Quantcast

'അപേക്ഷ നൽകാൻ വൈകിയെന്ന് പറഞ്ഞിട്ടില്ല, സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുകയാണ്'; വിവാദത്തിൽ യു. ഷറഫലി

മാനദണ്ഡങ്ങൾ ഫുട്‌ബോൾ താരങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതല്ലാത്തതിനാൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഷറഫലി

MediaOne Logo

Sports Desk

  • Updated:

    2023-08-11 05:43:39.0

Published:

11 Aug 2023 5:39 AM GMT

Sports Council President U. Sharafali reacted to the controversy related to government jobs of Malayali football players.
X

മലയാളി ഫുട്‌ബോൾ താരങ്ങളുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി. സർക്കാർ ജോലിക്ക് താരങ്ങൾ അപേക്ഷിക്കാൻ വൈകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മീഡിയവൺ അഭിമുഖം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞു. അനസ് എടത്തൊടിക, റിനോ ആന്റോ, പ്രദീപ് എന്നിവരൊക്കെ മികച്ച താരങ്ങളാണെന്നും അവർക്ക് ജോലിക്ക് അർഹതയുള്ളവരാണെന്നാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരണമെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുമ്പോൾ ചില നഷ്ടങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

മാനദണ്ഡങ്ങൾ ഫുട്‌ബോൾ താരങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതല്ലാത്തതിനാൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും സ്‌പോർട്‌സ് കൗൺസിൽ മാനദണ്ഡങ്ങൾ നിർദേശിക്കുമ്പോൾ ഫുട്‌ബോളിനെ മാത്രം അടിസ്ഥാനമാക്കി നൽകാൻ കഴിയില്ലെന്നും ഷറഫലി പറഞ്ഞു. എന്നാൽ ഫുട്‌ബോൾ താരങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് മാനദണ്ഡങ്ങളിൽ പ്രീവേൾഡ് കപ്പും പ്രീ ഒളിമ്പിക്‌സും ഉൾപ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സാഫ് ഗെയിംസും ഏഷ്യൻ ഗെയിംസുമുണ്ടെന്നും വ്യക്തമാക്കി. അനസ് എടത്തൊടികയുടെയും റിനോ ആന്റോയുടെയും കാര്യം പ്രത്യേകം പരിഗണിക്കണോയെന്നത് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സർക്കാർ ജോലി നൽകിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മുൻ ഇന്ത്യൻ ഫുട്ബോളർ മുഹമ്മദ് റാഫി രംഗത്ത് വന്നിരിക്കുകയാണ്. 2004ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവർക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ 2008ലാണ് ജോലി നൽകിയത്. ആരോഗ്യവകുപ്പിലായിരുന്നു നിയമനം. എന്നാൽ പ്രൊഫഷനൽ രംഗത്ത് കളിക്കാനായി അഞ്ച് വർഷത്തെ ദീർഘ അവധിയെടുത്ത് പോയ താരത്തിന് പിന്നീട് ജോലിയില്ലാതായി. 2010ലും 2011ലും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തിയ താരത്തെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. 2010 നവംബറിൽ കുവൈത്തിനെതിരെ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി റാഫി ഗോൾ നേടിയിരുന്നു. ലോകകപ്പ് സൗഹൃദ മത്സരത്തിലടക്കം കളിച്ച താരത്തെ കാരണം പോലും പറയാതെ പിരിച്ചുവിട്ടുവെന്നാണ് അദ്ദേഹം മീഡിയവണിനോട് പറഞ്ഞത്. തന്നെ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിരവധി എംഎൽഎമാരെ കണ്ടുനോക്കിയെന്നും ഇനിയിപ്പോൾ ആരോട് പറയാനാണെന്നും അദ്ദേഹം പ്രതികരിച്ചു.

സർക്കാർ ജോലിയിൽ നിയമനം കിട്ടിയ താരങ്ങൾക്ക് പ്രൊഫഷണൽ ലീഗ് കളിക്കാൻ മറ്റു സംസ്ഥാനങ്ങൾ അനുമതി നൽകുന്നുണ്ടെന്നും എന്നാൽ ഇവിടെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോലിക്ക് അപേക്ഷിച്ചപ്പോൾ നൽകാതെ, ഇപ്പോൾ വയസ്സായെന്ന് പറയുന്നതിൽ എന്തർത്ഥം' അദ്ദേഹം ചോദിച്ചു.

Sports Council President U. Sharafali reacted to the controversy related to government jobs of Malayali football players.

TAGS :

Next Story