Quantcast

സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യഗ്രഹ സമരത്തിനിടെ സംഘർഷമുണ്ടാക്കിയ രണ്ട് പേർ കസ്റ്റഡിയിൽ

മഠം അധികൃതരെ അനുകൂലിക്കുന്ന രണ്ട് പേരാണ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയത്.

MediaOne Logo

Web Desk

  • Published:

    27 Sep 2022 12:07 PM GMT

സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യഗ്രഹ സമരത്തിനിടെ സംഘർഷമുണ്ടാക്കിയ രണ്ട് പേർ കസ്റ്റഡിയിൽ
X

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുര സത്യഗ്രഹ സമരം നടത്തുന്നിടത്ത് സംഘർഷമുണ്ടാക്കിയ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കാരയ്ക്കാമല സ്വദേശികളായ ഷിജിൻ, മനോജ് എന്നിവരാണ് പിടിയിലായത്.

മഠത്തിൽ കയറി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് നടപടി. ഇന്ന് രാവിലെ പത്ത് മുതലാണ് സിസ്റ്റർ ലൂസി കളപ്പുര താൻ താമസിക്കുന്ന വയനാട് മാനന്തവാടി കാരയ്ക്കാമലയിലെ മഠത്തിന് മുന്നിൽ സത്യ​ഗ്രഹം ആരംഭിച്ചത്.

ഇതിൽ പ്രകോപിതരായ രണ്ട് പേരാണ് ഇവിടെയെത്തി പ്രശ്നമുണ്ടാക്കിയത്. മഠം അധികൃതരെ അനുകൂലിക്കുന്ന രണ്ട് പേരാണ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയത്. ഈ സമയം വീഡിയോ പകർത്തിയ സി. ലൂസി കളപ്പുരയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.

നാലു വർഷമായി മഠം അധികൃതരുടെ ഭാ​ഗത്തുനിന്ന് മനുഷ്യത്വ രഹിതമായ നടപടികളാണ് നേരിടേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സി. ലൂസി കളപ്പുര സമരം തുടങ്ങിയത്.

നിരന്തരം അപമാനിക്കുന്നുവെന്നും ഭക്ഷണം നിഷേധിക്കുന്നുവെന്നും ലൂസി പറയുന്നു. അനുകൂല കോടതി വിധിയുണ്ടായിട്ടും ഉപദ്രവം തുടരുന്നു. കുളിമുറിക്കടുത്തും കിടപ്പുമുറിക്കടുത്തും സിസിടിവി ക്യാമറകൾ വച്ചു.

മഠം അധികൃതരോ കന്യാസ്ത്രീകളോ നാലു വർഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും കോടതി വിധി മാനിക്കാതെയാണ് മഠം അധികൃതർ ഉപദ്രവങ്ങൾ തുടരുന്നത് എന്നും സിസ്റ്റർ ലൂസി പറയുന്നു.

TAGS :

Next Story