രാഹുലിനെതിരെ കൂടുതൽ നടപടി ഉചിത സമയത്തെന്ന് വി.ഡി സതീശൻ; പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ല
'പാർട്ടിയെ ഞങ്ങൾ സംരക്ഷിക്കും. പാർട്ടിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ്'.

Photo| Special Arrangement
ഇടുക്കി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ഇടുക്കിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.
പാർട്ടിയെ തങ്ങൾ സംരക്ഷിക്കും. പാർട്ടിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തതുപോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. 'രാഹുലിനെതിരെ ഇന്നലെയല്ലേ പുതിയ പരാതി വന്നത്. പേരുപോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിക്കണമല്ലോ. അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാർട്ടി എടുക്കും. ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ, അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിന്റ് പറഞ്ഞത്'.
'ശബരിമലയിലെ സ്വർണക്കൊള്ള അന്തരീക്ഷത്തിൽനിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞുകൊണ്ടിരിക്കുന്നത്. ബലാത്സംഗക്കേസിലെ പ്രതിയെ കൂടെനിർത്തിയാണ് സിപിഎം ഈ വർത്തമാനം പറയുന്നത്. രാഷ്ട്രീയമായ ഒരു നടപടിയുമെടുത്തില്ല. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെയും സിപിഎം ഒരു നടപടിയുമെടുത്തില്ല. അതുപോലെയല്ല കോൺഗ്രസ്'- സതീശൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതാക്കളെല്ലാവരും വിവിധ ജില്ലകളിലാണ്. ഞങ്ങൾ കൂടിയാലോചിക്കട്ടെ. ബോധ്യങ്ങളിൽ നിന്നാണ് ആദ്യം നടപടിയെടുത്തത്. പുതിയ കാര്യം വന്നു, അതിലും പാർട്ടി ആലോചിച്ച് നടപടിയെടുക്കും. കോൺഗ്രസിന് ഒരു ദോഷവും ഉണ്ടാകില്ല. എത്രയേറെ സ്ത്രീകളുടെയും പാർട്ടിക്കാരുടേയും പരാതിയാണ് എകെജി സെന്ററിൽ പൊടിപിടിച്ച് കിടക്കുന്നത്. അതൊക്കെ പൊടിതട്ടിയെടുക്കൂ എന്നും സതീശൻ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ മുന്നിൽ പരാതി വന്നപ്പോൾ അത് അന്തസായി കൈകാര്യം ചെയ്തു. ആളുകൾ സിപിഎമ്മിനെയും കോൺഗ്രസിനേയും താരതമ്യം ചെയ്യും. രാഹുലിന്റെ വിഷയം തെരഞ്ഞെടുപ്പ് വിഷയമായാലും തങ്ങൾക്കൊരു കുഴപ്പവുമില്ലെന്നും കോൺഗ്രസ് അപ്പോഴും തലയുയർത്തി നിൽക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ മറ്റ് നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്നുമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. ആദ്യം വാർത്ത വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങൾ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
Adjust Story Font
16

