തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും
മനുഷ്യ സാന്നിധ്യം ഉണ്ടായാൽ തിരികെ കൂട്ടിൽ കയറാനുള്ള സാധ്യത കുറയുമെന്ന് കാട്ടി മൃഗശാലയ്ക്ക് ഇന്ന് അവധി നൽകി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ചാടിപ്പോയ ഹനുമാൻ കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തിയില്ല. മൃഗശാല അങ്കണത്തിൽ തന്നെ തുടരുന്ന കുരങ്ങുകളെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. മനുഷ്യ സാന്നിധ്യം ഉണ്ടായാൽ തിരികെ കൂട്ടിൽ കയറാനുള്ള സാധ്യത കുറയുമെന്ന് കാട്ടി മൃഗശാലയ്ക്ക് ഇന്ന് അവധി നൽകി.
രാത്രി വൈകിയും കുരങ്ങുകൾ തിരികെ കൂട്ടിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൃഗശാല അധികൃതർ. എന്നാൽ കൂടിന് സമീപത്തെ കൂറ്റൻ മരങ്ങളിൽ ഒന്നിൽ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ് മൂന്ന് ഹനുമാൻ കുരങ്ങുകളും. മൃഗശാല അങ്കണത്തിൽ നിന്ന് പുറത്തു പോകുന്നില്ലെന്ന് ഉറപ്പാക്കാൻ രാത്രി മുഴുവൻ കുരങ്ങുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പാക്കിയിരുന്നു. ഇവരെ കൂട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിൻ്റെ ഭാഗമായി സന്ദർശകരെ വിലക്കിയിട്ടുണ്ട്.
മൃഗശാലയിൽ നിന്ന് പുറത്തു പോകാത്തതിനാൽ കൂട്ടിലേക്ക് കുരങ്ങുകൾ സ്വയമേവ മടങ്ങിയെത്തുന്നതിന് കാത്തിരിക്കുകയാണ് ചെയ്യാനുള്ളത്. കൂട്ടിൽ ആൺ കുരങ്ങ് ഉണ്ട് എന്നതിനാൽ ഇവർ തിരിച്ച് വരും എന്ന് അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് താഴേക്ക് ഇറങ്ങിയ കുരങ്ങ് മനുഷ്യരെ കണ്ടതോടെ തിരിച്ചു കയറിപ്പോയിരുന്നു.
Adjust Story Font
16