Quantcast

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയായ ശേഷം രണ്ടാം തവണയാണ് വി.ഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2026-11-18 15:43:44

Published:

18 Nov 2026 9:05 PM IST

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. മിഷൻ സമുദ്ര പദ്ധതിയാണ് പ്രധാനമായും അവതരിപ്പിച്ചത്. വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തിന്റെ പ്രധാന സമുദ്ര വ്യാപാര കേന്ദ്രമാക്കി വളർത്തുന്നതിനൊപ്പം കപ്പൽ നിർമ്മാണം, കപ്പൽ അറ്റകുറ്റപ്പണി, ഹരിത ഇന്ധന ഉൽപാദനം, ലോജിസ്റ്റിക്സ് പാർക്കുകൾ, തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, റോഡ്-റെയിൽ വികസനം, വിമാനത്താവള വികസനം തുടങ്ങി 12 സുപ്രധാന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ തേടി. 1,03,500 കോടി രൂപയുടെ പദ്ധതികൾക്ക് തത്വത്തിലുള്ള അംഗീകാരവും വിവിധ കേന്ദ്രപദ്ധതികളിൽ കേരളത്തിന് അർഹമായ പരിഗണനയും ആവശ്യപ്പെട്ടു. ജിഡിപി കണക്കെടുപ്പിലെ അപാകതകൾ പരിഹരിക്കുക, അധിക വൈദ്യുതി അനുവദിക്കുക, വൈദ്യുതി മേഖലയ്ക്കുള്ള വായ്പാ ആനുകൂല്യം പുനഃസ്ഥാപിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു'- എന്ന കുറിപ്പോടെയാണ് മോദിയുമായുള്ള ചിത്രങ്ങൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നേരത്തെ തന്നെ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു ഡൽഹിയിലേക്ക് തിരിച്ചത്. സംസ്ഥാനത്ത് നടക്കേണ്ട വികസന പ്രവർത്തനങ്ങൾ, വൈദ്യുതി പ്രതിസന്ധി അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയായ ശേഷം രണ്ടാം തവണയാണ് വി.ഡി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

TAGS :

Next Story