Quantcast

പിതാമഹന്റെ ചിത്രം മനം നിറയെ കണ്ട് വാരിയംകുന്നത്ത് ഹാജറ

ബ്രിട്ടീഷുകാർ നാടുകടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ പേരക്കുട്ടി ഹാജറയും കുടുംബവും പോത്തന്നൂരിലാണ് താമസിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-10-24 12:46:32.0

Published:

24 Oct 2021 12:42 PM GMT

പിതാമഹന്റെ ചിത്രം മനം നിറയെ കണ്ട് വാരിയംകുന്നത്ത് ഹാജറ
X

പിതാമഹൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം മനം നിറയെ കണ്ട് മകന്റെ പേരക്കുട്ടി വാരിയംകുന്നത്ത് ഹാജറയും ഇതര കുടുംബാംഗങ്ങളും. ബ്രിട്ടീഷുകാർ കോയമ്പത്തൂരിലേക്ക് നാടുകടത്തിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ പേരക്കുട്ടി ഹാജറക്കും കുടുംബത്തിനും പിതാമഹന്റെ അപൂർവ ചിത്രം കാണാൻ അവസരം ഒരുക്കിയത് വാരിയംകുന്നൻ സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദ് ഒ. യാണ്. 'സുൽത്താൻ വാരിയംകുന്നൻ' എന്ന പേരിൽ റമീസ് തയാറാക്കിയ വാരിയംകുന്നന്റെ ജീവചരിത്ര പുസ്തകത്തിന്റെ മുഖചിത്രം അദ്ദേഹത്തിന്റെ അപൂർവ ഫോട്ടോയാണ്. ഈ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലേക്ക് പോത്തന്നൂരിൽ താമസിക്കുന്ന ഹാജറയെ ക്ഷണിക്കാനും കൂടിയായിരുന്നു ഇവർ ഇവിടെയെത്തിയത്. എന്നാൽ സ്വാതന്ത്ര്യത്തിനായി നിലകൊണ്ടതിന്റെ പേരിൽ സ്വന്തം നാടും വീടും ഉപേക്ഷിക്കേണ്ടി വന്ന ഒരു കുടുംബത്തിന്റെ മേൽവിലാസമായ പിതാമഹനെ കാണാനുള്ള അവസരമായായിരുന്നു ഹാജറയും കുടുംബവും ഈ സന്ദർശനത്തെ കണ്ടത്.

ഈ സന്തോഷ നിമിഷം റമീസ് മുഹമ്മദ് ഒ. ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഒന്നരവർഷം മുമ്പ് ഫ്രഞ്ച് ആർക്കൈവിൽനിന്ന് ലഭിച്ച വാരിയംകുന്നന്റെ ചിത്രം ചരിത്രഗവേഷകനായ യൂസുഫലി പാണ്ടിക്കാടിനെ കാണിച്ചപ്പോൾ കോയമ്പത്തൂരിലെ മകനെപോലെയുണ്ട് ഫോട്ടോയെന്ന് അദ്ദേഹം പറഞ്ഞതും റമീസ് കുറിപ്പിൽ പറയുന്നു. ആ കുടുംബത്തിൽ പലർക്കും ഈ ഛായയാണെന്നതും സാഹിത്യകാരനായ പി. സുരേന്ദ്രൻ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയതും പറയുന്നു. തുടർന്നായിരുന്നു ഈ കുടുംബത്തെ കണ്ടെത്താനിറങ്ങിയത്. ഈരാറ്റുപേട്ട കെ.എം ജാഫറാണ് കുടുംബത്തെ കുറിച്ചുള്ള വിവരം ഇവരെ അറിയിച്ചത്. മാധ്യമപ്രവർത്തകൻ മുഷ്താഖ് കൊടിഞ്ഞി വഴിയൊരുക്കുകയും ചെയ്തു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകനായ തന്റെ പിതാവിനോട് ''വല്ലിപ്പാ, വല്ലിമ്മാക്ക് ഇവിടെ കുറെ ബന്ധുക്കളും മറ്റുമൊക്കെ ഉണ്ട്. ഇങ്ങക്കെന്താ ആരുല്ല്യാത്തത്?'' എന്ന് ചോദിച്ചതും ''ആരു പറഞ്ഞു എനിക്ക് ആരുമില്ലാന്ന്. എനിക്ക് എന്റെ നാട്ടിൽ എല്ലാരുമുണ്ട്. എന്റെ വാപ്പ ആ നാട് ഭരിച്ചിരുന്ന ആളാണ്.'' എന്ന് ഹാജറയുടെ വല്ലിപ്പ, വാരിയംകുന്നന്റെ മകൻ മറുപടി പറഞ്ഞതും ഹാജറ ഓർക്കുന്നു. ജനിച്ച നാടിനെ സംരക്ഷിച്ചതിന്റെ പേരിൽ സകലതും ഉപേക്ഷിച്ചു പോകേണ്ടി വന്ന ചരിത്രപുരുഷന്റെ പേരക്കുട്ടിയും കുടുംബവും വീണ്ടും മലബാറിലേക്കെത്തുന്നുണ്ട്. ഒക്‌ടോബർ 29 ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന 'സുൽത്താൻ വാരിയംകുന്നൻ' പുസ്തകപ്രകാശനം നിർവഹിക്കുന്നത് വാരിയംകുന്നത്ത് ഹാജറയാണ്.


