അനധികൃതമായി ഭൂമി സ്വന്തമാക്കിയ പരാതിയില്‍ അൻവറിനെതിരേ വിജിലൻസ് അന്വേഷണം
കെട്ടിട നിർമ്മാണത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകിയിരുന്നു.

കൊച്ചി: പി.വി അൻവർ ആലുവയിൽ അനധികൃത ഭൂമി സ്വന്തമാക്കി എന്ന പരാതിയിൽ വിജിലൻസ് പരിശോധന. എടത്തല പഞ്ചായത്ത് ഓഫീസിലും അനധികൃത കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തുമാണ് വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് പരിശോധന നടത്തിയത്. കെട്ടിട നിർമ്മാണത്തിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് വിജിലൻസിന് മറുപടി നൽകിയിരുന്നു.
ആലുവ ഈസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട പാട്ടാവകാശം മാത്രമുള്ള 11.43 ഏക്കർ സ്ഥലം നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കി എന്നായിരുന്നു പി.വി അൻവറിനെതിരായ പരാതി. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ്, വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച വിജിലൻസ് തിരുവനന്തപുരം യൂണിറ്റ്, വിവാദ സ്ഥലത്തിന്റെ വിവരങ്ങൾ എടത്തല പഞ്ചായത്ത് അധികൃതരിൽ നിന്ന് തേടിയിരുന്നു. സ്ഥലത്തെ കെട്ടിടം നിർമ്മാണത്തിന് അനുമതി ഇല്ലെന്ന മറുപടിയാണ് പഞ്ചായത്ത് അധികൃതർ നൽകിയത്. പിന്നാലെയാണ് വിജിലൻസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേരിട്ടുള്ള പരിശോധന.
എടത്തല പഞ്ചായത്ത് ഓഫീസിൽ എത്തിയ സംഘം, സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു പുറമേ രേഖകളും പരിശോധിച്ചു. തുടർന്നാണ് കെട്ടിട നിർമ്മാണം നടക്കുന്ന വിവാദ സ്ഥലവും സന്ദർശിച്ചത്. റവന്യൂ റിക്കവറി വിഭാഗത്തിന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന.
Adjust Story Font
16

