Quantcast

ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ താമസിക്കുന്നത്: വെള്ളാപ്പള്ളി നടേശൻ

സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പായാൽ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-18 07:51:12.0

Published:

18 Jan 2026 11:53 AM IST

ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ താമസിക്കുന്നത്: വെള്ളാപ്പള്ളി നടേശൻ
X

ആലപ്പുഴ: ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ താമസിക്കുന്നതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആ ദുരിതവും ദുഖവും അനുഭവിക്കുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ ഒന്നിച്ചു പോകണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചപ്പോൾ അത് തങ്ങൾ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. എങ്ങനെ യോജിച്ചു പോകണമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ചും വ്യാഖ്യാനിച്ചും തന്നെ വർഗീയവാദിയാക്കിയെന്നും വെള്ളാപ്പള്ളി. താൻ മുസ്‌ലിം വിരോധിയല്ലെന്നും മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് താൻ എതിർക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായാടി മുതൽ നസ്രാണിവരെയുള്ളവരുടെ യോജിപ്പ് അനിവാര്യമാണെന്ന തരത്തിലേക്കുള്ള ചിന്തയിലേക്ക് കാര്യങ്ങൾ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചത് മുസ്‌ലിം ലീഗാണെന്നും സംവരണത്തിൽ യുഡിഎഫിന് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും സംവരണത്തിന്റെ പേരിൽ തന്നെ കൊണ്ട് നടന്നു ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തനിക്കെതിരെ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ. സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് വെള്ളാപ്പള്ളി. സതീശനാണ് താൻ വർഗീയവാദിയാണെന്ന് പ്രചരിപ്പിക്കുന്നതെന്നും മറ്റൊരു കോൺഗ്രസ് നേതാവും ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും താൻ വർഗീയ വാദിയാണെന്ന് പറഞ്ഞാൽ അഡ്മിറ്റ് ചെയ്യാമെന്നും വെള്ളാപ്പളി പറഞ്ഞു. സതീശൻ ജനിക്കുന്നതിന് മുന്നേ കാറിൽ കയറിയവനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാക്കി എല്ലാവരും ഒന്നിക്കുമ്പോൾ എൻഎസ്എസിനും എസ്എൻഡിപിക്കും ഒന്നിച്ചാൽ എന്താണ് പ്രശ്നമെന്നും വെള്ളാപ്പള്ളി ചോദിച്ചു. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മക്ക് വേണ്ടി എല്ലാ ദൗത്യങ്ങളും എസ്എൻഡിപി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നായാടി മുതൽ നസ്രാണി വരെയുള്ളവരിൽ മുസ്‌ലിംകളെ പരിഗണിക്കാത്തത് അതിന്റെ ആവശ്യമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ന്യൂനപക്ഷങ്ങൾ അനർഹമായത് വാങ്ങിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ എ.കെ ആന്റണിയെ പുറത്ത് നിർത്തിയതാരാണെന്ന് കേരളം കണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പായാൽ വർഗീയത പ്രചരിപ്പിക്കുകയാണെന്നും അവരുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വർഗീയത പറയരുതെന്നാണ് താൻ പറഞ്ഞത്. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ല. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ശബ്ദം ഒന്നാണെന്നും സതീശൻ പറഞ്ഞു. എല്ലാവരും ഐക്യപ്പെട്ട് പോകണമെന്ന് തന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ ഇപ്പോൾ നടക്കുന്നത് വ്യാപകമായ വിദ്വേഷ പ്രചാരണമാണ്. ഭിന്നിപ്പിച്ച് അധികാരം കയ്യെടുക്കുക എന്ന ബിജെപിയുടെ തന്ത്രമാണ് സിപിഎമ്മും കേരളത്തിൽ നടപ്പാക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.


TAGS :

Next Story