റമീസ് മുഹമ്മദ് ഒ. യുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വാരിയംകുന്നത്ത് ഹാജറ..

ഒന്നര വർഷം മുമ്പാണ് ഞങ്ങൾക്ക് വാരിയംകുന്നന്റെ ഫോട്ടോ ലഭിക്കുന്നത്. അന്ന് മുതലേ ആഗ്രഹിക്കുന്നതാണ് വാരിയംകുന്നന്റെ കോയമ്പത്തൂർ ഉള്ള പരമ്പരയെ ഒന്ന് ചെന്നുകാണണം എന്നത്. ചെറുപ്രായത്തിൽ തന്നെ ബ്രിട്ടീഷുകാരാൽ കോയമ്പത്തൂരിലേക്ക് നാടുകടത്തപ്പെട്ട വാരിയംകുന്നന്റെ മകന് അവിടെ ഉണ്ടായി വന്ന പരമ്പര.. ഈരാറ്റുപേട്ട ജാഫർ കെ എം സാഹിബിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം എനിക്ക് ലഭിക്കുന്നത്..

അവരെ കാണണം എന്ന് അതിയായി ആഗ്രഹിക്കാൻ പ്രത്യേകകാരണവുമുണ്ട്. മലബാർ സമരഗവേഷകനായ യൂസുഫലി പാണ്ടിക്കാട് വാരിയംകുന്നന്റെ ഫോട്ടോ കണ്ട ശേഷം പറഞ്ഞ ഒരു കാര്യമുണ്ട്. "ഇത് വാരിയംകുന്നന്റെ കോയമ്പത്തൂർ ഉണ്ടായിരുന്ന മകനെ പോലെ തന്നെ ഉണ്ട്. മാത്രമല്ല, ആ ഫാമിലിയിൽ ഇന്നുള്ള പലർക്കും ഏതാണ്ട് ഇതേ ഛായയാണ്". യൂസുഫലിക്ക ഞങ്ങൾക്ക് അവരുടെയൊക്കെ ഫോട്ടോസ് കാണിച്ചുതന്നു. ഞങ്ങൾക്കും ആ രൂപസാദൃശ്യം ബോധ്യപ്പെട്ടു. പിന്നീടൊരിക്കൽ എഴുത്തുകാരൻ പി സുരേന്ദ്രനും ഇതേ കാര്യം വാരിയംകുന്നന്റെ ഫോട്ടോ കണ്ട ശേഷം എന്നോട് പറഞ്ഞിട്ടുണ്ട്.

