Quantcast

കുടകിൽ വീണ്ടും ആദിവാസി മരണം; മരിച്ചത് വയനാട് സ്വദേശി സന്തോഷ്; കൊന്നതെന്ന് കുടുംബം

നന്നായി നീന്തലറിയാവുന്ന സന്തോഷ് മുങ്ങിമരിക്കില്ലെന്നും വെള്ളത്തിൽ മുങ്ങിമരിച്ചത് പോലെയായിരുന്നില്ല മൃതദേഹമുണ്ടായിരുന്നതെന്നും കുടുംബം

MediaOne Logo

Web Desk

  • Updated:

    2023-08-11 02:32:19.0

Published:

11 Aug 2023 2:30 AM GMT

Tribal death again in Kotak; Santhosh, a native of Wayanad, died; The family said he was killed
X

കർണാടക കുടകിലെ തോട്ടത്തിൽ വീണ്ടും ആദിവാസി മരണം. വയനാട്ടിൽ നിന്ന് ജോലിക്ക് പോയ ആദിവാസി യുവാവ് വെള്ളമുണ്ട കൊയ്ത്തുപാറ കോളനിയിലെ സന്തോഷാണ് മരിച്ചത്. സന്തോഷ് കുളത്തിൽ വീണു മരിച്ചെന്ന് കുടുംബത്തെ ജൂലൈ 17നാണ് അറിയിച്ചത്. എന്നാൽ സന്തോഷിനെ ആരോ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. നന്നായി നീന്തലറിയാവുന്ന സന്തോഷ് മുങ്ങിമരിക്കില്ലെന്നും വെള്ളത്തിൽ മുങ്ങിമരിച്ചത് പോലെയായിരുന്നില്ല മൃതദേഹമുണ്ടായിരുന്നതെന്നും അവർ പറഞ്ഞു.

നേരത്തെ പുൽപ്പളളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ മരണത്തിലും വെളളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റെ മരണത്തിലും സംശയം പ്രകടിപ്പിച്ച് കുടുംബങ്ങൾ രംഗത്ത് വന്നിരുന്നു. ശേഖരന്റെ മൃതദേഹത്തിൽ ആഴത്തിലുളള മുറിവുകളുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആന്തരികാവയവങ്ങൾ നീക്കം ചെയ്തിരുന്നതായും സംശയമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.

പരമ്പരാഗതമായി കുടകിലെ തോട്ടങ്ങളിൽ ജോലിക്ക് പോകുന്നവരായിരുന്നു ശേഖരനും കുടുംബവും. ഒടുവിലെ യാത്രയിൽ ശേഖരന്റെ ജീവനറ്റ ശരീരമാണ് പാളക്കൊല്ലി കോളനിയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ മാസം ആദ്യമായിരുന്നു കുടകിലേക്കുളള ശേഖരന്റെ അവസാന യാത്ര. നാട്ടുകാരനായ ഒരാളാണ് ശേഖരനെ ഇത്തവണ കുടകിലേക്ക് ജോലിക്ക് കൂട്ടിയത്. രണ്ടാഴ്ചക്ക് ശേഷം ശേഖരന്റെ സഹോദരൻ ബാബുവിന്റെ ഫോണിലേക്ക് കുടകിൽ നിന്നും ഒരു വിളിയെത്തി. ശേഖരൻ അസുഖ ബാധിതനായി ഗുരുതരാവസ്ഥയിലെന്നായിരുന്നു വിവരം. കുടകിലെത്തിയ ബാബു കണ്ടത് തോട്ടത്തിലെ താത്കാലിക ഷെഡിൽ ബോധരഹിതനായി കിടക്കുന്ന സഹോദരനെ. സറഗൂൽ വിവേകാനന്ദ മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഖരൻ ജൂൺ 20ന് മരിച്ചു.

ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൃതദേഹത്തിലെ ആഴത്തിലുളള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽ പെട്ടത്. വയറിന്റെ ഒരു ഭാഗം നെടുകെ പിളർന്ന നിലയിലായിരുന്നു മൃതദേഹം. ശേഖരനെ ആശുപത്രിയിലെത്തിച്ചത് സഹോദരനാണ്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഖരനെ പലവട്ടം ബന്ധുക്കൾ സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാതിരുന്ന മുറിവെങ്ങനെ മൃതദേഹത്തിലുണ്ടായി എന്നതിലാണ് സംശയമെന്ന് ബന്ധുക്കൾ പറഞ്ഞു.

ആന്തരികാവയവങ്ങൾ നീക്കം ചെയ്ത നിലയിലായിരുന്നോ മൃതദേഹമെന്ന് പൊതുപ്രവർത്തകർ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാൻ പുറത്തുനിന്നുളള ചിലർ ഇടപെടൽ നടത്തിയതും ദുരൂഹതയുടെ ആക്കം കൂട്ടുന്നു. മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി പ്രവർത്തകർ വയനാട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

വെളളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്റെ മരണം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് കുടകിലെ ഉതുക്കേരിയിൽ, വെളളത്തിൽ വീണ് ശ്രീധരൻ മരിച്ചെന്നായിരുന്നു പൊലീസ് അറിയിച്ചത്. ബന്ധുക്കൾ എത്തുംമുമ്പ് മൃതദേഹം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ബന്ധുക്കൾക്ക് ലഭിച്ചത് ശ്രീധരന്റെ വസ്ത്രങ്ങളും മരിച്ച് കിടക്കുന്ന ചിത്രവും മാത്രമായിരുന്നു.

ജനുവരി ആദ്യവാരമായിരുന്നു കുടകിലെ ഇഞ്ചി തോട്ടത്തിൽ ശ്രീധരൻ ജോലിക്ക് പോയത്. ശ്രീധരനെ വീട്ടിലേക്ക് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ വെളളമുണ്ട പൊലീസിൽ ഏപ്രിൽ 18ന് പരാതി നൽകി. ഇതിനുപിന്നാലെ ശ്രീധരന്റെ സഹോദരൻ അനിലുമായി വെളളമുണ്ട പൊലീസ് ഗോണിക്കുപ്പയിലെത്തിയപ്പോഴാണ് ഫെബ്രുവരി 17 ന് ഉതുക്കേരിയിൽ വെളളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ശ്രീധരനാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നും മടിക്കേരിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചെന്നുമാണ് ഗോണിക്കുപ്പ പൊലീസ് പറയുന്നത്. വെളളത്തിൽ മരിച്ച് കിടക്കുന്ന ശ്രീധരന്റെ ചിത്രവും ധരിച്ച വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമായിരുന്നു കുടുംബത്തിന് ലഭിച്ചത്.

ശ്രീധരനെ ആരോ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വെളളത്തിൽ ഉപേക്ഷിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ശ്രീധരന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണവും നിലച്ച മട്ടാണ്. നിയമപോരാട്ടത്തിനുളള പണമോ സ്വാധീനമോ ഇല്ലാത്ത കുടുംബം നിസഹായരായി നീതിക്ക് വേണ്ടിയുളള കാത്തിരിപ്പ് തുടരുകയാണ്.

Tribal death again in Kodagu; Santhosh, a native of Wayanad, died; The family said he was killed

TAGS :

Next Story