തദ്ദേശതെരഞ്ഞെടുപ്പിലെ ചരിത്രവിജയം; യുഡിഎഫിന് സമ്മാനിച്ചത് അതിരുകളില്ലാത്ത ആത്മവിശ്വാസം
രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലെ പരാജയത്തെ തുടർന്നുണ്ടായ നിരാശ മറികടക്കുന്ന വിജയമാണ് യുഡിഎഫ് നേടിയത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം യുഡിഎഫിന് സമ്മാനിച്ചത് അതിരുകളില്ലാത്ത ആത്മവിശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമുറപ്പിക്കുന്നതിനൊപ്പം സംഘടനയെയും പ്രവർത്തകരെയും ചടുലമാക്കാനും ഈ തെരഞ്ഞെടുപ്പ് വിജയംകൊണ്ടാവും.. വി ഡി സതീശന്റെ നിലപാടുകൾക്കും സണ്ണി ജോസഫിന്റെ നേതൃത്വത്തിനും പാർട്ടിയിലും മുന്നണിയിലും കുറെ കൂടി സ്വീകാര്യത ഉറപ്പിക്കാനും ഈ തെരഞ്ഞെടുപ്പ് ഫലം കാരണമാകും.
തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉണ്ടായ പരാജയം കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാക്കിയ മുറിവ് ചെറുതല്ല. ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിനപ്പുറം അധികാരം പിടിക്കാൻ ആകാത്തത് പ്രവർത്തകരെയും ഘടകകക്ഷികളെയും നിരാശരാക്കിയിരുന്നു. ആ നിരാശയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പ് കൂടിയാണ് യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ ചരിത്ര വിജയം. തദ്ദേശ കളത്തിൽ പൊരുനിറങ്ങുമ്പോൾ ആത്മവിശ്വാസം ഏറെയുണ്ടായിരുന്നു യുഡിഎഫിന്.
ശബരിമല സ്വർണ്ണക്കുള്ളയും ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും കുടുംബത്തിനെതിരായ ആരോപണവും അടക്കം അവനാഴിയിൽ ആയുധങ്ങൾ ഏറെ. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണവും അതിനെ ചൊല്ലി പാർട്ടിയിൽ ഉടലെടുത്ത ആസ്വാരസ്യങ്ങളും തിരിച്ചടിയാകുമോ എന്ന ഭയം കേന്ദ്ര നേതൃത്വത്തിന് പോലും ഉണ്ടായിരുന്നു. എന്നാൽ യുഡിഎഫിന് ജനം സമ്മാനിച്ചത് അവർ പ്രതീക്ഷിച്ചതിനുമപ്പുറത്തുള്ള വിജയം. ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കള്ളയുമടക്കമുള്ള വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിച്ചെന്ന് വ്യക്തം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ അനുസ്മരിപ്പിക്കും വിധം പാർട്ടി കോട്ടകളിൽ പോലും വിള്ളൽ ഉണ്ടായി. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കമുള്ളവർ അവസാന നിമിഷം ഉയർത്തിയ ആരോപണങ്ങൾ ഒന്നും ഫലം കണ്ടില്ല. രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പാർട്ടി സ്വീകരിച്ച നടപടി ജനം അംഗീകരിച്ചന്നും തെരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും ആത്മധൈര്യവും അനുഭവ പാഠങ്ങളും സമ്മാനിക്കുന്നതാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ചരിത്രവിജയം.
Adjust Story Font
16

