Quantcast

ഉത്ര കേസ്: നാടിനെ നടുക്കിയ കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞതിങ്ങനെ...

രണ്ടു തവണ ഉത്രയ്ക്ക് പാമ്പു കടിയേറ്റതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്..

MediaOne Logo

Web Desk

  • Updated:

    2021-10-11 07:59:39.0

Published:

11 Oct 2021 7:15 AM GMT

ഉത്ര കേസ്: നാടിനെ നടുക്കിയ കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞതിങ്ങനെ...
X

കേരള മനസാക്ഷിയെ പിടിച്ചുലച്ച അഞ്ചല്‍ ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ അന്വേഷണവും വിചാരണയും റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. കേരളത്തെ നടുക്കിയ കൊലപാതകത്തിന്‍റെ നാള്‍വഴി ഇങ്ങനെയാണ്..

ആദ്യം അണലി, രണ്ടാമത് മൂര്‍ഖന്‍..

2018 മാര്‍ച്ച് 25നായിരുന്നു ഉത്രയുടെയും സൂരജിന്‍റെയും വിവാഹം. 100 പവൻ സ്വർണവും ലക്ഷങ്ങളും നല്‍കിയാണ് ഉത്രയെ മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചയച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് 2020 മാര്‍ച്ച് 2നാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നത്. അടൂരിൽ ഭർതൃവീട്ടിൽ വെച്ചാണ് ആദ്യം പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികിത്സയിലായിരുന്നു. ചികിത്സക്ക് ശേഷം ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. അന്ന് ഉത്രയുടെ മരണം സംഭവിച്ചു. മൂര്‍ഖന്‍ പാമ്പാണ് അന്ന് കടിച്ചത്. ആ ദിവസം ഉത്രയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്ന ബന്ധുക്കളുടെ സംശയമാണ് യുവതിയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

സൂരജ് അറസ്റ്റില്‍

മെയ് 7നാണ് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്. മെയ് 19ന് ഉത്രയുടെ രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അന്വേഷത്തിനിടെ 2020 മെയ് 24നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് അറസ്റ്റിലായത്. പാമ്പ് കടിച്ചതല്ല പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷും അറസ്റ്റിലായി. ജൂണ്‍ ഒന്നാം തിയ്യതി സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഭര്‍തൃവീട്ടില്‍ ഉത്ര പീഡനം നേരിട്ടെന്ന് വ്യക്തമായി.

സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

ഉത്ര കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അടൂരിലെ വീടിന് പുറത്ത് നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു. കൊലപാതകത്തിന് മുമ്പ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് കണ്ടെടുത്തത്.

കൊന്നത് താന്‍ തന്നെയെന്ന് സൂരജ്

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് സമ്മതിച്ചു. അടൂരിലെ വീട്ടില്‍ വനംവകുപ്പ് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് ഉത്രയെ കൊന്നുവെന്ന് സൂരജ് പറ‍ഞ്ഞത്. എന്തിനാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല- "ഞാനാണ് എല്ലാം ചെയ്തത്, വേറെയാരുമല്ല, ഞാനാ ചെയ്തത്". എന്താണ് ചെയ്യാനുള്ള കാരണം എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തു എന്നുമാത്രമാണ് സൂരജ് പറഞ്ഞത്. എന്താണ് പ്രേരണ എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നു പറഞ്ഞ് കരഞ്ഞു.

പാമ്പ് പിടുത്തക്കാരനെ മാപ്പുസാക്ഷിയാക്കി

കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. തന്നെ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷ നൽകിയിരുന്നു. മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിക്കുകയായിരുന്നു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തി. അതിനു പിന്നാലെയാണ് സുരേഷിനെ മാപ്പുസാക്ഷിയാക്കിയത്.

ലക്ഷ്യം ഉത്രയെ ഒഴിവാക്കി സ്വര്‍ണവും ഇന്‍ഷുറന്‍സ് തുകയും തട്ടല്‍

സ്വര്‍ണവും പണവും തട്ടിയെടുത്ത് തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കുക മാത്രമായിരുന്നില്ല സൂരജിന്‍റെ ലക്ഷ്യം. ഉത്രയുടെ മരണം പോലും പ്രയോജനപ്പെടുത്തി പണമുണ്ടാക്കാനായിരുന്നു ശ്രമം. ഇതിനാണ് ഒരു വർഷം മുമ്പ് ഉത്രയുടെ പേരിൽ സൂരജ്‌ വന്‍ തുകയ്ക്ക് ഇൻഷുറൻസ് പോളിസി എടുത്തത്. പോളിസിയെടുത്ത് ഒരു വർഷം കഴിഞ്ഞ് മരണം സംഭവിച്ചാൽ നോമിനിക്ക് ഇൻഷുറൻസ് തുക ലഭിക്കും. ഈ തുകയിൽ കണ്ണുവെച്ച് കൂടിയായിരുന്നു ഉത്രയുടെ കൊലപാതകം. കസ്റ്റഡിയിലെ ചോദ്യംചെയ്യലിലാണ് സൂരജ് ഇത് അന്വേഷണ സംഘത്തോട് സമ്മതിച്ചത്.

ഡമ്മി പരിശോധന

കട്ടിലില്‍ കിടക്കുന്ന ഉത്രയെ എങ്ങനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചെന്നറിയാന്‍ ഡമ്മി പരീക്ഷണം നടത്തി. വനം വകുപ്പിന്‍റെ അരിപ്പ സ്റ്റേറ്റ് ട്രെയിംനിംഗ്‌ സെന്‍റിലായിരുന്നു ഡമ്മി പരിശോധന. അന്വേഷണ ഉദ്യോഗസ്ഥൻ, തഹസിൽദാർ, സർപ്പ പഠന വിദഗ്ധന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നത്. കൃത്രിമ കയ്യില്‍ ഇറച്ചി കഷ്ണം കടിപ്പിച്ചായിരുന്നു പരിശോധന. ഉത്രയുടെ കയ്യില്‍ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. ഇത്രയും അകലത്തിൽ സ്വാഭാവികമായി പാമ്പ് കടിക്കാറില്ല. രണ്ട് മുറിവുകളും തമ്മിലുള്ള ആഴ വ്യത്യാസം കണ്ടെത്തിയ അന്വേഷണ സംഘം കൊലപാതകമെന്നത് ഉറപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

2020 ആഗസ്ത് 14ന് കുറ്റപത്രം സമര്‍പ്പിച്ചു. ഒക്ടോബര്‍ 7ന് കേസിന്‍റെ വിചാരണ തുടങ്ങി. ജൂലൈ 7ന് അന്തിമവാദം തുടങ്ങി. ഒക്ടോബര്‍ 4നാണ് വിചാരണ പൂര്‍ത്തിയായത്.

TAGS :

Next Story