വന്യമൃഗ ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ ധനസഹായ വിതരണം അനിശ്ചിതത്വത്തില്‍
5 വർഷത്തിനിടയിൽ കാട്ടുപന്നി അക്രമണങ്ങളിൽ പരിക്കേറ്റ 1484 പേരിൽ 612 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്

കോഴിക്കോട്: വന്യമൃഗ അക്രമണങ്ങളിൽ പരിക്കേറ്റവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ കാട്ടുപന്നി അക്രമണങ്ങളിൽ പരിക്കേറ്റ 1484 പേരിൽ 612 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. വന്യമൃഗ അക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ പലർക്കും സ്വന്തമായി ജോലിക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.
2023 മെയ് 27 നാണ് റബ്ബർ ടാപ്പിംഗിനായി പിതാവിനൊപ്പം വീടിന് സമീപത്തെ തോട്ടത്തിൽ എത്തിയ ഭിന്നശേഷിക്കാരനായ കട്ടിപ്പാറ പിലാക്കണ്ടി സ്വദേശി റിജേഷിനെ കാട്ടുപോത്ത് ആക്രമിക്കുന്നത്. വയറിന് ഗുരുതരമായി പരിക്കേറ്റ റിജേഷ് 14 ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകൾ റിജേഷിനെ അലട്ടുന്നുണ്ട്. ഒന്നര ലക്ഷത്തിൽ അധികം രൂപ റിജേഷിന്റെ ചികിത്സക്കായി കുടുംബം ചിലവാക്കി. നഷ്ടപരിഹാരമായി സർക്കാരിൽനിന്നും ലഭിച്ചത് 15000 രൂപ മാത്രം.
കട്ടിപ്പാറ കോളിക്കൽ സ്വദേശി മുഹമ്മദ് അലിയെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നി ആക്രമിച്ചത് 2023 ആഗസ്റ്റ് 21 നാണ്. ജനവാസ മേഖലയിൽ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു, കാലിന് ശസ്ത്രക്രിയ ചെയ്തു. വാക്കറിന്റ സഹായത്തോടെയാണ് ഇപ്പോഴും നടക്കുന്നത്. നഷ്ടപരിഹാരമായി ഒരു രൂപ പോലും മുഹമ്മദ് അലിക്ക് ലഭിച്ചിട്ടില്ല.
കഴിഞ്ഞ 5 വർഷത്തിനിടെ കാട്ടുപന്നി ആക്രമണത്തിൽ മാത്രം പരിക്കേറ്റത് 1484 പേർക്കാണ്... അതിൽ നഷ്ടപരിഹാരം ലഭിച്ചത് 612 പേർക്ക് മാത്രം. വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ 5 വർഷത്തിനിടെ 4485 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
Adjust Story Font
16

