‍ഷങ്ങളായി മെഡിക്കല്‍ സീറ്റുകള്‍ക്ക്‌ ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ അനുവദിച്ചിരുന്ന സീറ്റ്‌ സംവരണം കോടതി നിര്‍ത്തലാക്കിയത്‌ ഇതിന്റെ അടിസ്ഥാനത്തിലാണ്‌. കാരണം, ന്യൂനപക്ഷ വിഭാഗത്തിന്റെ ഉള്‍വിഭജനം കോടതി അനുവദിക്കുന്നില്ല എന്നതാണ്‌. അതിനെതിരെ നീതി പുനഃസ്ഥാപനത്തിന്‌ ഒരു സഭയെയും കണ്ടില്ല. അതായത്‌ കോടതിവിധി നടപ്പിലാകുമ്പോള്‍ ലത്തീന്‍ ദളിത്‌ വിഭാഗത്തിന്‌ ഇന്ന്‌ സുറിയാനി സഭാ മേലദ്ധ്യക്ഷന്മാര്‍ ഉറപ്പു നല്‍കുന്ന വാഗ്ദത്തങ്ങള്‍ പാലിക്കാനാവില്ല. ഈ മനസ്സിലിരുപ്പ്‌ ഇപ്പോള്‍ത്തന്നെ ചോര്‍ന്ന്‌ പുറത്തു വരുന്നു. ന്യൂനപക്ഷങ്ങളെ അതിനുള്ളില്‍ത്തന്നെ മുന്നാക്കം പിന്നാക്കം എന്ന്‌ സംവരണ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാവില്ല (ദീപിക മെയ്‌ 29). ഈ മാനദണ്ഡത്തില്‍ കോടതിയും സഭയും യോജിപ്പായാല്‍ സഭയില്‍ ലത്തീന്‍ ദളിത്‌ വിഭാഗത്തിലുള്ള സംവരണം നിത്യവാഗ്ദാനമായി മാത്രം തുടരും.

ഇവിടുത്തെ ക്രൈസ്‌തവ സമുഹങ്ങളിലെ ദളിത്‌ ലത്തീന്‍ വിഭാഗക്കാര്‍ സഭാപരിവര്‍ത്തിതരായപ്പോള്‍ ഹിന്ദു ദളിതര്‍ എന്ന നിലയില്‍ അവര്‍ക്ക്‌ ലദ്യമാകുമായിരുന്ന പഠന ആനുകൂല്യങ്ങളും തൊഴില്‍ സംവരണങ്ങളും നഷ്ടമായി. അതിന്‌ തങ്ങള്‍ക്ക്‌ എന്ത്‌ ഉത്തരവാദിത്തം എന്ന്‌ സവര്‍ണ്ണ ക്രൈസ്‌തവ സഭാനേതൃത്വത്തിന്‌ തര്‍ക്കുത്തരം പറയാമായിരിക്കും. എന്നാല്‍ ക്രൈസ്തവരായി തീര്‍ന്നതിന്റെ പേരില്‍ അവര്‍ക്ക്‌ വന്ന സാമ്പത്തിക സാമുഹ്യ സാംസ്‌കാരിക പിന്നാക്കാവസ്ഥയില്‍ നിന്ന്‌ പുറത്ത്‌ വരുന്നതിന്‌ ആവശ്യമായ നടപടികള്‍ എടുക്കേണ്ടത്‌ സുറിയാനി സഭകള്‍ തന്നെയാണ്‌. യഥാര്‍ത്ഥത്തില്‍ നിലവില്‍ അവര്‍ക്ക്‌ കിട്ടിക്കൊണ്ടിരുന്ന സഹായങ്ങള്‍ പോലും ഇല്ലാതാക്കുന്ന സ്ഥിതിവിശേഷമാണ്‌ കോടതിവിധി വഴി വരുത്തി വച്ചിരിക്കുന്നത്‌. ഒരുപക്ഷേ ക്രൈസ്തവ സഭാനേതൃത്വം ഭരണഘടനാ സൃഷ്ടിയുടെ കാലത്ത്‌ ന്യൂനപക്ഷാവകാശം സ്ഥാപിച്ചെടുക്കുന്നതിന്‌ ശ്രമിച്ചതിനുപകരം പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക്‌ ഹൈന്ദവസമുഹത്തിലെ സമാനജാതിക്കാരുടെ പരിഗണനകള്‍, അനുസരിച്ചുള്ള ആനുകൂല്യം നേടിയെടുക്കുന്നതിനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്‌. ഇന്നവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല കിട്ടിക്കൊണ്ടിരുന്ന പഠനസഹായംപോലും ഇല്ലാതാകുന്നു. ഇതോടെ അവകാശ കവര്‍ച്ചയാണ്‌ ഇന്ന്‌ ദളിത്‌ ക്രിസ്ത്യാനികള്‍ നേരിടുന്നത്‌. നീതി ആര്‍ക്കാണ്‌ സ്ഥാപിച്ച്‌ കിട്ടേണ്ടത്‌, തിരുവചനം പഠിപ്പിക്കുന്നത്‌ സ്വന്തം നീതിസ്ഥാപനത്തെപ്പറ്റിയല്ല. ദരിദ്രര്‍, വിധവകള്‍, അനാഥര്‍ എന്നിവരുടെ നീതി സ്ഥാപനത്തെപ്പറ്റിയാണ്‌. നീതി സ്ഥാപനത്തിന്റെ പേരില്‍ സഹോ ദരമത സമൂഹത്തിന്റെ ശത്രുതയും സ്വന്തം സഭാസമുഹത്തിലെ ദുര്‍ബല വിഭാഗത്തോടുമുള്ള അവഗണനയുമാണ്‌ ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്‌. മുസ്ലീം സമൂഹത്തെ വെറുപ്പിക്കാതിരിക്കുകയും സാമ്പത്തിക സഹായം പൂര്‍ണ്ണമായും സ്വന്തം സമുഹത്തിലെ പിന്നാക്ക വിഭാഗത്തിന്‌ ലഭ്യമാക്കുകയും ചെയ്തിരുന്നുവെങ്കില്‍ ക്രൈസ്തവ സഭയുടെ നിലപാടും ശബ്ദവും സാമുഹ്യവിപ്ലവമായി പരിഗണിക്കപ്പെടുമായിരുന്നു. പോരാട്ടം അര്‍ത്ഥവത്തും നീതിപരവുമായി പരിണമിക്കുമായിരുന്നു. കേരളത്തിലെ പ്രബലവിഭാഗമായ ക്രൈസ്തവസഭ സഭയെന്ന നിലയിലല്ല പലപ്പോഴും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌, നേരെമറിച്ച്‌ സമുദായം എന്ന നിലയിലാണ്‌. സഭ മറ്റുള്ളവര്‍ക്കു വേണ്ടി നിലകൊള്ളേണ്ടതാണ്‌. കാരണം, ക്രിസ്തു അപരനുവേണ്ടിയായിരുന്നു ജീവിക്കുകയും മരിക്കുകയും ചെയ്തത്‌. എന്നാല്‍ സമുദായം അതിന്റെ ലാഭനേട്ടങ്ങള്‍ക്കുവേണ്ടി നിലനില്‍ക്കുന്നു. ഇതാണ്‌ സഭയും സമുദായവും തമ്മിലുള്ള വ്യത്യാസം. സഭയ്ക്ക്‌ ഭരണകൂടത്തിന്റെ പ്രത്യേക ആനുകൂല്യ ങ്ങള്‍ ആവശ്യമില്ല ബോധപ്രകാരം വിശ്വസിക്കുന്നതിനും സുവിശേഷം പ്രഘോഷിപ്പിക്കുന്നതിനുമുള്ള അടിസ്ഥാന അവകാശ സ്വാതന്ത്രങ്ങളാണ്‌ സഭയ്ക്ക്‌ വേണ്ടത്‌. അവയാകട്ടെ, ന്യൂനപക്ഷാവകാശമല്ല. ഇന്ത്യന്‍ പൗരന്റെ മൗലിക അവകാശമാണ്‌. എന്നാല്‍ ഈ സ്വാതന്ത്ര്യം കുറെക്കാലമായി ധ്വംസിക്കപ്പെടുന്നു എന്ന പരാതി ഇന്ത്യയില്‍ പലയിടത്തുനിന്നും ഉയരുന്നു. ഇതിനെപ്പറ്റി സഭകളൊന്നും ഭാരപ്പെടുന്നതായി കാണുന്നില്ല, അതുകൊണ്ട്‌ ന്യൂനപക്ഷാവകാശങ്ങളെപ്പറ്റിയുള്ള ഇവിടുത്തെ ഭൂരിപക്ഷ മതത്തിന്റെ ആശങ്കയും മുസ്ലീം സമുദായത്തിന്റെ ഇപ്പോഴുള്ള അകല്‍ച്ചയും മാറ്റിയെടുക്കാനായി ക്രൈസ്തവ സഭ ന്യൂനപക്ഷാവകാശങ്ങള്‍ നിലനിര്‍ത്തണമോ എന്നതിനെപ്പറ്റി തന്നെ പുനര്‍വിചിന്തനം ചെയ്യേണ്ടതാണ്‌. ഇന്ത്യന്‍ ഭരണഘടന ഉറപ്പു തന്നിട്ടുള്ള തുലൃപരിഗണന അംഗീകരിച്ചും അത്‌ നല്‍കുന്ന ഉറപ്പുകള്‍ പാലിച്ചുകിട്ടുന്നതില്‍ നിര്‍ബന്ധബുദ്ധിയും ജാഗ്രതയും പുലര്‍ത്തുകയുമായിരിക്കും ഏറ്റവും നല്ലത്‌. എന്നാല്‍ ന്യൂനപക്ഷാവകാശങ്ങള്‍ നിലനിര്‍ത്തണം എന്നാണ്‌ സഭ ആഗ്രഹിക്കുന്നതെങ്കില്‍ സഭ, സമുദായം എന്ന നിലയില്‍ നിന്നും സഭ എന്ന നിലയിലേക്ക്‌ ഉയരണം. സഭയ്ക്കുള്ളില്‍ ഉള്ള പിന്നാക്ക വിഭാഗത്തിന്‌ നീതി ലഭിക്കുന്നതിന്‌ ശ്രമിക്കുകയും ഇതരസമുദായങ്ങളോട്‌ ഉദാരമായ നിലപാടുകളെടുത്ത്‌ സമുഹത്തില്‍ ഐകൃവും ബഹുസ്വരതയും നിലനിര്‍ത്തുകയും അങ്ങനെ സഭ നീതിയും സൗഹൃദവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുകയുമാണ്‌ വേണ്ടത്‌. സഭ എന്നും സ്വന്തം ലാഭങ്ങള്‍ അവഗണിച്ച്‌ കഷ്ടപെടുന്നവരുടെ വിമോചനശബ്ദമായി പരിണമിച്ച്‌ സമൂഹത്തിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും രമിക്കേണ്ട വിഭാഗമാണ്‌ എന്ന ചിന്ത സഭയില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്‌ സഭയുടെ ദൗത്യം. സമുദായം എന്ന നിലയില്‍ കര്‍ശനമായ അവകാശ സ്ഥാപനത്തിനാണ്‌ ലക്ഷ്യമിടുന്നതെങ്കില്‍ സഭയ്ക്കുള്ളിലെ ദുര്‍ബലവിഭാഗങ്ങള്‍ നിശബ്ദരാക്കപ്പെടുകയും സഭ ഉള്‍പ്പെട്ട സമൂഹത്തില്‍ സമുദായ സ്പര്‍ദ്ദയും വര്‍ഗ്ഗീയതയും വര്‍ദ്ധിക്കുകയും ചെയ്യും.

