Quantcast

ലെനിനാണ് എല്ലാം തകർത്തതെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞു-കെ. വേണു

''ഗൗരിയമ്മ നടപ്പാക്കിയെന്നു പറയുന്ന ഭൂപരിഷ്‌ക്കരണം കൊണ്ട് കർഷകത്തൊഴിലാളികൾക്ക് ഒരു തുണ്ടു ഭൂമി കിട്ടിയില്ലെന്ന കാര്യം അറിയുമോ എന്നു ചോദിച്ചു ഞാൻ. കുട്ടനാട്ടിൽ ഇപ്പോഴും വയൽവരമ്പുകളിൽ കുടിൽ കെട്ടിയാണ് തൊഴിലാളികൾ താമസിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് ജാതിയെക്കുറിച്ച് ബോധമില്ലാത്തതിനാലാണ് അത് സംഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു.''

MediaOne Logo

Web Desk

  • Updated:

    2022-07-28 13:16:56.0

Published:

28 July 2022 1:13 PM GMT

ലെനിനാണ് എല്ലാം തകർത്തതെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞു-കെ. വേണു
X

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സംഘടനയ്ക്ക് ഒരിക്കലും ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് മുൻ നക്‌സലൈറ്റും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ കെ. വേണു. ലെനിന്റെ ഏക പാർട്ടി സങ്കൽപമാണ് എല്ലാം തകർത്തത്. അക്കാര്യം തിരിച്ചറിഞ്ഞപ്പോൾ താൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടെന്നും വേണു വെളിപ്പെടുത്തി.

'ദി ക്യൂ'വിന് നൽകിയ അഭിമുഖത്തിലാണ് നക്‌സലൈറ്റ് പ്രസ്ഥാനം വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വേണുവിന്റെ തുറന്നുപറച്ചിൽ. ''1989ൽ ചൈനയിൽ വിദ്യാർത്ഥി കലാപം നടക്കുമ്പോൾ ഞാൻ പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്. അന്ന് വിദ്യാർത്ഥി കലാപത്തെ പിന്തുണച്ചുള്ള പ്രസ്താവനയാണ് പാർട്ടി ആദ്യം കൊടുത്തത്. എന്നാൽ, ഒരു സോഷ്യലിസ്റ്റ് രാജ്യത്തിൽ ജനാധിപത്യ കലാപം ഉണ്ടാകേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം അതു കഴിഞ്ഞ് എന്റെ മനസിൽ വന്നു. അപ്പോൾ സോഷ്യലിസത്തിലൂടെ വിശാലമായ ജനാധിപത്യമാണ് ഉണ്ടാകുന്നതെന്ന് മാർക്‌സിസം പറയുന്നതിൽ അടിസ്ഥാനപരമായി എന്തോ തകരാറുണ്ടെന്ന ചോദ്യം ഉയർന്നു. മാർക്‌സിസത്തെ കുറിച്ചൊരു പുനർവായന ആവശ്യമാണെന്നു തോന്നി.''-കെ. വേണു പറഞ്ഞു.

''അന്ന് കേന്ദ്ര കമ്മിറ്റിയിൽ ഇക്കാര്യം ഞാൻ പറഞ്ഞു. ഇത്തരത്തിൽ ചില ചോദ്യങ്ങൾ എനിക്കുള്ളിൽ ഉയർന്നുവന്നിട്ടുണ്ട്, അതിന് ഉത്തരം കണ്ടെത്താൻ എനിക്ക് സമയം വേണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഉത്തരവാദിത്തത്തിൽനിന്ന് അവധി ആവശ്യപ്പെട്ടു. ലെനിന്റെ ഏക പാർട്ടി സങ്കൽപമാണ് തകരാറെന്നാണ് പിന്നീട് ആറുമാസം കൊണ്ട് പഠിച്ചിട്ട് കണ്ടെത്തിയത്. അത് എന്നെ വല്ലാതെ ബാധിച്ചു. ഏക പാർട്ടി സങ്കൽപമാണ് എല്ലാത്തിനെയും തകർത്തതെന്ന ഉത്തരത്തിലേക്കാണ് ഞാൻ എത്തിച്ചേർന്നത്. അതിന്റെ ഉത്തരവാദി ലെനിൻ തന്നെയായിരുന്നു, സ്റ്റാലിനൊന്നുമല്ല.''

ഞാൻ അന്ന് ഏറ്റവും അധികം ആരാധിച്ചിരുന്ന വ്യക്തിയാണ് ലെനിൻ. ലെനിൻ കഴിഞ്ഞാൽ മാവോ. ഞാൻ ഇരുന്ന് വീണ്ടും വീണ്ടും ആ ഭാഗം വായിച്ചു(45 വോള്യമുള്ള ലെനിന്റെ സമ്പൂർണകൃതി). ലെനിനെ ഇതിൽനിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നു അത്. എന്നാൽ, അതിനു കഴിയില്ല എന്നു കണ്ടപ്പോൾ ഞാൻ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. 20 കൊല്ലം എന്റെ സങ്കൽപങ്ങളെല്ലാം അബദ്ധമാണെന്ന് തിരിച്ചറിയുകയായിരുന്നു. അതാണ് എന്റെ മാറ്റത്തിന്റെ കാരണം-അദ്ദേഹം വെളിപ്പെടുത്തി.

