'ജയിലില്‍ കിടന്നപ്പോള്‍ കുറേ രോഗങ്ങള്‍ ഉണ്ടായിരുന്നല്ലോ, ഇപ്പോള്‍ അതൊന്നുമില്ലേ?' ടോമിന്‍ തച്ചങ്കരിയെ പരിഹസിച്ച് ഹൈക്കോടതി
കോടതിയിലുള്ളവര്‍ക്ക് ബുദ്ധിയുണ്ടെന്നും ജഡ്ജി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയെ പരിഹസിച്ച് ഹൈക്കോടതി. ജയിലില്‍ കിടന്നപ്പോള്‍ ഒരുപാട് രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ രോഗമൊന്നുമില്ലേയെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചു. ശിക്ഷിക്കപ്പെട്ടപ്പോള്‍ തച്ചങ്കരി ചികിത്സയില്‍ ആയിരുന്നല്ലോ? പിന്നെ എങ്ങനെ വിദേശത്ത് പോകുമെന്നും ജഡ്ജി ചോദ്യമുയര്‍ത്തി.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളയാള്‍ക്ക് വിദേശത്ത് ജോലിക്ക് പോകാനുള്ള ശീരീരിക ക്ഷമത ഉണ്ടാകില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സൗദി അറേബ്യയിലോ അമേരിക്കയിലോ പോകണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കോടതിയിലുള്ളവര്‍ക്ക് ബുദ്ധിയുണ്ടെന്നും ജഡ്ജി പറഞ്ഞു. ടോമിന്‍ തച്ചങ്കരിയുടെ ജയിലിലെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് തച്ചങ്കരി കോടതിയെ സമീപിച്ചത്. വിദേശയാത്രയ്ക്കുള്ള അനുമതിയാണ് തച്ചങ്കരി തേടിയത്. ഒക്ടോബര്‍ 26-ന് ഷാര്‍ജയിലേക്ക് ജോലി സംബന്ധമായി പോകാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തച്ചങ്കരിയുടെ ഹരജി.
ഷാര്‍ജയിലെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ ഓപറേറ്റിങ് മാനേജരായി ജോലിയുണ്ടെന്നും ഉടന്‍ പോയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജയിലില്‍ നിന്ന് ഇപ്പോള്‍ ഇറങ്ങിയതല്ലേയെന്നും കുറച്ച് കഴിയട്ടെയും ഹരജി പരിഗണിക്കുന്നതിനിടെ കോടതി അന്ന് വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. നിലവിൽ, നാല് വര്‍ഷം തടവിനും 30,84,892 രൂപ പിഴയടക്കാനുമുള്ള കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചതിനാല്‍ തച്ചങ്കരി ഉപാധികളോടെ ജാമ്യത്തിലാണ്.
2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസ്. അന്വേഷണത്തില്‍ ഏകദേശം 64.70 ലക്ഷം രൂപയുടെ സ്വത്ത് തച്ചങ്കരിയുടെ അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ അധികമാണെന്നും ഇത് അറിയപ്പെടുന്ന വരുമാനത്തിന്റെ 135 ശതമാനത്തിലധികം വരുമെന്നും വിജിലന്‍സ് കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു.
അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ആരോപിക്കുകയുണ്ടായി. തച്ചങ്കരിയുടെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടര്‍ന്ന് 2013ലാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് ആദ്യം തൃശൂര്‍ വിജിലന്‍സ് കോടതിയിലും പിന്നീട് മൂവാറ്റുപുഴയിലുമായിരുന്നു പരിഗണിച്ചിരുന്നത്. തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് കോടതിയിലേക്ക് മാറ്റുന്നത്.
Adjust Story Font
16

