അർജൻറീനിയൻ ടീമിന്‍റെ കേരളാ സന്ദർശനത്തിൽ അടിമുടി അവ്യക്തത; അടിസ്ഥാന സൗകര്യങ്ങളിലടക്കം ആശയക്കുഴപ്പം
രണ്ട് മത്സരങ്ങൾ കളിക്കുമെന്നറിയിച്ച അർജൻറീനയുടെ എതിരാളികൾ ആരാകും എന്നുള്ള കാര്യത്തിലും വ്യക്തത വന്നിട്ടില്ല

തിരുവനന്തപുരം: അർജൻറീനയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെ ടീം എത്തിയാൽ ഏർപ്പെടുത്തുന്ന അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പം തുടരുന്നു. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബും എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവുമാണ് മത്സരത്തിനായി സർക്കാരിന്‍റെ പരിഗണനയിലുള്ളത്.
പക്ഷേ ഈ സ്റ്റേഡിയങ്ങൾക്ക് ഫുട്ബോൾ മത്സരങ്ങൾക്കായുള്ള ഫിഫയുടെ അനുമതി ഇല്ല. സൗഹൃദ മത്സരമാണെന്ന് കായിക വകുപ്പ് പറയുമ്പോഴും സ്റ്റേഡിയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം അടക്കം ചോദ്യചിഹ്നമായി ഉയർന്നുനിൽക്കുന്നു. സർക്കാർ ആവശ്യപ്പെട്ടാൽ ലീസിന് എടുത്ത കാര്യവട്ടം സ്റ്റേഡിയം വിട്ടുകൊടുക്കും എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്.
മെസ്സിയും സംഘവും വരുമെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങൾ അർജൻറീന ഫുട്ബോൾ അസോസിയേഷനും സ്പോൺസറും കായിക വകുപ്പും നടത്തിയിട്ടില്ല.. രണ്ട് മത്സരങ്ങൾ കളിക്കും എന്നറിയിച്ച അർജൻറീനയുടെ എതിരാളികൾ ആരാകും എന്നുള്ള കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഒരാഴ്ച കൂടി കഴിഞ്ഞതിനുശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നാണ് കായിക വകുപ്പിന്റെ നിലപാട്. അതേസമയം, അടുത്ത സൗഹൃദ മത്സരങ്ങളുടെത് അടക്കമുള്ള ഷെഡ്യൂൾ അർജൻറീന ഉടൻ പ്രഖ്യാപിച്ചേക്കും.
Adjust Story Font
16

