Quantcast

സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

വന്ദേമാതരം പൂര്‍ണമായി ആലപിക്കണം എന്നത് കാലങ്ങളായി സംഘ്പരിവാര്‍ രാജ്യത്ത് മുന്നോട്ടുവെക്കുന്ന ഒരു രാഷ്ട്രീയ നിലപാടാണെന്ന് റസാഖ് പാലേരി

MediaOne Logo

Web Desk

  • Published:

    8 Aug 2026 8:35 PM IST

vandemataram order should be revoke welfare party
X

തിരുവനന്തപുരം: സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വന്ദേമാതരം പൂര്‍ണമായി ആലപിക്കണം എന്നത് കാലങ്ങളായി സംഘ്പരിവാര്‍ രാജ്യത്ത് മുന്നോട്ടുവെക്കുന്ന ഒരു രാഷ്ട്രീയ നിലപാടാണ്. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കേണ്ടതില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ചരിത്രപരമായ നിലപാട്. ഈ ഒരു രാഷ്ട്രീയ പശ്ചാത്തലം നിലനില്‍ക്കെ, ചീഫ് സെക്രട്ടറി ഇറക്കിയ പുതിയ ഉത്തരവ് പൂര്‍ണമായും സംഘ്പരിവാര്‍ അജണ്ടയെ പിന്തുണക്കുന്നതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരള സര്‍ക്കാര്‍ സംഘ്പരിവാര്‍ നിലപാടുകള്‍ക്ക് കുടപിടിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരം ഉത്തരവുകള്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഈ വിഷയത്തില്‍ ഒരു വലതുപക്ഷ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം പൊതുസമൂഹത്തോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മതേതര വിശ്വാസികളുടെ പ്രതിഷേധത്തിന് വഴിവെക്കുന്ന ഈ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്നും, എക്കാലത്തെയും പോലെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :

Next Story