Quantcast

വയനാട് കലക്ടർ രേണു രാജിന്റെ ചേംബറിൽ നിന്നിറങ്ങുമ്പോൾ ‘ചെള്ളക്ക് അടികിട്ടി പുറത്തേക്ക് ഇറങ്ങുന്ന അവസ്ഥയായിരുന്നു’ - ആദിവാസി പ്രവർത്തകൻ മണിക്കുട്ടൻ പണിയൻ

‘കലക്ടർക്ക് ഒരു ഉത്തരവാദിത്തം ഉണ്ട്. അവർ ​പ്രശ്നം ഒന്നും തീർക്കണ്ട. ഞങ്ങളുടെ പ്രശ്നം തീരൂലാ എന്ന് നമുക്ക് അറിയാം. പക്ഷെ അവർക്ക് ഒരു സാമാന്യബോധം വേണം. പരാതിയുമായെത്തിയ ഞങ്ങളുടെ മു​ഖത്തേക്ക് പോലും നോക്കാൻ അവർ തയാറായില്ല’

MediaOne Logo

Anas Aseen

  • Updated:

    2024-01-24 10:34:39.0

Published:

24 Jan 2024 10:27 AM GMT

വയനാട് കലക്ടർ രേണു രാജിന്റെ ചേംബറിൽ നിന്നിറങ്ങുമ്പോൾ ‘ചെള്ളക്ക് അടികിട്ടി പുറത്തേക്ക് ഇറങ്ങുന്ന അവസ്ഥയായിരുന്നു’ - ആദിവാസി പ്രവർത്തകൻ മണിക്കുട്ടൻ പണിയൻ
X

വയനാട്ടിലെ ആദിവാസി ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് തുടങ്ങിയ എൻ ഊര്​ ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ സി.ഇ.ഒ പോസ്റ്റിലേക്ക് ജില്ലാ ഭരണകൂടം അപേക്ഷ ക്ഷണിക്കുകയും തുടർന്ന് ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. എന്നാൽ വയനാട് കാരായ ആദിവാസികളെ തഴഞ്ഞതിനെ തുടർന്ന് റാങ്ക് ലിസ്റ്റ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർ രേണു രാജിനെ കാണാൻ പോയ മണിക്കുട്ടൻ പണിയനെയും അമ്മിണിയെയും അപമാനിച്ചിറക്കി വിട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പണിയർ വിഭാഗത്തിലെ ആദ്യ എം.ബി.എക്കാരനും ആദിവാസി പ്രവർത്തകനുമായ മണിക്കുട്ടൻ പണിയൻ (സി.മണികണ്ഠൻ). മണിക്കുട്ടൻ മീഡിയവൺ ഓൺലൈനിനോട് സംസാരിക്കുന്നു.

വയനാട് ജില്ലാ കലക്ടർ രേണു രാജിനെ കാണാൻ പോകാനുള്ള സാഹചര്യം ​?

