യു.കെ സലിം വധക്കേസ്; മരണ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്ന് തലശ്ശേരി സഹകരണ ആശുപത്രി
ആശുപത്രി അധികൃതർ കോടതിയിൽ നൽകിയ രേഖ മീഡിയവണിന് ലഭിച്ചു

കണ്ണൂര്‍: തലശ്ശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലിം വധക്കേസിൽ മരണ രജിസ്റ്റർ അടക്കമുള്ള രേഖകൾ നഷ്ടമായതായി തലശ്ശേരി സഹകരണ ആശുപത്രി. മരണ രജിസ്റ്ററും എംഎൽസി രജിസ്റ്ററും നഷ്ടപ്പെട്ട് പോയെന്ന് ആശുപത്രി അധികൃതർ വിചാരണ കോടതിയിൽ സത്യവാങ്മൂലം നൽകി. സിപിഎം നിയന്ത്രണത്തിലുള്ള ഈ സഹകരണ ആശുപത്രിയിലായിരുന്നു സലീമിന്‍റെ മരണം സ്ഥിരീകരിച്ചത്.
2008 ജൂലൈ 23നാണ് സിപിഎം പ്രവർത്തകനായ പുന്നോലിലെ സലീം കൊല്ലപ്പെട്ടത്. ഫസൽ വധക്കേസിൽ നിർണായക വിവരങ്ങൾ അറിയാമായിരുന്ന സലീമിനെ സിപിഎം പ്രവർത്തകർ തന്നെ കൊലപ്പെടുത്തിയതായിരുന്നു പിതാവ് യൂസഫിന്‍റെ ആരോപണം. വെട്ടേറ്റ സലീമിനെ മരണം സ്ഥിരീകരിച്ച ശേഷമാണ് സിപിഎം നിയന്ത്രണത്തിനുള്ള തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചതെന്നും മരണ സർട്ടിഫിക്കറ്റ് അടക്കമുള്ളവർ നൽകാൻ ആശുപത്രി തയ്യാറായില്ലെന്നുമായിരുന്നു പിതാവിന്‍റെ ആരോപണം.
കേസിന്‍റെ വിചാരണക്കിടെ സലീമിന്‍റെ ഡെത്ത് ഇന്‍റിമേഷൻ രജിസ്റ്ററും മെഡിക്കൽ ലീഗൽ കേസ് രജിസ്റ്ററും ഹാജരാക്കാൻ തലശ്ശേരി അഡിഷണൽ ജില്ലാ കോടതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊക്കെ നഷ്ടമായെന്ന വിചിത്രമായൊരു സത്യവാങ്മൂലം ആണ് ആശുപത്രി അധികൃതർ കോടതിയിൽ സമർപ്പിച്ചത്. പത്തുവർഷത്തിന് മുൻപുള്ള രേഖകൾ സൂക്ഷിക്കാറില്ല എന്നും ആശുപത്രിയുടെ വാദം. ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജീവ് നമ്പ്യാരാണ് ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. എന്നാൽ രേഖകൾ എന്തുകൊണ്ട് നശിപ്പിച്ചെന്ന് വിശദമായ സത്യവാങ്മൂലം നൽകാൻ ആശുപത്രി അധികൃതരോട് കോടതി നിർദേശിച്ചു. ഈ മാസം 31 ന് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിട്ടുള്ളത്.
Adjust Story Font
16