പക്ഷെ, കഴിഞ്ഞ ഒന്നര വർഷമായി ഒരുപാട് ആഗ്രഹിച്ചിട്ടും ഞങ്ങൾക്കവരെ കോയമ്പത്തൂർ പോയി കാണാൻ സാധിച്ചിരുന്നില്ല. കോവിഡ് പ്രതിസന്ധികളും ലോക്ക്ഡൗൺ പരിമിതികളും അതിന്റെ വലിയൊരു കാരണമായിരുന്നെങ്കിൽ മറ്റു ചില തിരക്കുകൾ അതിനു ആക്കം കൂട്ടി. ഒടുവിൽ, മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഞങ്ങൾ പോതന്നൂരിലേക്ക് പോവാൻ തന്നെ തീരുമാനിച്ചു. വാരിയംകുന്നന്റെ പരമ്പരയെ കുറിച്ച് വിശദമായി പഠിച്ച് 'സുപ്രഭാത'ത്തിൽ ഫീച്ചർ തയ്യാറാക്കിയിരുന്ന മുസ്താഖ് കൊടിഞ്ഞി ആയിരുന്നു ഞങ്ങളുടെ ഗൈഡ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകന്റെ മകന്റെ മകൾ ഹാജറയുടെ വീട്ടിലേക്കായിരുന്നു യാത്ര.

ഞങ്ങൾ അവിടെ എത്തുമ്പോഴേക്ക് ഹാജറയുടെ വീട്ടിൽ അവരുടെ ഏതാണ്ട് മുഴുവൻ ബന്ധുക്കളും ഞങ്ങളെ കാണാനായി റെഡിയായി നിൽപ്പുണ്ടായിരുന്നു. ഹാജറയുടെ ഭർത്താവിനും മക്കൾക്കും പേരക്കുട്ടികൾക്കും പുറമേ അനിയത്തിയുടെ കുടുംബവും സഹോദരനുമെല്ലാം. സത്യത്തിൽ ഞങ്ങളെ കാണാനല്ല, അവരുടെ വല്ല്യാപ്പാന്റെ ഫോട്ടോ കാണാനാണ് അവരെല്ലാവരും അവിടെ കാത്തിരുന്നിരുന്നത്. അവിടെയെത്തി ഒന്ന് രണ്ട് കുശലാന്വേഷണസംസാരം ആയപ്പൊത്തന്നെ ഫോട്ടോയെ കുറിച്ചുള്ള ആകാംക്ഷ സഹിക്കാൻ കഴിയാതെ അവർ ഇങ്ങോട്ട് ചോദിച്ചു. ഞാൻ എന്റെ ബാഗിൽ നിന്നും ഒരു കവർ എടുത്തു പതിയെ ആ കവറിൽ നിന്നും പുസ്തകം എടുത്തു അവരെ കാണിച്ചു.. ഹാജറാത്ത ആ ചിത്രത്തിലേക്ക് നോക്കി. അവരുടെ ചുണ്ടുകൾ വിറക്കുന്നത് ഞാൻ കണ്ടു. കണ്ണുകൾ നിറയുന്നു. അണക്കെട്ട് തുറന്ന പോലെ പെട്ടെന്ന് അതൊരു കണ്ണീർപ്രവാഹമായി മാറി. തന്റെ ഓരോ ബന്ധുക്കൾക്കും ആ ഫോട്ടോ ഹാജറാത്ത മാറിമാറി കാണിച്ചുകൊടുത്തു.. "ഇതാണ് നമ്മുടെ വല്ല്യാപ്പ.." അവർ പറയുന്നുണ്ടായിരുന്നു. ഹാജറയുടെ കണ്ണീർ ആ മുഴുവൻ പേരുടെ കണ്ണുകളിലേക്കും പടർന്നുപന്തലിച്ചു.

