Quantcast

'തനിക്ക് ശേഷം തൻ്റെ ഭാര്യ എന്ന നിലപാടാണ് എം.വി ​ഗോവിന്ദന്': പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ ആസൂത്രിത നീക്കം നടന്നതായി ടി.കെ ഗോവിന്ദൻ

സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ടി.കെ ഗോവിന്ദൻ

MediaOne Logo

Web Desk

  • Updated:

    2026-03-16 13:25:47.0

Published:

16 March 2026 6:12 PM IST

തനിക്ക് ശേഷം തൻ്റെ ഭാര്യ എന്ന നിലപാടാണ് എം.വി ​ഗോവിന്ദന്: പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ ആസൂത്രിത നീക്കം നടന്നതായി ടി.കെ ഗോവിന്ദൻ
X

കണ്ണൂർ: എം. വി ​ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം​ഗം ടി.കെ ഗോവിന്ദൻ. തനിക്ക് ശേഷം തൻ്റെ ഭാര്യ എന്ന നിലപാടാണ് എം.വി ​ഗോവിന്ദന്. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിത നീക്കം നടന്നതായും ടി.കെ ഗോവിന്ദൻ. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്നും യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. കെ ശൈലജ നിയമസഭയിൽ വേണമെങ്കിൽ ജയിക്കുന്ന സീറ്റിൽ അല്ലെ മത്സരിപ്പിക്കേണ്ടതെന്നും ടീച്ചറെ നാടുകടത്തുകയും തൻ്റെ ഭാര്യ മത്സരിക്കണമെന്ന് എം.വി ​ഗോവിന്ദൻ ചോദിക്കുന്നതിലെ നീതി എന്താണെന്നും അദ്ദേഹം ചോദിച്ചു.

'കണ്ണൂരിൽ തളിപ്പറമ്പിൽ സ്ത്രീയെ സ്ഥാനാർഥി ആക്കണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഇവിടെ ശ്യാമളയെ മത്സരിപ്പിക്കാനും നിർദേശിച്ചു. ശ്യാമളയെ സ്ഥാനാർഥി ആക്കാൻ ആസൂത്രിത നീക്കം നടന്നു. ജില്ലാ സെക്രട്ടേറിയേറ്റ് ഒറ്റപ്പേരാണ് തളിപ്പറമ്പിലും പയ്യന്നൂരിലും നൽകിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതല എം. വി ജയരാജനും പി.ജയരാജനും നൽകി. എം.വി. ഗോവിന്ദനോട് ശ്യാമളയുടെ സ്ഥാനാർഥിത്വത്തിലെ എതിർപ്പ് തുറന്നു പറഞ്ഞു. ഈ രീതി ശരിയല്ലെന്ന് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളി ആകില്ലെന്ന് എം.വി ഗോവിന്ദനെ നേരിട്ട് അറിയിച്ചു.

ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനം ഉയർന്നു. മൂന്ന് പേർ ഒഴികെ മണ്ഡലം കമ്മിറ്റിയിൽ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തി. എം.വി ഗോവിന്ദനെ ഇരുത്തിക്കൊണ്ടായിരുന്നു വിമർശനം. വിമർശനം അംഗീകരിക്കാതെ പാർട്ടി മുന്നോട്ട് പോയി. ഒരു പുന:പരിശോധനയും നടത്തിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകേണ്ട ധാർമികത കാണിക്കാത്തത് പാർട്ടിയെ തകർക്കും. മൂന്നു ടേം എംഎൽഎയായ എം.വി ​ഗോവിന്ദൻ നാലമത്തെ ടേം എൻ്റെ ഭാര്യയ്ക്ക് കൊടുക്കണം എന്നു പറഞ്ഞു. ഇതിനെ ഞാൻ എതിർക്കുകയും പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. സ്വയം ആലോചിച്ചപ്പോൾ, ഈ അനീതിയെ എതിർത്തില്ലെങ്കിൽ പാർട്ടി ഇല്ലാതാകും എന്ന് ഞാൻ ഉറപ്പിച്ചു' എന്നും ​ടി.കെ ഗോവിന്ദൻ

