Quantcast

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല, കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണ്? വി.ഡി സതീശന്‍

സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാൻ, എ.കെ.ജി സെന്‍ററില്‍ നിന്നുള്ള നിർദേശം വാങ്ങി പ്രവർത്തിക്കുന്ന പൊലീസിനെ കഴിയൂ

MediaOne Logo

Web Desk

  • Updated:

    2023-06-26 08:49:01.0

Published:

26 Jun 2023 8:12 AM GMT

vd satheesan
X

വി.ഡി സതീശന്‍

വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ചു കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരോ പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല ഈ കുട്ടികളെന്നും കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ചെയ്ത കുറ്റമെന്താണെന്നും സതീശന്‍ ചോദിച്ചു.

ഞായറാഴ്ച കൊയിലാണ്ടിയിലാണ് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് കയ്യാമംവെച്ചു കൊണ്ടുപോയത്. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.പി അഫ്രീൻ, മണ്ഡലം സെക്രട്ടറി ഹസീഫ് എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ചത്. മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.

വി.ഡി സതീശന്‍റെ കുറിപ്പ്

വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചവരല്ല ഈ കുട്ടികൾ. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയിൽ തിരിമറി നടത്തിയവരോ അല്ല. ആൾമാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല. കയ്യാമം വച്ച് നടത്തിക്കാൻ തക്കവണ്ണം ഈ കുട്ടികൾ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാൻ കുട്ടികൾക്ക് മതിയായ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്‍റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാർഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.

SFI ക്രിമിനലുകൾക്ക് മുന്നിൽ നട്ടെല്ല് വളച്ച് നിൽക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാർഥി - യുവജന സംഘടന നേതാക്കളോട് വേണ്ട. സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാൻ, എ.കെ.ജി സെന്‍ററില്‍ നിന്നുള്ള നിർദേശം വാങ്ങി പ്രവർത്തിക്കുന്ന പൊലീസിനെ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാൾ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥർക്ക് നല്ലത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ. എം.എസ്.എഫിന്‍റെ സമര പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ.

TAGS :

Next Story