മാസപ്പടിയില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; കൈക്കൂലി കേസില്‍ ഒന്നാംപ്രതി പിണറായി, ഹവാല കേസില്‍ റിയാസ്
രണ്ട് കേസുകളിലും വീണ രണ്ടാംപ്രതി

തിരുവനന്തപുരം: എക്‌സാലോജിക്-സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. കൈക്കൂലിക്കേസും ഹവാലാ ഇടപാട് കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി കേസില്‍ പിണറായി വിജയന്‍ ഒന്നാം പ്രതിയും വീണ വിജയന്‍ രണ്ടാം പ്രതിയുമാണ്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് മൂന്നാം പ്രതി. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരടക്കം ആകെ ഏഴ് പേരാണ് ഈ കേസിലെ പ്രതികള്‍. ഹവാലാ ഇടപാട് കേസില്‍ പി.എ മുഹമ്മദ് റിയാസാണ് ഒന്നാംപ്രതി. വീണയാണ് രണ്ടാംപ്രതി. റിയാസിന്റെ സുഹൃത്തുക്കളായ ഹസന്‍ വാരിസ്, ഷൈജു എന്നിവരടക്കം ആകെ എട്ട് പ്രതികളാണ് ഈ കേസിലുള്ളത്.
കൈക്കൂലി കേസിൽ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(1)(d) പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. അതേസമയം, മാസപ്പടിക്കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നാല് റിട്ട് ഹരജികൾ സമർപ്പിച്ചത്. ഹരജികൾ ഇന്ന് ഉച്ചയ്ക്ക് 1.45ന് കോടതി പരിഗണിക്കും. തങ്ങളുടെ വാദം കേൾക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശിച്ചതെന്നാണ് പിണറായി വിജയന്റെ പ്രതികരണം.
മാസപ്പടിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നേരത്തെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേശം നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനായിരുന്നു നിർദേശം. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം ലഭിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. പണം നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം.
Adjust Story Font
16

