രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി അതിജീവിത
ജാമ്യം നിഷേധിക്കുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് വിധി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി അതിജീവിത. സത്യമേവ ജയതേ എന്നെഴുതിയ കാർഡാണ് ഇവർ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതേ സന്ദേശം തന്നയാണ് കേസെടുത്ത ദിവസം രാഹുലും പങ്കുവെച്ചിരുന്നത്.
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയുടെതാണ് വിധി. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ലെന്നും കോടതി പറഞ്ഞു.
കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷം രാഹുലിന്‍റെ പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതിയ്ക്ക് ബോധ്യമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവുമായി രാഹുൽ സമർപ്പിച്ച ഹരജിയും കോടതി തള്ളി. രാഹുലും യുവതിയും തമ്മിലെ ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകൾ അടങ്ങിയ തെളിവുകൾ പ്രോസിക്യൂഷൻ സമർപ്പിച്ചതിന് പിന്നാലെ ജാമ്യം നിഷേധിക്കുകയാണെങ്കിൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് വിധി.
ഇന്നലെ എടുത്ത രണ്ടാമത്തെ കേസിന്‍റെ വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പൊലീസ് പരിശോധന വ്യാപകമാക്കിയതിനിടെ രാഹുൽ കീഴടങ്ങുമെന്നാണ് അഭ്യൂഹം. വയനാട്- കർണാടക അതിർത്തിയിൽ അന്വേഷണ സംഘം തിരച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ രണ്ട് സഹായികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുലിന്‍റെ വാദം. എന്നാൽ രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
Adjust Story Font
16

