പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും
എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സംഭവത്തിൽ എല്ലാ വശവും പരിശോധിക്കും. കാട്ടാന ആക്രമണമല്ലെന്ന കോട്ടയം ഡിഎഫ്ഒയുടെ പരാമർശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു.
കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി.
വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ സീതയെ കാട്ടാന ആക്രമിച്ചെന്നാണ് ഭർത്താവായ ബിനു പറഞ്ഞത്. ബിനുവും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. എന്നാൽ സീതയുടെ മരണം കൊലപാതകമാണെന്നാണ് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാൽ സ്ത്രീയുടെ മരണം കാട്ടാന ആക്രമണം മൂലമെന്നാവർത്തിച്ച് ഭർത്താവ് ബിനു. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം ചെയ്‌ത ഡോക്ടർക്ക് ഇതിൽ പങ്കുണ്ടെന്നും ബിനു ആരോപിച്ചിരുന്നു.
Adjust Story Font
16