വയനാട്ടിലെ ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി തുടങ്ങിയ വയനാട്, എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിലുള്ള എൻ ഊര്​ ഗോത്ര പൈതൃക ഗ്രാമം പദ്ധതിയുടെ സി.ഇ.ഒ പോസ്റ്റിലേക്ക് ജനുവരി നാലിന് ഇന്റർവ്യൂ നടന്നിരുന്നു. 2011 മുതൽ 2023 ഏപ്രിൽ 14 വരെ നായർ സമുദായത്തിൽ ഉൾപ്പെട്ട വ്യക്തിയെ ആയിരുന്നു നിയമിച്ചിരുന്നത്. സി.ഇ.ഒ തസ്തികയിലെ സ്ഥിരനിയമനം നീട്ടി കൊണ്ടുപോവുകയും ആദിവാസി അല്ലാത്ത വ്യക്തിയെ സ്ഥിരപ്പെടുത്താൻ നീക്കം തുടങ്ങിയതോടെ, ആദിവാസികളുടെ പ്രതിഷേധം ഉയർന്നു തുടങ്ങിയതോടെയാണ് ഇപ്പോഴുള്ള സി ഇ ഒ നിയമനം നടക്കുന്നത്. പദ്ധതി പ്രകാരം തൊഴിലുകൾ നൽകുന്നത് തദ്ദേശീയരായ ആദിവാസികൾക്ക് മാത്രമായിരിക്കും എന്നും ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം ആദിവാസി ക്ഷേമത്തിന് വേണ്ടി വിനിയോഗിക്കുമെന്നുമായിരുന്നു തീരുമാനം. അങ്ങനെയാണ് സി.ഇ.ഒ തസ്തികയിലേക്ക് ഞാനടക്കമുള്ള വയനാട്ടിലെ ആദിവാസികൾ അപേക്ഷിക്കുന്നത്. എം.ബിഎ /തത്തുല്യം. മൂന്ന് വർഷം പ്രവൃത്തിപരിചയം എന്നതായിരുന്നു യോഗ്യത. ​ 40000-60000 രൂപ ശമ്പള നിരക്കിൽ കരാർ നിയമനമാണ് നിശ്ചയിച്ചിരുന്നത്.

ആ യോഗ്യതയുള്ളവർ വയനാട്ടിൽ നിന്നുള്ള പണിയ, കുറിച്ച്യ, കുറുമ സമുദായങ്ങളിൽ നിന്ന് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നിട്ടും അവരെ പരിഗണിക്കാതെ മറ്റ് ജില്ലകളിൽ നിന്നുള്ളവർക്കാണ് നിയമനം നൽകിയത്. ജില്ലയിലെ ഏറ്റവും പിന്നോക്കക്കാരായ ആദിവാസികളിൽ തന്നെ സി.ഇ.ഒ പോസ്റ്റിൽ നിശ്ചയിച്ചിരുന്ന യോഗ്യതയും എക്സ് പീരിയൻസും ഉണ്ടായിട്ടും അവരെ തഴഞ്ഞത് പുന:പരിശോധിക്കണമെന്ന പരാതിയുമായാണ് ഞങ്ങൾ കലക്ടറെ കാണാൻ പോയത്. കാട്ടുനായ്ക്കൻ അടിയൻ പണിയൻ ഊരാളി-വെട്ടക്കുറുമൻ പട്ടിക വർഗ വെൽ​ഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജനുവരി 11 ന് ആദ്യം പരാതി നൽകിയത്. ഈ പോസ്റ്റിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള എസ്.ടി വിഭാഗത്തിലുള്ളയാളെയാണ് നിയമിച്ചത്. വിവിധ ആദിവാസികളുടെ സംഘടനകളിലുള്ളവരും ആദിവാസികളിൽ തന്നെയുള്ള സാമൂഹികപ്രവർത്തകരും തയാറാക്കിയ പരാതിയുമായിട്ടാണ് വയനാട് ജില്ലാ കലക്ടർ രേണു രാജിനെ കാണാൻ ​ചെല്ലുന്നത്. അതിന് മുമ്പ് നിരവധി തവണ പരാതികൾ ഈ മെയിൽ വഴി നൽകിയിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. അതിനെ തുടർന്നാണ് 18 ന് കലക്ടറെ നേരിൽ കണ്ട് പരാതി നൽകാനും കാര്യങ്ങൾ ബോധിപ്പിക്കാനും തീരുമാനിച്ചത്. രാവിലെ വണ്ടി കയറി ഏഴോളം പേരാണ് കലക്ട്രേ​റ്റിലേക്ക് ചെന്നത്. രണ്ട് പേർക്കെ കലക്ടറെ നേരിൽ കാണാൻ അനുമതിയുള്ളു എന്നറിയിച്ചതിനാൽ എനിക്കും അമ്മിണി ചേച്ചിക്കും മാത്രമാണ് കലക്ടറുടെ ചേംബറിലേക്ക് പോകാൻ അനുമതി ലഭിച്ചത്.