ഇതോടൊപ്പം ഏതാനും കാര്യങ്ങള്‍ ദേശീയ- സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌.

ഒന്നാമതായി, ഇന്ത്യയൊരു സെക്കുലര്‍ ജനാധിപത്യ രാഷ്ട്രമാണ്‌, ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതനിരപേക്ഷത എല്ലാ മതങ്ങള്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും അവരുടെ ബോധ്യമനുസരിച്ച്‌ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്‌. ഈ മത നിഷേധസ്വാതന്ത്ര്യാവകാശം ധ്വംസിക്കപ്പെടുന്നുണ്ടോ എന്ന്‌ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്‌. ഒപ്പംതന്നെ ഏത്‌ മതത്തില്‍പ്പെട്ടവരാണെങ്കിലും മൗലിക ഉഗ്രവാദികളെയും സംഘങ്ങളെയും നിയന്ത്രിക്കാന്‍ നടപടികള്‍ ഉണ്ടാകണം. മത സ്വാതന്ത്യത്തിന്റെ പേരില്‍ തീവ്രവാദം വളരുവാന്‍ സാഹചര്യം സമുഹത്തില്‍ സൃഷ്ടിക്കപ്പെടാതിരിക്കുന്നത്‌ ശ്രദ്ധയില്‍ വരണം.

രണ്ടാമതായി, സര്‍ക്കാര്‍ സിലബസനുസരിച്ച്‌ കുട്ടികള്‍ അംഗീകൃത പാഠശാലകളില്‍ പഠനം നടത്തുന്നത്‌ നിര്‍ബന്ധമാക്കുക. ബദലായി മത സ്‌കൂളുകള്‍ പെരുകി ജനകീയ വിദ്യാഭ്യാസത്തിന്റെ ഗുണം സമൂഹത്തിന്‌ നഷ്ടപ്പെട്ട്‌ പൊയ്ക്കൊണ്ടിരിക്കുകയാണ്‌. മതസഹിഷ്ണുതയും സെക്കുലര്‍ മനോഭാവവും വിശ്വാസാതീതമായ സഹകരണവും സൃഷ്ടിക്കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന താത്പര്യം. അവധി ദിനങ്ങള്‍ ഉപയോഗപ്പെടുത്തി മതങ്ങള്‍ വിശ്വാസപഠനം നടത്തട്ടെ. മൂന്നാമതായി, മതപഠനം, മതപ്രചരണം എന്നിവയ്ക്ക്‌ ഇന്ത്യ൯ ഭരണഘടന എല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നതുകൊണ്ട്‌ മതപഠന സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ നല്‍കുന്ന ഗ്രാന്റ്‌ അവിടെ ജോലി ചെയ്യുന്നവര്‍ക്ക്‌ ശമ്പളം, പെന്‍ ഷന്‍, ആനുകൂല്യങ്ങള്‍ എന്നിവ നിര്‍ത്തലാക്കണം. അത്തരം കാര്യങ്ങള്‍ അതാത്‌ മതങ്ങളുടെ ബാധ്യതയിലും സാമ്പത്തിക ഉത്തരവാദിത്വത്തിലും ചുമതലയിലും നടക്കേണ്ടതാണ്‌. അല്ലാത്തപക്ഷം അത്‌ ഇതരമതങ്ങളില്‍ നിന്ന്‌ വിമര്‍ശനങ്ങള്‍ സൃഷ്ടിക്കും എന്നത്‌ മാത്രമല്ല, ഈ പ്രത്യേക പരിഗണന മതങ്ങള്‍ തമ്മിലുള്ള ശത്രുതയ്ക്കും വര്‍ഗ്ഗീയത വളരുന്നതിനും നിലം ഒരുക്കുന്നതിനും മാത്രമാണ്‌ സഹായിക്കുക. