നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ രാഹുൽ കോൺഗ്രസിൽ അല്ലല്ലോ...?: വി.ഡി സതീശൻ
തങ്ങൾ എടുത്തതുപോലൊരു നടപടി ആരെടുത്തിട്ടുണ്ടെന്നും സതീശൻ ചോദിച്ചു.

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗക്കേസുകളിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തങ്ങൾ എടുത്തതുപോലൊരു നടപടി ആരെടുത്തിട്ടുണ്ടെന്നും സതീശൻ ചോദിച്ചു. ആദ്യമൊരു പരാതി പോലും കിട്ടുന്നതിന് മുമ്പ് സസ്‌പെൻഡ് ചെയ്തു. പിന്നീട് കെപിസിസി പ്രസിഡന്റിന് പരാതി കിട്ടിയപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വന്തം പാർട്ടിയിലെ എത്ര പേർക്കെതിരെ നടപടിയെടുത്തെന്ന് മന്ത്രി പി. രാജീവ് പറയട്ടെയെന്നും സതീശൻ.
എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാനുള്ള അധികാരം കോൺഗ്രസിനില്ല. രാഹുലിപ്പോൾ കോൺഗ്രസിൽ അല്ലല്ലോ, പുറത്തല്ലേ? നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ഇക്കാര്യത്തിൽ തന്റെ നിലപാട് കേരളത്തിലെ ഓരോ കുഞ്ഞിനും അറിയാം. ഇതിന്റെ പേരിൽ എത്രത്തോളം വേട്ടയാടപ്പെട്ടയാളാണ് താനെന്നും അപ്പോഴൊന്നും താൻ കുലുങ്ങിയല്ലെന്നും വി.ഡി സതീശൻ ചോദിച്ചു.
പറയാനല്ല, ചെയ്യാനാണ് ഉണ്ടായിരുന്നതെന്നും അത് നേരത്തെ തന്നെ പാർട്ടി ചെയ്‌തെന്നും വി.ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും താൻ ഒറ്റയ്‌ക്കെടുത്തതല്ലെന്നും പാർട്ടി ഒരുമിച്ച് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞെന്നും പാർട്ടി പുറത്താക്കിയെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇനി കോൺഗ്രസ് എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെ കേസിൽപെടുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. തെറ്റ് സംഭവിച്ചത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത്. തങ്ങൾ ബ്രഹ്മാസ്ത്രം തക്കസമയത്ത് തന്നെ പ്രയോഗിച്ചിട്ടുണ്ടെന്നും ഇനി ബാക്കി കാര്യങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്നും കെ. മുരളീധരൻ.
'കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പുറത്താക്കിയത്. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ല. ഉചിതമായ നടപടികൾ സർക്കാരും പൊലീസും സ്വീകരിക്കട്ടെ. തെറ്റുകളെ കോൺഗ്രസ് ന്യായീകരിക്കില്ല. തെറ്റ് കണ്ടാൽ ശിക്ഷിക്കും. ഞങ്ങളുടെ പാർട്ടി ചെയ്താൽ ശരിയെന്നും മറ്റ് പാർട്ടിക്കാർ ചെയ്താൽ തെറ്റെന്നും പറയുന്ന സംസ്കാരം കോൺഗ്രസിനില്ല. സ്വർണം കട്ടവരെയും സ്ത്രീലമ്പടമാരേയും ഞങ്ങൾ പ്രോത്സാഹിപ്പിക്കില്ല'- മുരളീധരൻ വിശദമാക്കി.
Adjust Story Font
16