എം.വി ഗോവിന്ദൻ ഫണ്ട് വിനിയോഗത്തിൽ നടത്തിയ പോരായ്മകളെയും അദ്ദേഹം കുറ്റപ്പെടുത്തി. 'എം.വി ഗോവിന്ദൻ എംഎൽഎ ആയപ്പോൾ ഫണ്ട് വിനിയോഗം അസംബ്ലി പാർട്ടി കമ്മറ്റിയെ അറിയിക്കാതെ ആയി. ഫണ്ട് ഓഡിറ്റ് ചെയ്യാതെയായി. ഹാപ്പിനെസ് ഫെസ്റ്റിവൽ നടത്തിപ്പിൽ സ്വന്തക്കാരെ ചേർത്ത് സംഘടിപ്പിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം നടപ്പാക്കുകയാണ് എം.വി. ഗോവിന്ദൻ' ഗോവിന്ദൻ കൂട്ടിചേർത്തു.

'ആന്തൂരിലെ സാജൻ്റെ ആത്മഹത്യക്ക് കാരണം ശ്യാമളയാണെന്ന പ്രചാരണം നടന്നു. വലിയ ജനരോഷം ഉയർന്നു. അന്ന് പൊതുയോഗത്തിൽ, പരിശോധിച്ച് നടപടി ഉണ്ടാകുമെന്ന് അന്നത്തെ ജില്ലാ സെക്രട്ടറി പി. ജയരാജൻ പറഞ്ഞു. അതോടെ എം.വി. ഗോവിന്ദന് ജയരാജനോട് ശത്രുതയുണ്ടായി. ജനംവികാരം തണുപ്പിക്കാനായിരുന്നു പാർട്ടി ശ്രമം. ശ്യാമള കുറ്റക്കാരി അല്ലെന്ന് പൊലീസ് കണ്ടെത്തിയതിൻ്റെ കാര്യങ്ങൾ ഞാൻ പറയുന്നില്ല. അന്വേഷിച്ച് നടപടി ഉണ്ടാകുമെന്ന് പറഞ്ഞവർക്കെതിരെ നടപടി ഉണ്ടായതായി. സാജൻ പാറയിലിൻ്റെയും എഡിഎമ്മിൻ്റെയും മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നിലപാടിൽ ഇരട്ടത്താപ്പ് ഉണ്ടെ'ന്നും ടി.കെ ​ഗോവിന്ദൻ

'ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി രൂപീകരിച്ച ഘട്ടത്തിൽ ഞാൻ ആയിരുന്നു ആദ്യ സെക്രട്ടറി. 20 വർഷക്കാലം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി ആയിരുന്നു. മയ്യിൽ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. 25 വർഷക്കാലം ഏരിയാ സെക്രട്ടറി ആയിരുന്നു. കടുത്ത തീരുമാനം എടുക്കാൻ കാരണം ഇതുവരെ കാണാത്ത പ്രവണതകൾ കണ്ടതിനാലാണ്. അതിനെ ശക്തമായി എതിർത്തിരുന്നു. ദോഷവും ഗുണവും നോക്കി നിലപാട് എടുത്തിട്ടില്ല. പാർട്ടിയുടെ ഒരു സംഘടനാ രീതിക്കും ചേരാത്ത നടപടി ഇത്തവണ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായി

ടി.ഐ മധുസൂദനനെ സ്ഥാനാർഥിയാക്കുന്നതിലും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് ടി.ഐ മധുസൂദനൻ എന്തെങ്കിലും ചെയ്തിട്ടല്ലെന്നും ടി.കെ ഗോവിന്ദൻ. 'കാര്യങ്ങൾ ജനങ്ങളെ കൃത്യമായി ബോധിപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് അഭിപ്രായമുയർന്നത്. ടി.ഐ മധുസൂദനനെതിരായ കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങളെയാണ് ജനം വിശ്വസിക്കുന്നത്. പാർട്ടി പറഞ്ഞ കാര്യം ജനങ്ങൾ വിശ്വസിക്കുന്നില്ലെ'ന്നും അദ്ദേഹം പറഞ്ഞു. എം. വി ഗോവിന്ദൻ്റെ പ്രസംഗ ശൈലിയെയും അദ്ദേഹം വിമർശിച്ചു. സഖാക്കള്‍ സഹിക്കും ജനം സഹിക്കില്ലയെന്ന് എം.വി ഗോവിന്ദനോട് പറഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു.

TAGS :

Next Story