ശ്യാമ സുന്ദര കേര കേദാര ഭൂമീ...മലയാള നാടിന് ഇന്ന് പിറന്നാൾ
അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്

കോഴിക്കോട്: മലയാള നാടിന് ഇന്ന് പിറന്നാൾ. 69ാം പിറന്നാളാഘോഷിക്കുകയാണ് കേരളം. അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്.
രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട് ഒരു ജനത ഒന്നായി തീർന്ന നാട്.
നമുക്ക് മുന്നിൽ നന്മക്കായി വാതിൽ തുറന്ന് തന്ന മുന്നിൽ നിന്ന് നയിച്ച ഒരുപാട് മഹാന്മാരുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വത്തിനെതിരെ പോരാടിയവർ, അന്ധവിശ്വാസത്തിനും സമത്വത്തിനും മതജാതി ഭേദങ്ങളില്ലാതെ അക്ഷരം പഠിക്കാനും വഴി നടക്കാനും സാമൂഹിക ഉന്നമനത്തിനും മുന്നിൽ നിന്നവർ. അവരെ ഓർക്കാതെ ഈ ദിനം കടന്ന് പോകില്ല.
1957ലാണ് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിൽ വരുന്നത്. രാജ്യത്ത് എക്കാലവും മുന്നിലാണ് നമ്മൾ. പൊതുജനാരോഗ്യ, വിദ്യാഭ്യാസ, വികസന മേഖലകളിൽ മുന്നോട്ട് കുതിക്കുന്ന നാട്. കാലാവസ്ഥ മാറ്റം സൃഷ്ടിച്ച വലിയ പ്രതിസന്ധികളെ പല കുറി അതിജീവിച്ചു നമ്മൾ. ഏതൊരു ദുരന്തമുഖത്തും ഒന്നാണ് നമ്മളെന്ന് ഊട്ടിയുറപ്പിക്കുന്ന ജനങ്ങളുടെ നാട്. ഈ പിറന്നാൾ ദിനം ഒന്നിച്ചാഘോഷിക്കാം. മലയാള മണ്ണിന് പിറന്നാളാശംസകൾ
Adjust Story Font
16

