Quantcast

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: വിശദ റിപ്പോർട്ട് ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറും

അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്‌കരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    9 Oct 2022 1:59 AM GMT

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: വിശദ റിപ്പോർട്ട് ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറും
X

പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ഗതാഗത കമ്മീഷണർ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെയാണ് പാലക്കാട് എൻഫോസ്മെന്റ് ആർ.ടി.ഒ എം. കെ. ജയേഷ്‌കുമാർ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട്.

അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്‌കരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിന്റെ തുടർ നടപടികൾ.

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്നായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആൻറണി രാജുവിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ചയാണ് പാലക്കാട് - തൃശൂർ ദേശീയപാതയിൽ സ്‌കൂളിൽ നിന്ന് ടൂർ പോയ ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒമ്പതുപേർ മരിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 41 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. വിനോദയാത്രാസംഘത്തിൻറെ ടൂറിസ്റ്റ് ബസ് കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു.


TAGS :

Next Story