Quantcast

ആളിക്കത്തി സ്വര്‍ണവില; പവന് 70,000ത്തിനരികെ, സാധാരണക്കാരന്‍റെ കീശ കീറും

ഇന്നലെ ഒറ്റയടിക്ക് 270 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്

MediaOne Logo

Web Desk

  • Published:

    11 April 2025 11:12 AM IST

gold jewellery
X

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്.ഒരുഗ്രാം സ്വര്‍ണത്തിന് 8745 രൂപയും പവന് 69,960 രൂപയാണ് ഇന്നത്തെ വില. ഡോളറിന്റെ ഇടിവും യു.എസ് ചൈന വ്യാപാരയുദ്ധം രൂക്ഷമാവുകയും ചെയ്തതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ് തകര്‍ത്ത് കുതിക്കുകയാണ്. ഇന്നലെ ഒറ്റയടിക്ക് 270 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. പവന് 2,160 രൂപയും വര്‍ധിച്ചിരുന്നു.

ഇന്ന് ഒരു പവന് 69,960 രൂപയാണ്. പണിക്കൂലിയും നികുതിയുമൊക്കെ കൂട്ടിനോക്കിയാൽ ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കിൽ 75,000 രൂപ കൊടുക്കേണ്ടി വരും. ആഭണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും. സ്വര്‍ണം ഇങ്ങനെ കത്തിക്കയറുമ്പോൾ നെഞ്ചിടിപ്പേറുന്നത് സാധാരണക്കാരുടെയാണ്. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ ഒരു പവൻ പോയിട്ട് ഒരു ഗ്രാം സ്വര്‍ണം പോലും വാങ്ങാനാവാത്ത സാഹചര്യമാണ്. വിവാഹാഘോഷങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ് ഇന്നത്തെ സ്വര്‍ണ വില.സീസൺ ആയതിനാൽ വില കൂടുന്നതിൽ വ്യാപാരികളും ആശങ്കയിലാണ്.

രാജ്യാന്തര സ്വര്‍ണവിലയും വര്‍ധിക്കുകയാണ്. സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,215.74 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലക്കയറ്റം ആഭ്യന്തര വിപണിയെയും ശക്തിയാർജ്ജിച്ചു. മാത്രമല്ല ശ്രദ്ധേയമായ കാര്യമെന്തെന്നാൽ രാജ്യാന്തരവില ഔൺസിന് 3,200 ഡോളർ‌ ഭേദിച്ചു. ഇത് ചരിത്രത്തിലാദ്യമാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത ഉയർന്നതും കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതും 2025 ൽ സ്വർണ വില 400 ഡോളറിലധികം ഉയർന്ന് ഏപ്രിൽ 3 ന് 3,167.57 ഡോളറിലെത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

എങ്ങനെയാണ് ഇന്ത്യന്‍ സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നത്?

ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമാണ് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും. ചരിത്രത്തിലുടനീളം സമ്പന്നതയുടെ പ്രതീകമായിട്ടാണ് ഈ മഞ്ഞലോഹത്തെ കണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണം ഉപയോഗിക്കുന്നതില്‍ 25 ശതമാനം ഇന്ത്യയിലാണ്. ഈ ആവശ്യം തീർച്ചയായും ഇന്നത്തെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. പ്രതിശീർഷ വരുമാനത്തോടൊപ്പം സ്വർണ വിലയും ഡിമാൻഡ് പോലെ തന്നെ സ്വർണ വിപണിയിലും സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, സ്വർണത്തിന്‍റെ ഡിമാൻഡ് മാത്രമല്ല അതിന്‍റെ വിലയെ ബാധിക്കുന്ന ഘടകം. മറ്റു പല കാരണങ്ങളുമുണ്ട്.

സ്വർണത്തെ തരംതിരിക്കുന്നതിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതിയാണ് കാരറ്റ് സമ്പ്രദായം. സ്വർണത്തിന്‍റെ പരിശുദ്ധി അളക്കുന്നത് കാരറ്റിലാണ്, കാരറ്റിന്‍റെ മൂല്യം കൂടുന്തോറും സ്വർണത്തിന് വില കൂടും. സ്ഥിരമായ വിലയില്‍ നിന്നും സ്വര്‍ണവില ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. ഉദാഹരണത്തിന്, ഒരു നിശ്ചിത പരിശുദ്ധിയുള്ള സ്വർണത്തിന്‍റെ ഇന്നത്തെ വില പോലെ ആയിരിക്കില്ല നാളത്തേത്. 24 കാരറ്റ് അല്ലെങ്കിൽ 999 സ്വർണമാണ് ഇന്നത്തെ വിപണിയിൽ ഇപ്പോഴും ഏറ്റവും ആവശ്യമുള്ള ഗ്രേഡ്. അങ്ങനെ, 24k സ്വർണ വില എപ്പോഴും മുകളിൽ തന്നെ തുടരും. 916 സ്വർണം 999 സ്വർണത്തിന് ശേഷമുള്ള രണ്ടാമത്തെ ശുദ്ധമായ ഇനമാണ്. കമ്മലുകൾ, വളകൾ, നെക്ലേസുകൾ, മംഗല്യസൂത്ര തുടങ്ങിയ സൂക്ഷ്മമായ ആഭരണങ്ങൾക്ക് ഇത് അനുയോജ്യമാണ്. സ്വർണവില നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു ഘടകം വിലയേറിയ ലോഹത്തിന്‍റെ ഭാരമാണ്.വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായിട്ടാണ് ആളുകള്‍ സ്വര്‍ണവിലയെ കാണുന്നത്.

TAGS :

Next Story