'ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദി, മുസ്‍ലിംകളുടെ വക്താവ്'; വീണ്ടും വിദ്വേഷവുമായി വെള്ളാപ്പള്ളി നടേശന്‍
അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു

ആലപ്പുഴ: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും എംഎസ്എഫുകാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രോകപിതരായ വെള്ളാപ്പള്ളി നടേശന്‍ ഒരു ചാനല്‍ മൈക്ക് തട്ടിമാറ്റിയിരുന്നു.ഇത് സൂചിപ്പിച്ചാണ് വെള്ളാപ്പള്ളി അധിക്ഷേപം ചൊരിഞ്ഞത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.
'കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല.എനിക്ക് 89 വയസ്സ് ഉണ്ട്.എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു.റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്.അതിന്‍റെ മര്യാദപോലും കാണിച്ചില്ല .ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'. വെള്ളാപ്പള്ളി പറഞ്ഞു.മുസ്‍ലിം സമുദായത്തെ മൊത്തം ഈഴവർക്ക് എതിരാക്കാനും അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആക്ഷേപത്തിന്റെ അങ്ങേ അറ്റമാണ് വെള്ളാപ്പള്ളിയില്‍ നിന്നുണ്ടായതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതികരിച്ചു.
Adjust Story Font
16

