ഏറ്റുമാനൂർ സീറ്റിനായി യുഡിഎഫില്‍ ചരടുവലി; ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ജനറൽ സെക്രട്ടറി ഗോപകുമാറും പരിഗണനയിൽ
ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖും സാധ്യതാ പട്ടികയിലുണ്ട്

കോട്ടയം: ഏറ്റുമാനൂർ സീറ്റിൽ ഉന്നമിട്ട് കോട്ടയത്ത് യുഡിഎഫിൽ ചരടുവലി.കോൺഗ്രസിൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഡിസിസി ജനറൽ സെക്രട്ടറി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന് തടയിട്ട് കേരളാ കോൺഗ്രസിലും ചർച്ചകൾ സജീവമാണ്.
ജോസ് മോൻ മുണ്ടക്കൽ , റോസമ്മ സോണി , ജെയ്സൺ ജോസഫ് , കുര്യാക്കോസ് പടവൻ എന്നി പേരുകളാണ് കേരളാ കോൺഗ്രസ് പരിഗണിക്കുന്നത്.ഏറ്റുമാനൂർ സീറ്റ് ഉന്നമിട്ട് കോൺഗ്രസ് നീക്കം ശക്തമാണ്. കോൺഗ്രസ് മത്സരിച്ചാൽ വിജയ സാധ്യതയെന്നാണ് പാർട്ടി വിലയിരുത്തൽ. ഡിസിസി പ്രസിഡൻ് നാട്ടകം സുരേഷിനാണ് പ്രഥമ പരിഗണന.
താഴേ തട്ടിലുള്ള സംഘടന പാർട്ടി ബന്ധവും പരിചിത മുഖമെന്നതും സുരേഷിന് അനുകൂലമാണ്. ജില്ലയിലെ പാർട്ടിയിലെ സൗമ്യമുഖം എന്നി ഘടകങ്ങൾ ഗോപകുമാറിൻ്റെ സാധ്യത വർധിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖും പട്ടികയിലുണ്ട്. സിപിഎം കുത്തകയായിരുന്ന കുമരകം ജില്ലാ പഞ്ചായത്ത് സീറ്റ് പിടിച്ചെടുത്തെ പി.കെ വൈശാഖിന് പാർട്ടിയിലെ യുവ നേതാവ് എന്ന പരിഗണനയും ലഭിക്കും.
കേരളാ കോൺഗ്രസിൽ ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോൻ മുണ്ടക്കലിനാണ് മുൻതൂക്കം. മുൻ ജില്ലാ പഞ്ചായത്ത് അംഗവും നിലവിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോ റോസമ്മ സോണിയുടെ പേരും ചർച്ചകളിൽ സജീവമാണ് . പാർട്ടി ജില്ലാ പ്രസിഡൻ്റ് ജെയ്സൺ ജോസഫ്, പാലാ നഗരസഭ മുൻ ചെയർമാനും സീനിയർ ലീഡറുമായ കുര്യാക്കോസ് പടവൻ എന്നീ പേരുകളും കേരളാ കോൺഗ്രസ് പരിഗണിക്കുന്നു . സിപിഎം സ്ഥാനാർഥിയായി മന്ത്രി വി.എൻ വാസവൻ തന്നെ വീണ്ടും മത്സരത്തിനിറങ്ങിയേക്കും. എന്‍ഡിഎയിൽ ബിഡിജെഎസിനാണ് ഏറ്റുമാനൂർ സീറ്റ്.
Adjust Story Font
16