ഭൂപരിഷ്‌ക്കരണവും ഗൗരിയമ്മയും

പിന്നീട് 1989ന്റെ അവസാനത്തിൽ 'തൊഴിലാളിവർഗ ജനാധിപത്യത്തിനു വേണ്ടി' എന്ന പേരിൽ ഞാനൊരു കരടുരേഖയുണ്ടാക്കി. അത് ഒന്നൊന്നര കൊല്ലം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്തു. അത് അന്താരാഷ്ട്രതലത്തിൽ ചർച്ച ചെയ്യാൻ ഞങ്ങളുടെ ഒരു പ്രസിദ്ധീകരണത്തിൽ വച്ചു. അതിന് അമേരിക്കയിൽനിന്നടക്കം രൂക്ഷമായി വിമർശനം വന്നു. ഇതിന്റെയെല്ലാം അവസാനത്തിലാണ് പാർട്ടിയിൽനിന്ന് രാജിവയ്ക്കുന്നത്. അടിസ്ഥാനപ്രശ്‌നങ്ങളെല്ലാം ആ രാജിക്കത്തിൽ പറയുന്നുണ്ട്. അതായത് ഒരു കമ്മ്യൂണിസ്റ്റ് സംഘടനയ്ക്ക് ഒരിക്കലും ജനാധിപത്യപരമാകാൻ കഴിയില്ല. ആവണമെന്ന് ആഗ്രഹിച്ചാൽ പോലും നടക്കില്ല. അതാണ് അതിന്റെ ഘടനയെന്നും വേണു അഭിപ്രായപ്പെട്ടു.

''പിന്നീട് നവോത്ഥാന പ്രസ്ഥാനം എന്ന പേരിൽ എല്ലാ വിഭാഗത്തിലെയും നല്ല ആളുകളെയും, സുകുമാർ അഴീക്കോടിനെയൊക്കെ പോലെയുള്ളവരെയൊക്കെ ചേർത്ത് പരീക്ഷിച്ചുനോക്കി. അതുകഴിഞ്ഞാണ് ഗൗരിയമ്മയിൽ എത്തിച്ചേരുന്നത്. ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നു, ആദ്യം സ്‌റ്റേറ്റ് കമ്മിറ്റിയിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്കും പിന്നീട് ലോക്കൽ കമ്മിറ്റിയിലേക്ക് മാറ്റുന്നുവെന്നൊക്കെയുള്ള റിപ്പോർട്ട് വന്നപ്പോൾ അജിതയാണ് ഗൗരിയമ്മയുമായി അഭിമുഖം നടത്തി 'മാതൃഭൂമി'യിൽ പ്രസിദ്ധീകരിക്കുന്നത്.''

''അന്ന് അജിത എന്നോട് ആലപ്പുഴയിൽ വരാൻ പറഞ്ഞു. പിന്നീടാണ് അവിടെനിന്ന് ചിലർ എന്റെയടുത്ത് വന്ന്, ഗൗരിയമ്മയ്ക്കു വേണ്ടി രണ്ടു മുന്നണികളുമല്ലാത്ത ഒരു മൂന്നാംചേരി രാഷ്ട്രീയം ആരംഭിക്കുന്നതിനെ കുറിച്ച് അവതരിപ്പിച്ചത്. അതിനുള്ള ഒരു രേഖ ഉണ്ടാക്കിത്തരാനായിരുന്നു അവർ വന്നത്. ഞാൻ അപ്പോൾ തന്നെ മൂന്നാം മുന്നണിയുടെ സാധ്യതകൾ എന്ന പേരിൽ ഒരു കുറിപ്പെഴുതി കൊടുത്തയച്ചു. അവർ അതുമായി ഗൗരിയമ്മയുടെ അടുത്തേക്ക് പോയി. അവർ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ ആലപ്പുഴയിൽ പോയിക്കണ്ടു.''

അന്ന് സംസാരത്തിനിടെ പ്രകോപിപ്പിക്കാനായി, ഗൗരിയമ്മ നടപ്പാക്കിയെന്നു പറയുന്ന ഭൂപരിഷ്‌ക്കരണം കൊണ്ട് കർഷകത്തൊഴിലാളികൾക്ക് ഒരു തുണ്ടു ഭൂമി കിട്ടിയില്ലെന്ന കാര്യം അറിയുമോ എന്നു ചോദിച്ചു ഞാൻ. എന്താണ് താൻ പറയുന്നതെന്നു പറഞ്ഞ് അവർ ചാടിയെണീറ്റു. പോയി കുട്ടനാട്ടിലെ വയൽവരമ്പുകളിൽ പോയി നോക്കാൻ പറഞ്ഞു. ഇപ്പോഴും വയൽവരമ്പുകളിൽ കുടിൽ കെട്ടിയാണ് അവിടെ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്ക് ജാതിയെക്കുറിച്ച് ബോധമില്ലാത്തതിനാലാണ് അത് സംഭവിക്കുന്നതെന്ന് ഞാൻ പറഞ്ഞു. ജാതിവ്യവസ്ഥ പ്രകാരം പട്ടിക ജാതിക്കാർക്ക് പാട്ടഭൂമിയില്ല. പാട്ടഭൂമി ന്യൂനപക്ഷങ്ങൾക്കും ഈഴവ പിന്നാക്കക്കാർക്കുമാണ് കിട്ടുന്നതെന്ന് റഞ്ഞു. ഇതെല്ലാം അവരെ ശരിക്കും ഞെട്ടിച്ചു. പിന്നീട് അത് അവർ പ്രസംഗിച്ചുനടന്നുവെന്നും കെ. വേണു കൂട്ടിച്ചേർത്തു.

Summary: ''I cried alone, when I learned that it was Vladimir Lenin's one party concept that ruined everything'', says Ex-naxalite and communist ideologue K. Venu

TAGS :

Next Story