ഹാജറാത്ത സംസാരിച്ചു തുടങ്ങി. "ഇതിനു മുന്നെ കുഞ്ഞഹമ്മദ് ഹാജിയുടേതാണ് എന്നും പറഞ്ഞ് രണ്ട് ഫോട്ടോകൾ നെറ്റിൽ ഞങ്ങൾ കണ്ടിരുന്നു. എന്നാൽ അതൊക്കെ കണ്ടപ്പൊ തന്നെ ഞാൻ എല്ലാരോടും പറഞ്ഞിരുന്നു. ഇത് നമ്മുടെ വല്ല്യാപ്പ അല്ല. ഈ മുഖം ആവാൻ ഒരു സാധ്യതയുമില്ല (ഇതിനു മുന്നേ മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെയും ആലി മുസ്ലിയാരുടെ മകൻ അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെയും ഫോട്ടോസ് വാരിയംകുന്നന്റെ ഫോട്ടോ എന്ന പേരിൽ പ്രചരിച്ചിരുന്നു). എന്നാൽ ഈ ഫോട്ടോ. ഇതിൽ എനിക്ക് ആ സംശയമില്ല. എന്റെ എളാപ്പാനെ ഈ പ്രായത്തിൽ ഞാൻ കണ്ടിട്ടുണ്ട്. ഈ ഫോട്ടോയിൽ (വാരിയംകുന്നന്റെ ഫോട്ടോ) കാണുന്ന പോലെ തന്നെയായിരുന്നു എളാപ്പാന്റെ മുഖം"..

അതിനു ശേഷം ഹാജറാത്ത കഥ പറഞ്ഞു തുടങ്ങി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അവർ ആദ്യമായി കേൾക്കാനിടയായ സാഹചര്യം.. പത്തുവയസ്സുകാരി ഹാജറ ഒരിക്കൽ അവരുടെ വല്ലിപ്പാന്റെ മടിയിൽ ഇരുന്നുകൊണ്ട് ചോദിച്ചു. "വല്ലിപ്പാ, വല്ലിമ്മാക്ക് ഇവിടെ കുറെ ബന്ധുക്കളും മറ്റുമൊക്കെ ഉണ്ട്. ഇങ്ങക്കെന്താ ആരുല്ല്യാത്തത്?". ഹാജറയുടെ വല്ലിപ്പ, വാരിയംകുന്നന്റെ മകൻ മറുപടി പറഞ്ഞു: "ആരു പറഞ്ഞു എനിക്ക് ആരുമില്ലാന്ന്. എനിക്ക് എന്റെ നാട്ടിൽ എല്ലാരുമുണ്ട്. എന്റെ വാപ്പ ആ നാട് ഭരിച്ചിരുന്ന ആളാണ്." കുഞ്ഞുഹാജറക്ക് അത് കേട്ട് കൗതുകമായി. അവിടുന്നങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായിരുന്നു. അത്രയും കാലം മനസ്സിൽ മൂടിവച്ച കഥകൾ തന്റെ പേരക്കുട്ടിയെ മടിയിൽ ഇരുത്തി ഒരു പിതാമഹൻ പറഞ്ഞുകൊടുക്കാൻ തുടങ്ങി.. ഹാജറക്ക് എല്ലാം അറിയാം. പൂക്കോട്ടൂർ യുദ്ധം നടന്നത്, പാണ്ടിക്കാട് ചന്തപ്പുര മറിച്ചിട്ടത്, ചേക്കുട്ടി അധികാരിയുടെ തലയറുത്തത്, മാളു ഹജ്ജുമ്മയെ കുറിച്ച്.. എല്ലാം.. ഒരു ചരിത്രപുസ്തകവും ഹാജറാത്ത ഇന്നോളം വായിച്ചിട്ടുണ്ടാവില്ല. അവർക്ക് മലയാളം വായിക്കാൻ പോലും അറിയില്ല. പക്ഷെ എന്നിട്ടും അവർക്ക് എല്ലാ കഥകളും അറിയാം. എല്ലാം വാരിയംകുന്നന്റെ കൈപിടിച്ചുനടന്ന ഓമനമകൻ തന്റെ പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്ത ദൃക്‌സാക്ഷിവിവരണങ്ങൾ. ഏതൊരു ചരിത്രപുസ്തകത്തേക്കാളും ആധികാരികമായത് !