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതപ്രീണനം നടത്തുന്നത്‌ സമുഹത്തിലെ വിവിധ മത പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അനൈക്യത്തിലേക്കും സാമൂഹ്യ അസ്വസ്ഥതയിലേക്കും നയിക്കും എന്നത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കി സമുദായ പ്രീണനം അവസാനിപ്പിക്കേണ്ടതാണ്‌. മുസ്ലീം സമൂഹം ആഗോളതലത്തില്‍ തന്നെ ആരോപണവിധേയമായ സന്ദര്‍ഭമാണ്‌. ആ രീതി കേരളത്തിലും വന്നിട്ടുണ്ട്‌. അതില്‍ എല്ലാവരും ദുഖിക്കണം. മുസ്ലീം സമുദായത്തിലെ ന്യൂനപക്ഷമാണ്‌ പ്രശ്‌നം സൃഷ്ടിക്കുന്നത്‌. എന്നാല്‍ പഴി സമുദായത്തിന്‌ മുഴുവന്‍ വരുന്നു. അതുകൊണ്ട്‌ സമുദായം വലിയ പരിധിവരെ പ്രതിരോധത്തിലാണ്‌. ഇതിന്‌ മറ്റു സമുദായക്കാര്‍ക്ക്‌ കാര്യമായി ഒന്നും ചെയ്യാനാവില്ല. മുസ്ലീം സമുദായം വര്‍ഗ്ഗീയ-മൗലിക-ഉഗ്രവാദി പ്രസ്ഥാനങ്ങളെ ശക്തമായി തള്ളിപ്പറയുകയാണ്‌ വേണ്ടത്‌. അങ്ങനെയാണ്‌ ആ മതത്തിന്റെ അഭിമാനവും ആര്‍ജ്ജവവും പൊതുസമൂഹത്തില്‍ സംരക്ഷിക്കാനാവുക മൗലികവാദികളോട്‌ ഏറ്റുമുട്ടുന്നത്‌ എവിടെയും അപകടകരമാണ്‌. എങ്കിലും അതാണ്‌ ചെയ്യേണ്ടത്‌. ചുരുക്കം ചില വ്യക്തികള്‍ മാത്രമാണ്‌ മുസ്ലീം സമുദായത്തില്‍ ഇതിന്‌ തയ്യാറായി കാണുന്നത്‌. ഈ ശ്രമം മുസ്ലീം സമുദായത്തിന്റെ നേതൃത്വത്തില്‍ നിന്നുണ്ടായാല്‍ മുസ്ലീം മത വിശ്വാസികള്‍ സമുഹത്തില്‍ അംഗീകൃതരാകും. പൊതുസമൂഹത്തിന്റെ സമീപനത്തില്‍ മാറ്റമുണ്ടാക്കുന്നതിനും കഴിയും. അങ്ങനെ സമൂഹ ഉദ്ഗ്രന്ഥനവും സൗഹൃദവും വര്‍ദ്ധിക്കും

ക്രിസ്‌ത്യാനികള്‍ മാധ്യമങ്ങള്‍ വഴി മുസ്ലീം സമുദായത്തെ ഒന്നടങ്കം തീവ്രവാദി സമൂഹമായി ചിത്രീകരിച്ച്‌ ശ്രത്രുത സൃഷ്ടിക്കുന്ന സമീപനത്തിനും നീതീകരണമില്ല, സമുദായത്തിന്‌ ഉപരിയായി ബന്ധങ്ങള്‍ സൃഷ്ടിച്ച്‌ നാടിനെ ഐക്യത്തിലേക്കും സമാധാനത്തിലേക്കും നീതിപൂര്‍വ്വമായ സമൃദ്ധിയിലേക്കും നയിക്കുവാന്‍ അന്വേഷണം നടത്തുവാനുള്ള ശ്രമമാണ്‌ ഉണ്ടാകേണ്ടത്‌.

TAGS :

Next Story