'വിചിത്രം, പൈശാചികം, ദാരുണം'; ഉത്ര കൊലക്കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

അപൂർവങ്ങളിൽ അപൂർവമായ കേസ്; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍

MediaOne Logo

Web Desk

  • Published:

    11 Oct 2021 7:58 AM GMT

വിചിത്രം, പൈശാചികം, ദാരുണം; ഉത്ര കൊലക്കേസില്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ
X

കൊല്ലം ഉത്ര വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്ന് പ്രോസിക്യൂഷന്‍. വിചിത്രവും പൈശാചികവും ദാരുണവുമായ സംഭവമാണ് നടന്നതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ സൂരജിന് വധശിക്ഷ നല്‍കണമെന്ന് കോടതിയോടെ ആവശ്യപ്പെട്ടു. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന കോടതി വിധി ഇന്നാണ് വന്നത്. ഉത്രയുടെ മരണം നടന്നിട്ട് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്.

സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയാണ് ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവം കേസാണ് ഇതെന്നും പ്രോസിക്യൂഷൻ കോടതിയില്‍ ആവർത്തിച്ചു. ഭാര്യയെ സൂരജ് കൊന്നത് ഉത്രയുടെ സ്വത്തിനു വേണ്ടിയാണെന്നും, ഉത്ര മരിച്ചതിനു പിന്നാലെ ബാങ്ക് ലോക്കറിൽ നിന്ന് അവരുടെ സ്വർണമെടുക്കാന്‍ സൂരജ് തിടുക്കം കാട്ടിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പണം കൊടുത്തു വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ കടിപ്പിച്ച് കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ ഇങ്ങനെയൊരു കൃത്യം ചെയ്യാൻ ആര്‍ക്കും കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും പാമ്പുകളെ കൈകാര്യം ചെയ്യാനുളള കഴിവ് സൂരജിനില്ലെന്നും പ്രതിഭാഗം വാദിച്ചു. ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നതിന് വേണ്ടിയാണ് സുരേഷ് പാമ്പിനെ കൊണ്ടുവന്നത്. അതിന്‍റെ വീഡിയോ യൂട്യൂബിലൂടെ നൽകുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യമെന്നും സൂരജിന്‍റെ അഭിഭാഷകന്‍ പറയുന്നു.

എന്നാല്‍ പ്രതിഭാഗം ഉന്നയിക്കുന്ന വാദങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. പാമ്പുകളെ ഉപയോഗിക്കുന്ന കാര്യത്തിൽ പ്രതിയായ സൂരജ് വിദഗ്ധനായിരുന്നുവെന്നതിന് തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. സൂരജ് യൂട്യൂബിൽ കൂടുതലായി കണ്ടിരുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോ ആയിരുന്നു. സുരേഷും സൂരജുമായി ബന്ധമുണ്ടെന്നും തെളിയിക്കാനുള്ള രേഖകളെല്ലാം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേസില്‍ വിധിപ്രസ്താവം തുടങ്ങിയത്. കോടതിയില്‍ നിര്‍വികാരനായിരുന്നു സൂരജ്. പ്രതിയെ കുറ്റങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് ഒന്നുംപറയാനില്ല എന്നായിരുന്നു സൂരജിന്‍റെ മറുപടി. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് അഞ്ചൽ ഏറത്തെ വീട്ടിൽ ഉത്രയെ പാമ്പുകടിയേറ്റു മരിച്ച നിലയിൽ കണ്ടത്. റെക്കോർഡ് വേഗത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതും വിചാരണ പൂർത്തിയാക്കിയതും.

ഉത്രയെ കടിച്ച പാമ്പിനെ പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തിയും മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന നടത്തിയും പഴുതടച്ച അന്വേഷണമാണ് കേസിൽ നടന്നത്.കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറഞ്ഞത്. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പുസാക്ഷിയായിരുന്നു.

TAGS :

Next Story