സംസാരത്തിനു ശേഷം വിഭവസമൃദ്ധമായ ലഞ്ച്. എല്ലാം കഴിഞ്ഞ് ഒരു ഗ്രൂപ് ഫോട്ടോയുമെടുത്ത് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി. അവിടെ ഉള്ള എല്ലാവരെയും 29നു മലപ്പുറത്ത് നടക്കുന്ന പുസ്തകപ്രകാശനചടങ്ങിലേക്ക് ക്ഷണിച്ചു. രണ്ട് മൂന്ന് ദിവസം അവിടെ തങ്ങി അവരുടെ വല്ല്യാപ്പ വിപ്ലവം നയിച്ച പ്രദേശങ്ങൾ ഒക്കെ കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. "ഞങ്ങൾക്കും ആ നാട് മുഴുവൻ കാണണമെന്നുണ്ട്. പക്ഷെ ഞങ്ങൾ ഒരു പത്തിരുപത്തഞ്ച് പേർ ഉണ്ട്. അത്രയും പേർക്കുള്ള യാത്രയും താമസവും മറ്റുമൊക്കെ നിങ്ങൾക്കൊരു ബുദ്ധിമുട്ടാവില്ലേ?" മടിച്ചുമടിച്ചാണ് ഹാജറാത്ത ഇത് ചോദിച്ചത്. എനിക്ക് അത് കേട്ടപ്പോൾ ചിരിയാണ് വന്നത്. അവരറിയുന്നുണ്ടോ, വാരിയംകുന്നന്റെ പേരമക്കൾ മലപ്പുറത്ത് വന്നാൽ അവർക്ക് ആതിഥ്യമരുളാനായി മലപ്പുറത്തിന്റെ പൂമുഖവാതിലുകൾ മൽസരിച്ചു തുറക്കുകയായിരിക്കുമെന്ന്. അവർക്ക് ശരിക്കും അറിയുന്നുണ്ടായിരിക്കുമോ, അവരുടെ വല്ല്യാപ്പ ഇന്നും ഈ നാടിന്റെ അടക്കാനാവാത്ത വികാരമാണെന്ന്..

ഇറങ്ങുമ്പോൾ ഒരൊറ്റ സങ്കടമേ ഉണ്ടായിരുന്നുള്ളൂ. പുസ്തകം പ്രിന്റിനു പോയിക്കഴിഞ്ഞിരിക്കുന്നു. ഇനി ഈ അനുഭവങ്ങളൊന്നും പുസ്തകത്തിൽ ചേർക്കാൻ കഴിയില്ലല്ലോ. ദൈവം അനുഗ്രഹിച്ച് സെക്കൻഡ് എഡിഷൻ വരുമ്പോൾ അതിൽ ചേർക്കണം..

എന്തായാലും ഒക്ടോബർ 29നു വൈകീട്ട്, വാരിയംകുന്നന് ഈ ഭൂമിയിൽ നിലനിൽക്കുന്ന ഒരേയൊരു 'സ്മാരക'ത്തിൽ വച്ച് 'സുൽത്താൻ വാരിയംകുന്നൻ' പ്രകാശനം ചെയ്യാനായി ഹാജറാത്തയും കുടുംബവും വരും. ഇന്ഷാ അല്ലാഹ്.

അവർ വരട്ടെ. അവരുടെ പ്രപിതാമഹൻ വീരേതിഹാസം വിരിയിച്ച നാടിന്റെ മണൽത്തരികൾ അവരുടെ കാൽപാദസ്പർശം അനുഭവിച്ചറിയട്ടെ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ വച്ച പുസ്തകം അവർ തന്നെ ചരിത്രത്തിലേക്ക് ചേർത്തുവയ്ക്കട്ടെ. ഏതൊരു നാട്ടിൽ നിന്നാണോ അവരുടെ വല്ല്യുപ്പ -വാരിയംകുന്നന്റെ മകൻ- നാടുകടത്തപ്പെട്ടത്, അതേ നാട്ടിലേക്ക് മുഖ്യാതിഥികളായിക്കൊണ്ട് അവർ തിരിച്ചുവരട്ടെ.

വാരിയംകുന്നന്റെ നാട്ടുകാർ കാത്തിരിക്കുന്നു.

TAGS :

Next Story