വാഹന നികുതി കുടിശ്ശികയുണ്ടോ? 40 ശതമാനം മാത്രം അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷന്‍ ചാര്‍ജുകള്‍ കൂടി അടച്ച് നടപടികള്‍ അവസാനിപ്പിക്കാം

തിരുവനന്തപുരം: വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി (വണ്‍ ടൈം സെറ്റില്‍മെന്റ്) മോട്ടോര്‍ വാഹന വകുപ്പ്. 2026 മാര്‍ച്ച് 31ല്‍ നാല് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്ക് ഇതിനായി അപേക്ഷിക്കാം.
നിബന്ധനകള്‍ ഇങ്ങനെ
* നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31-ന് അവസാനിച്ച നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉള്‍പ്പെടെ) 40% മാത്രം അടച്ചാല്‍ മതി.
* ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31-ന് അവസാനിച്ച നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉള്‍പ്പെടെ) 30% അടച്ചാല്‍ മതി.
* പ്രത്യേക ഇളവുകള്‍: ഗ്രീന്‍ ടാക്‌സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് വിഹിതം എന്നിവയില്‍ നിന്ന് പൂര്‍ണ്ണ ഇളവ് ലഭിക്കും.
* റവന്യൂ റിക്കവറി ഒഴിവാക്കാം: റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നവര്‍ക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷന്‍ ചാര്‍ജുകള്‍ കൂടി അടച്ച് നടപടികള്‍ അവസാനിപ്പിക്കാം.
* നശിച്ചുപോയ വാഹനങ്ങള്‍ക്ക് നികുതി ആശ്വാസം: മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂര്‍ണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങള്‍ക്ക് രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നല്‍കും.
* കര്‍ശന വ്യവസ്ഥകള്‍: ഇത്തരമൊരു നികുതി ഇളവ് ഇനി ഭാവിയില്‍ ലഭിക്കുന്നതല്ല. പദ്ധതി പ്രയോജനപ്പെടുത്തുന്നവര്‍ തുടര്‍ന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാല്‍ ഭാവിയില്‍ ഇളവുകള്‍ ലഭിക്കില്ല. ഉപയോഗ ശൂന്യമായതോ മോഷ്ടിക്കപ്പെട്ടതോ പൊളിച്ചു വിറ്റതോ ആയ കാരണത്താല്‍ നികുതി ബാധ്യത ഒഴിവാക്കി ഇളവ് നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാല്‍ 2026 ഏപ്രില്‍ 1 മുതലുള്ള മുഴുവന്‍ നികുതിയും പിഴയും പലിശയും സഹിതം അടയ്‌ക്കേണ്ടി വരും.
* അവസാന തീയതി: 2027 മാര്‍ച്ച് 31.
Adjust Story Font
16