ജില്ലാ കലക്ടറുടെ സമീപനവും പ്രതികരണവും

കലക്​ടറുടെ ചേംബറിൽ കയറിയപ്പോൾ തന്നെ നേരിടേണ്ടി വന്നത് അപമാനവും അവഹേളനവുമാണ്. നിങ്ങളെന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്. എസ്.ടി വിഭാഗത്തിനെതിരായിട്ട് തന്നെയാണല്ലോ നിങ്ങൾ പറയുന്നതെന്നായിരുന്നു പരാതി ജസ്റ്റ് ഒന്ന് വായിച്ച ശേഷം കലക്ടർ ആദ്യം പറഞ്ഞത്. അപ്പോഴും ഞങ്ങൾ അവരുടെ മുന്നിലെ കസേരയിലേക്ക് പൂർണമായും ഇരുന്നിട്ടില്ലായിരുന്നു​ . അവിടെ നിന്നിറങ്ങുന്നത് വരെ ആ ഇരുത്തം അങ്ങനെ തന്നെയായിരുന്നു. പരാതിയിൽ ഉന്നയിക്കുന്ന വിഷയം അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പറയുന്നത് പകുതിയാകുന്നതിന് മുമ്പ് തന്നെ അവർ കൗണ്ടർ ചെയ്യും. അങ്ങനെയല്ല, ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് നമ്മൾക്ക് ഒന്നും പറയാൻ പറ്റാത്ത രീതിയിൽ അവരുടെ പവർ എടുക്കുന്നത് പോലെയാണ് ഫീൽ ചെയ്തത്.

ചെള്ളക്ക് അടികിട്ടി പുറത്തേക്ക് ഇറങ്ങുന്ന അവസ്ഥയായിരുന്നു അവിടെ നിന്ന് ഇറങ്ങു​മ്പോൾ ഞങ്ങൾക്ക് ഉണ്ടായത്. ഇപ്പോഴും ആ അവസ്ഥ തന്നെയാണ്. ആ അവസ്ഥയിൽ തന്നെയാണ് തുടരുന്നത്. നമ്മൾ ഒരു പ്രശ്നം ഉണ്ടാക്കാനോ വയലൻസ് ഉണ്ടാക്കാനോ കയറിയിറങ്ങിയതല്ല അവിടെ. കലക്ടർക്ക് ഒരു ഉത്തരവാദിത്തം ഉണ്ട്. ഇവർ ​പ്രശ്നം ഒന്നും തീർക്കണ്ട. ഞങ്ങളുടെ പ്രശ്നം തീരുല എന്നും നമ്മുക്ക് അറിയാം. പക്ഷെ അവർക്ക് ഒരു സാമാന്യബോധം വേണം. ഒരാൾ ഒരു പരാതിയുമായിട്ട് സമീപിക്കുമ്പോൾ ഞാൻ നോക്കാം, ശ്രമിക്കാം എന്നുള്ള ഒരു വാക്കെങ്കിലും കലക്ടർ പറയേണ്ടിയിരുന്നു. ഞങ്ങളോട് അങ്ങനെയൊന്നുമല്ല പെരുമാറിയത്. വളരെ ധാർഷ്ഠ്യത്തോടെ ആ പരാതിയിൽ എന്തോ എഴുതിയിട്ട് ഉദ്യോഗസ്ഥർക്ക് കൊടുക്കുകയാണ് ചെയ്തത്. ഞങ്ങളോട് പോസിറ്റീവായ ഒരു അപ്രോച്ച് പോലും അവരിൽ നിന്നുണ്ടായില്ല. മു​ഖത്തേക്ക് പോലും നോക്കാൻ അവർ തയാറായില്ല. രണ്ട് ദിവസം മുമ്പ് ഈ വിഷയത്തിൽ ഞങ്ങൾ ഇ മെയിലിൽ പരാതി നൽകിയിരുന്നു. ‘എൻ ഊരിന്റെ’ ചെയർമാനും പ്രസിഡണ്ടും എന്ന് പറയുന്നത് സബ് കലക്ടറാണ്. എല്ലാവർക്കും ഞങ്ങൾ മെയിൽ അയച്ചിരുന്നു. അത് അവർ നേരത്തെ കണ്ടുകാണുകയും ചർച്ചചെയ്തും കാണും. അതുകൊണ്ട് ഈ വിഷയം ഉയർന്ന് വരരുതെന്ന് കണ്ടിട്ടാകും ഞങ്ങളുടെ വായയടപ്പിക്കാൻ ​വേണ്ടിയാകും അങ്ങനെ പെരുമാറിയതെന്നാണ് ഞാൻ മനസിലാക്കുന്നത്.

