വാളയാർ ആൾക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പൊലീസ് പണമാവശ്യപ്പെട്ടെന്ന് പരാതി
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഒരു സഹായവും ലഭിച്ചില്ല.

തൃശൂർ: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ബിജെപി- ആർഎസ്എസ് പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയ രാംനാരായൺ ഭയ്യയുടെ മൃതദേഹം ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകാൻ പൊലീസ് പണം ആവശ്യപ്പെട്ടെന്ന് ബന്ധു. മൃതദേഹം പാലക്കാട്ട് നിന്ന് തൃശൂരിൽ കൊണ്ടുവരുന്നതിന് ആംബുലൻസ് തുക കൈയിൽ നിന്ന് കൊടുക്കേണ്ടിവന്നെന്നും ബന്ധുവായ ശശികാന്ത് മീഡിയവണിനോട് പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഒരു സഹായവും ലഭിച്ചില്ല. മൃതദേഹം ഛത്തീസ്ഗഢിലേക്ക് കൊണ്ടുപോകാൻ 25,000 രൂപയാണ് പൊലീസ് ആവശ്യപ്പെട്ടത്. മറ്റു ബന്ധുക്കൾ അടുത്ത ദിവസം എത്തുമെന്നും തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ശശികാന്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾ റിമാൻഡിലാണ്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ നാലുപേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് ഡിവൈഎഫ്‌ഐ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്.
സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികൾ നിലവിൽ ഹൈക്കോടതിയിൽ നടന്നുവരികയാണ്. അതേസമയം, കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികൾ മർദിച്ച് കൊലപ്പെടുത്തിയത്. കള്ളൻ എന്ന് ആരോപിച്ചാണ് പ്രതികൾ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടർന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായൺ ഭയ്യ റോഡിൽ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ഭയ്യ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായൺ ഭയ്യ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മർദിക്കുകയായിരുന്നു.
Adjust Story Font
16

