എൺപതിന്‍റെ നിറവിൽ മുഖ്യമന്ത്രി; പതിവ് പോലെ ആഘോഷങ്ങളില്ല
പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയപ്പോൾ പതറാതെ മുന്നിൽ നിന്ന് നയിച്ച പിണറായി വിജയന് പഴയ പാര്‍ട്ടി സെക്രട്ടറിയുടെ കാര്‍ക്കശ്യ മുഖത്തിനപ്പുറം ജനകീയ പ്രതിച്ഛായ കൂടിയുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ.പ്രകൃതിദുരന്തങ്ങൾ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയപ്പോൾ പതറാതെ മുന്നിൽ നിന്ന് നയിച്ച പിണറായി വിജയന് പഴയ പാര്‍ട്ടി സെക്രട്ടറിയുടെ കാര്‍ക്കശ്യ മുഖത്തിനപ്പുറം ജനകീയ പ്രതിച്ഛായ കൂടിയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ നാളെ 9 വർഷം പൂർത്തിയാക്കും.
ലോകമാകെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇരുളുകാണുന്ന കാലത്ത്, ഇന്ത്യയിലാകമാനം കമ്യൂണിസ്റ്റ് കക്ഷികള്‍ അധികാരവഴിയില്‍ വേച്ചുവീഴുന്ന കാലത്ത്, കേരളമെന്നൊരു തുരുത്തില്‍ അതിന്‍റെ ചെങ്കൊടി ഇപ്പോഴും ഉയരെ പാറിപ്പറക്കുന്നു. പ്രതിബന്ധങ്ങളുടെ മലകള്‍ ഇളകിവരുമ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ അടിപറയാതെ കാത്തുപോരുന്ന കരുത്തിന് ഒരു നേതൃനാമം ഉണ്ടെങ്കില്‍, അതൊരൊറ്റ പേരാണ്.. പിണറായി വിജയന്‍.
ഒരു വ്യാഴവട്ടക്കാലം ആകെ അസുരപ്രതിച്ഛായയുടെ നിഴലുവീഴ്‌ത്തി, മുഖ്യധാരയുടെ വരയ്‌ക്ക് പുറത്താക്കാന്‍ പണിയെടുത്ത എതിരാളികളോട്, ചരിത്രത്തില്‍ ആദ്യത്തെ തുടര്‍ഭരണനേട്ടം കൊണ്ട് കണക്ക് ചോദിച്ച പിണറായി വിജയന്‍.. ഇടിമഴ പെയ്യുമ്പോഴും അസ്ഥിവാരം ഒലിച്ചുപോകാതെ പാര്‍ട്ടിയെ കൊണ്ടുനടക്കാനുള്ള കരുത്ത് വിജയന്റെ ഭരണത്തിലും കണ്ടു കേരളം. ആ ഒറ്റയുറപ്പിലാണ് 'ഒരിക്കലൂടെ പിണറായി'യെന്ന ഇടതുമുദ്രാവാക്യത്തിന് താഴെ മറ്റൊന്നും ആലോചിക്കാതെ മലയാളി ഒപ്പുവെച്ചത്. ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍, ഒന്നാം ഭരണത്തിന്‍റെ തിളക്കമൊന്നും അവകാശപ്പെടാനില്ലെങ്കിലും ക്രൈസിസ് മാനേജര്‍ എന്ന തൂവല്‍ അഴിക്കേണ്ടി വരുന്നില്ല പിണറായിക്ക്. കാശില്ലാ കയത്തിലേക്ക് തള്ളിയിട്ട് ശ്വാസം മുട്ടിക്കാന്‍ മോദി ഭരണകൂടം ആഞ്ഞ് പരിശ്രമിക്കുമ്പോഴും വീണുപോകാതെ കേരളത്തെ കൈപിടിച്ച് മുന്നില്‍ നടക്കുന്നു പിണറായി. ഉപതെരഞ്ഞെടുപ്പുകളിലും ലോക്‌സഭയിലുമെല്ലാം വലിയ തോല്‍വികള്‍ കണ്ടുവെങ്കിലും മൂന്നാംഭരണം എന്ന സ്വപ്നം ഇപ്പോഴും തെളിച്ചത്തില്‍ കാണാന്‍ അണികളെ ആത്മവിശ്വാസമുള്ളവരാക്കി നിര്‍ത്തിയിരിക്കുന്നു ക്യാപ്റ്റൻ.
2016 എൽഡിഎഫിന് ഭൂരിപക്ഷം കിട്ടി മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസമാണ്, അതുവരെ പുറത്തറിയാതിരുന്ന രഹസ്യം പിണറായി വിജയൻ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് 9 വർഷം പൂർത്തിയാക്കുന്നതിന്‍റെ തലേദിവസമാണ് പിണറായി വിജയന് 80 വയസായിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയനല്ലാതെ പാർട്ടിക്ക് മുന്നിൽ എൽഡിഎഫിനെ നയിക്കാൻ മറ്റു മുഖങ്ങൾ ഒന്നും തന്നെയില്ല.
Adjust Story Font
16