അവരുടെ പെരുമാറ്റം ഞങ്ങളിൽ അമ്പരപ്പാണുണ്ടാക്കിയത്. കാരണം ഞങ്ങളുടെ തൊട്ടുമുമ്പുള്ളവരോട് കലക്ടർ എങ്ങനെയാണ് പെരുമാറിയതെന്ന് ഞങ്ങൾ കണ്ടതാണ്. ഞങ്ങളോടും അവരോടും കലക്ടർ എങ്ങനെയാണ് പെരുമാറുന്നതെന്ന് ഞങ്ങൾ കംപയർ ചെയ്യാറുണ്ട്. ഇത് ഇപ്പോൾ മാത്രമല്ല, മുമ്പ് രണ്ട് തവണയും രേണു രാജി​നെ കാണാൻ ​പോയപ്പോഴുള്ള അവസ്ഥ ഇതായിരുന്നു. ഒരു പരാതിയിലും തീരുമാനമായിട്ടില്ല എന്നതാണ് വസ്തുത.

അവരോർക്കണം അവരുടെ സിനിമാ സ്റ്റെൽ ഷോ കാണാൻ പോയതല്ല നമ്മൾ. ഊരിൽ വരുക​ ഫോട്ടോ എടുക്കുക വൈറൽ ആവുക എന്നതല്ലല്ലോ ഒരു ജില്ലാ കലക്ടറുടെ പണി. ഇതിന് മുമ്പുള്ള കലക്ടർ ഗീതാ മാഡവും ഡാൻസും കളിച്ച് വൈറലായി അവരങ്ങ് പോയി. പല ഊരുകളിലും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. പകൽ സമയങ്ങളിൽ സ്ത്രീകൾക്ക് മലമൂത്ര വിസർജ്ജനം നടത്താനുള്ള സാഹചര്യമില്ലാത്ത ഊരുകൾ പോലുമുണ്ട്. വയനാടിലെ എല്ലാ ഊരുകളുടെയും അവസ്ഥ തുല്യമല്ലെന്ന് ഓർക്കണം.


ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ നിന്ന്

ഇന്റർവ്യൂവിൽ സംഭവിച്ചത്

ആറ് പേരാണ് അപേക്ഷിച്ചത്. അതിൽ രണ്ട് പേർ അയോഗ്യരായിരുന്നു. ബാക്കി നാല് പേരിൽ ഞാനും അതിന് പുറമെ കുറിച്യർ വിഭാഗത്തിലെ ഒരു പെൺകുട്ടിയുമായിരുന്നു വയനാട്ടിൽ നിന്നുണ്ടായിരുന്നത്. ഒരാൾ കോട്ടയത്ത് നിന്നുള്ള ആളായിരുന്നു. കൃസ്ത്യൻ വിഭാഗത്തിൽ നിന്ന് കൺവെർട്ട് ചെയ്ത് മലയ അരയ വിഭാഗത്തിലുള്ള ആളായിരുന്നു. അദ്ദേഹം മലയ അരയവിഭാഗമാണെങ്കിലും മറ്റ് കമ്യൂണിറ്റിയോട് കിടപിടിക്കുന്ന തരത്തിൽ സൗകര്യങ്ങളുള്ളവരാണ്. മലവേടർ വിഭാഗത്തിൽ നിന്നുള്ള പത്തനംതിട്ട സ്വദേശിയാണ് നാലമത്തെയാൾ. അയാളായിരുന്നു ഇന്റർവ്യ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത്. ഞാനായിരുന്നു രണ്ടാം റാങ്കിൽ. മൂന്നാം റാങ്കിൽ വയനാട്ടിൽ നിന്നുള്ള കുറിച്യർ കമ്യൂണിറ്റിയിലുള്ള കുട്ടിയുമായിരുന്നു.

