വോട്ടർപട്ടിക പരിഷ്‌കരണം; കരട് പട്ടിക നാളെ വീണ്ടും പുറത്തിറക്കും
വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്

കോഴിക്കോട്: വോട്ടർപട്ടികയിലെ ക്രമക്കേട് പരാതികൾക്ക് പിന്നാലെ വീണ്ടും പരിഷ്കരിക്കാൻ നിർബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം രണ്ടിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക കരട് പട്ടികയായി നാളെ വീണ്ടും പുറത്തിറക്കും. വോട്ട്ചേർക്കാനും, ഒഴിവാക്കാനും വാർഡ് വിഭജനമനുസരിച്ച് വാർഡുകൾ ക്രമീകരിക്കാനും വീണ്ടും അവസരം നൽകിയിട്ടുണ്ട്.
ജൂലൈ 23 ന് കരട് പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച് തിരുത്തല്‍ വരുത്തി ഈ മാസം രണ്ടിന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റ വോട്ടർപട്ടിക നാളെ മുതല്‍ വീണ്ടും പരിഷ്കരിക്കുകകയാണ്.രണ്ടാം തീയതി പ്രസിദ്ധീകരിച്ച് അന്തിമ പട്ടിക കരട് പട്ടികയായി നാളെ വീണ്ടും പ്രസിദ്ധീകരിക്കും. വോട്ട് കൂട്ടിചേർക്കാനും ഒഴിവാക്കാനും ഒക്ടോബർ 14 വരെ അവസരമുണ്ടാകും. ഒക്ടോബർ 25 ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാർഡ് വിഭജനം സംബന്ധിച്ച പരാതികളുണ്ടെങ്കിലും അത് സ്വീകരിച്ച് നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷവും പരാതികള്‍ക്ക് പരിഹാരമില്ലാതായതോടെയാണ് രണ്ടാ പരിഷ്കരണത്തിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ കക്ഷികള്‍ വോട്ടർപട്ടികാ പരിശോധന കാര്യക്ഷമമായി നടത്തിയത് പരാതികള്‍ വ്യാപകമായി ഉയരാന്‍ കാരണമായിട്ടുണ്ട്.കരട് പട്ടിക വന്നപ്പോള്‍ ഉയന്ന വാർഡ് വിഭജനത്തിലെ അസന്തുലിതാവസ്ഥ, ഇരട്ട വോട്ട്, ഒരു വീട്ടില്‍ നിരവധി വോട്ടുകള്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ അന്തിമ പട്ടികയിലും പരിഹരിക്കപ്പെട്ടിരുന്നില്ല.
വാർഡ് വിഭജനത്തിന്റെ ഉത്തരവ് നേരത്തെ പുറത്തുവന്നിരുന്നതിനാല്‍ വാർഡ് വിഭജനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സാധ്യതു കുറവാണ്. എന്നാല്‍ ഇരട്ട് വോട്ട് ഉള്‍പ്പെടെ വോട്ടർ പട്ടികയിലെ പരാതികള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ പ്രതീക്ഷ.
Adjust Story Font
16

