കാസർകോട്-മംഗളൂരു ദേശീയ പാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ്, മണിയൂർ സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്

കാസർകോട്: നിർമാണത്തിലിരിക്കുന്ന കാസർകോട്-മംഗളൂരു ദേശീയ പാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ്, മണിയൂർ സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്.
മൊഗ്രാൽ പൂത്തൂരിൽ ഉച്ചയോടെയായിരുന്നു അപകടം. തെരുവ് വിളക്ക് സ്ഥാപിക്കാൻ ക്രെയിൻ ഉപയോഗിക്കുകയായിരുന്നു അക്ഷയ്യും അശ്വിനും. ഇരുവരും നിന്നിരുന്ന ക്രെയിനിന്റെ ബോക്സ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ് മരണപ്പെട്ടിരുന്നു. നിലഗുരുതരമായതിനാൽ അശ്വിനെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Adjust Story Font
16