തദ്ദേശീയരായിട്ടുള്ളവർക്കാണ് ആ പ്രോജക്ടിൽ നിയമനം കിട്ടേണ്ടത്. കാരണം അത് ഞങ്ങളുടെ ഭൂമിയാണ്. നിലവിൽ അവിടെയുള്ള പ്ലംബർ മുതൽ അസിസ്റ്റന്റ് മാനേജർ വരെയുള്ളവർ വയനാട്ടുകാർ തന്നെയാണ്. സി.ഇ.​ഒ പോസ്റ്റിലും ഭരണകൂടം നിശ്ചയിച്ച​ യോഗ്യതയുള്ളവർ വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ തന്നെയുള്ളപ്പോൾ പുറത്ത് നിന്ന് ആളെ കൊണ്ട് വരേണ്ട ആവശ്യമില്ല. എം.ബി.എ യും ആറ് വർഷത്തെ എക്സപീരിയൻസും ആണ് എനിക്കുള്ളത്. ഇന്റർവ്യൂവിൽ കൂടുതലും വന്ന ചോദ്യങ്ങൾ വയനാടുമായി ബന്ധപ്പെട്ടതാണ്. അത് ഒരു വയനാടുകാരന് പറയാൻ പറ്റുന്നത് പോലെ പുറത്തുള്ള ആൾക്ക് പറയാൻ പറ്റുമോ എന്നത് ഒരു ചോദ്യമാണ്. ഒന്നാം റാങ്ക് കിട്ടിയ ആൾ എങ്ങനെ പെർഫോമൻസ് ചെയ്തുവെന്ന് എനിക്കറിയില്ല. പക്ഷെ വയനാടുകാർക്ക് മുൻണന കിട്ടേണ്ടതാണ്. എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് സബ് കലക്ടറാണ്. 22 ഊര് മൂപ്പൻമാരിൽ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധിയാണ് അതിന്റെ സെക്രട്ടറി. എന്നിട്ടും ആ ഇന്റർവ്യൂ ബോർഡിൽ സെക്രട്ടറി​യെ ഉൾപ്പെടുത്തിയിട്ടില്ല.

ആദ്യ എം.ബി.എക്കാരൻ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ ഇറിറ്റേഷനാണ്

വയനാട് ആദിവാസി പണിയർ വിഭാഗത്തിലെ ആദ്യ എം.ബി.എക്കാരനാ​ണ് ഞാൻ. അന്ന് അത് കേൾക്കുമ്പോൾ അഭിമാനമായിരുന്നു. എന്നാൽ ഇന്ന് അത് കേൾക്കുമ്പോൾ ഇറിറ്റേഷനാണ്. 2013 ലാണ് ഞാൻ എം.ബി.എ പൂർത്തിയാക്കിയത്. ഇപ്പോഴും ഒരു തൊഴിലിലേക്ക് എത്താൻ പറ്റിയിട്ടില്ല. അതിലേക്ക് എത്തിച്ചിട്ടുമില്ല. നമ്മുക്ക് ഒരു തലത്തിലുള്ള ഇടപെടൽ നടത്താനോ റെക്കമെന്റേഷൻ നടത്താനോ ആരുമില്ല. സ്കൂൾ പോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ അച്ഛനും അമ്മയും. ചേച്ചിമാരാണെങ്കിൽ എട്ടാം ക്ലാസ് വരെയാണ് പഠിച്ചിട്ടുള്ളത്. മൂന്ന് കിലോമീറ്റർ ദൂരം ഉണ്ട് സ്കൂളിലേക്ക്. അക്കാലത്ത് എന്റെ ഊരിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രിയൊന്നും പഠിച്ചവർ ആരുമില്ല. അങ്ങനത്തെ ഒരു സാഹചര്യത്തിൽ നിന്നാണ് പഠിക്കാൻ പോകുന്നത്. മഹാളി അടയ്ക്ക (കേടായ അടയ്ക്ക) പെറുക്കി വിറ്റിട്ടിട്ടാണ് അമ്മ എനിക്ക് എം.ബി.എ ക്ലാസിലിരിക്കാനുള്ള കോട്ട് വാങ്ങിച്ച് തരുന്നത്. എല്ലാ വിദ്യാഭ്യാസ ആനുകാല്യങ്ങളും ഉണ്ടെന്ന് പറഞ്ഞാലും ഇത്തരം വലിയ കോഴ്സുകൾക്കൊന്നും വലിയ ഗ്രാന്റ് ലഭിക്കാറില്ല. ആദിവാസി ഊരുകളിൽ കാണുന്ന എല്ലാ സാഹചര്യങ്ങളോടും പടവെട്ടിയാണ് ഞങ്ങൾ പഠിച്ച് കയറിവരുന്നത്.

