Quantcast

പി.സി ജോര്‍ജിനെ കാണാന്‍ വി. മുരളീധരനെ അനുവദിച്ചില്ല; ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാമെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്ന് കേന്ദ്രമന്ത്രി

''യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. ബി.ജെ.പിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനും ആരുമില്ല.''

MediaOne Logo

Web Desk

  • Updated:

    2022-05-01 08:13:32.0

Published:

1 May 2022 6:02 AM GMT

പി.സി ജോര്‍ജിനെ കാണാന്‍ വി. മുരളീധരനെ അനുവദിച്ചില്ല;  ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാമെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകുമെന്ന് കേന്ദ്രമന്ത്രി
X

തിരുവനന്തപുരം: പി.സി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിൽ മറുപടി പറയാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ ഇത്ര തിടുക്കം എന്തിനാണ്? ആരെ പ്രീണിപ്പിക്കാനാണ് ഈ നടപടിയെന്ന് കേരളത്തിലെ ജനങ്ങൾക്കു മനസിലാകുമെന്നും വി. മുരളീധരൻ പറഞ്ഞു. നന്ദാവനം എ.ആര്‍ ക്യാംപിലെത്തി ജോര്‍ജിനെ കാണാന്‍ പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ അടക്കം ഈ നാട്ടിൽ സ്വാതന്ത്ര്യം കൊടുക്കണമെന്ന് പറയുന്നവരാണ് സി.പി.എമ്മുകാർ. പി.സി ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞുതള്ളാനുള്ള സ്വാതന്ത്ര്യം ഈ നാട്ടിൽ അനുവദിക്കുന്നുണ്ട്. അരിഞ്ഞുതള്ളിയ ആളുകളെ അറസ്റ്റുചെയ്യാൻ കാണിക്കാത്ത തിടുക്കം പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെ സർക്കാർ എന്തിനു കാണിക്കുന്നു?-വി. മുരളീധരൻ ചോദിച്ചു.

''പാലക്കാട്ട് ശ്രീനിവാസന്റെ കൊലപാതകികളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. 24 മണിക്കൂറിനുള്ളിൽ ഗൂഢാലോചന നടത്തി മനുഷ്യരെ വെട്ടിക്കൊന്നവരെ പിടിക്കാൻ കാണിക്കാത്ത തിടുക്കം പി.സി ജോർജിന്റെ കാര്യത്തിലെന്തിനാണ്? ഭീകരവാദിയല്ലല്ലോ പി.സി ജോർജ്. അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. ഈ നാട്ടിലെ എം.എൽ.എ ആയിരുന്നയാളാണ്. അങ്ങനെയുള്ളൊരാളെ അറസ്റ്റ് ചെയ്യാൻ ഇത്ര വലിയ തിരക്കെന്തിനാണ്? യൂത്ത് ലീഗിന്റെ പരാതിയിലാണ് ഈ അറസ്റ്റ് എന്നാണ് പറയുന്നത്. യൂത്ത് ലീഗ് പരാതിപ്പെട്ടാൽ കമ്മ്യൂണിസ്റ്റ് സർക്കാർ മിനിറ്റുകൾക്കുള്ളിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യും. ബി.ജെ.പിക്കാരെ വെട്ടിക്കൊന്നാൽ ചോദിക്കാനും പറയാനും ആരുമില്ല.''

പി.സി ജോർജിനെ എന്തിനാണ് കൊണ്ടുവരുന്നത്, എന്തിനാണ് കേസ് എന്നെല്ലാം അന്വേഷിക്കാനെത്തിയ കേന്ദ്രമന്ത്രിക്കു പോലും എ.ആർ ക്യാംപിലേക്ക് പ്രവേശനം നിഷേധിക്കുന്നു. മറുവശത്ത് യൂത്ത് ലീഗ് ഒരു പരാതി കൊടുത്താൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്ത് അകത്തിടും. ഇതാണോ കേരളത്തിലെ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും സഹിഷ്ണുതയും? ഇത് ഇരട്ടനീതിയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എല്ലാവർക്കും വ്യക്തമായി മനസിലാകും. ഈ പരിപാടി കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.

അതേസമയം, പി.സി ജോര്‍ജിനെ കാണാനായി നന്ദാവനം എ.ആര്‍ ക്യാംപിലെത്തിയ വി. മുരളീധരന് പ്രവേശനാനുമതി നല്‍കിയില്ല. വി.വി. രാജേഷ് അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കൊപ്പമാണ് കേന്ദ്രമന്ത്രി എ.ആര്‍ ക്യാംപിനു മുന്നിലെത്തിയത്. എന്നാല്‍, പൊലീസ് അകത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചു. കന്റോണ്‍മെന്റ് എ.സി നേരിട്ടെത്തിയാണ് മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.

Summary: The people of Kerala will understand that this is being done to please some people, says Union Minister V Muraleedharan in the arrest of PC George

TAGS :

Next Story