'നീ ചോദിക്കുന്നതിന് ഉത്തരം പറയുന്ന ജോലി അല്ല എന്റേത്'; മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് കായികമന്ത്രി
നവംബറിൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണസർ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു

Photo: MediaOne
മലപ്പുറം: സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അർജൻറീന ടീം കേരളത്തിൽ വരുന്നതിന് തടസ്സമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്റ്റേഡിയം നവീകരണത്തിന് സ്പോൺസറും സർക്കാർ തമ്മിൽ കരാറുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. സ്റ്റേഡിയത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും നവംബറിൽ തന്നെ അർജന്റീന ടീമിനെ കൊണ്ടുവരാൻ പരിശ്രമം തുടരുന്നുണ്ടെന്നും വി.അബ്ദുറഹ്മാൻ പറഞ്ഞു.
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകന്റെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് കായികമന്ത്രി പ്രതികരിച്ചത്. 'ഫിഫയുടെ അപ്രൂവലുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിൽക്കുന്നുണ്ട്. അത് പരിഹരിച്ചാൽ നവംബറിൽ കളിക്കും, അല്ലാത്തപക്ഷം അടുത്ത വിൻഡോയിൽ ടീം കേരളത്തിൽ കളിക്കും. അതിൽ എന്താണിത്ര തെറ്റ്?മാധ്യമങ്ങൾക്ക് ആവശ്യമുള്ള മറുപടി പറയലല്ല തന്റെ ജോലി.' മന്ത്രി പറഞ്ഞു.
'ടീമിനെ നവംബറിൽ തന്നെ കൊണ്ടുവരണമെന്നാണ് തങ്ങളുടെ ആത്മാർഥമായ ആഗ്രഹിക്കുന്നത്. വാതിലുകൾ പൂർണമായി അടഞ്ഞിട്ടില്ല'. അപ്രൂവൽ ലഭിച്ചാൽ ടീം കേരളത്തിൽ കളിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നവംബറിൽ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണസർ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. നവംബറിൽ ടീം സ്പെയിനിൽ പരിശീലനത്തിന് പോകും എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്പോൺസർ ഇക്കാര്യം സ്ഥിരീകരിച്ചത്.
നവംബറിൽ അംഗോളയുമായാണ് സൗഹൃദ മത്സരവും. ടൂറിലെ ഏക സൗഹൃദ മത്സരം അംഗോളയുമായാണെന്നും ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിരുന്നില്ല.
നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്നാണ് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അർജൻറീന കൊച്ചിയിൽ വന്ന് ആസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം.
Adjust Story Font
16