ജില്ലാ കലക്ടർക്ക് പരാതി നൽകാനെത്തിയ ആദിവാസി പ്രവർത്തകർ. ഇവരിൽ രണ്ട് പേർക്ക് മാത്രമാണ് ​കലക്ടറുടെ ചേംബറിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചത്

പദ്ധതികളിലെ ആദിവാസികളുടെ അവസ്ഥ

എൻ ഊര് പദ്ധതിയിലും പ്രിയദർശിനി ട്രാൻസ്​പോർട്ട് പദ്ധതിയുടെയുമൊക്കെ തലപ്പത്ത് കലക്ടറും സബ്കലകട്റുമടങ്ങുന്ന ഉദ്യോഗസ്ഥരാണ്. ഇതിന്റെയൊക്കെ നടത്തിപ്പ് ആദിവാസികൾക്കാണെന്ന് പറഞ്ഞാലും അവർക്ക് യാതൊരു അധികാരവുമില്ല. അവരൊക്കെ ഡമ്മികളാണ്. അതുകൊണ്ട് തന്നെ ഈ പ്രോജക്ടുകളൊക്കെയും പരാജയമാണ്. എന്നാൽ ട്രൈബ്സ് നടത്തിയാൽ പൊളിയുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ, എന്നാൽ ഈ പദ്ധതികളുടെ തലപ്പത്തൊക്കെ ഉദ്യോഗസ്ഥരാണെന്നതാണ് വസ്തുത. ആദിവാസികൾക്ക് തീരുമാനം എടുക്കാനുള്ള ഒരു സാഹചര്യവും ഈ പദ്ധതികളൊന്നുമില്ല. പത്ത് പതിനഞ്ച് ബസുകൾ ഓടിയിരുന്നയിടത്ത് ഒന്നോ രണ്ടോ ബസാണ് ഓടുന്നത്. പ്രിയദർശിനി ടി എസ്റ്റേറ്റിലേക്ക് പുനരധിവസിപ്പിച്ച ആദിവാസികളുടെ അവസ്ഥ പുറത്തുള്ള ആദിവാസികളുടെ അവസ്ഥയെക്കാൾ കഷ്ടമാണ്. ബംഗ്ലാവൊക്കെയുണ്ടെങ്കിലും അതിന്റെ നടത്തിപ്പ് അടക്കമുള്ള വലിയ ജോലികളൊക്കെ ജനറൽ കമ്യൂണിറ്റിയിലുള്ളവരാണ് ചെയ്യുന്നത്. തേയില നുള്ളലും ചപ്പ് ​വെട്ടലുമൊക്കെയാണ് അവിടെ ആദിവാസികളുടെ പണി.

(വയനാട് ജില്ലാ കലക്ടറോട് ഇത് സംബന്ധിച്ച് പ്രതികരണം തേടിയെങ്കിലും നിലവിൽ ലഭ്യമായിട്ടില്ല.)


TAGS :

Next Story