തിരുവനന്തപുരത്ത് ബിജെപി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളിൽ അസാധാരണമാംവിധം വോട്ടർമാരെ കാണാനില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശശി തരൂരിനേക്കാൾ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടർമാർ പുറത്തുപോയി

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിലെ മീഡിയവൺ അന്വേഷണം തുടരുന്നു.
തിരുവനന്തപുരം ജില്ലയിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയ ബൂത്തുകളിൽ അസാധാരണമാംവിധം വോട്ടർമാരെ കാണാനില്ല. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ എസ്ഐആര്‍ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് നിയമസഭാമണ്ഡലങ്ങളിലും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട, ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലുമാണ് ബിജെപി ഒന്നാമതെത്തിയത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പുറത്തുവിട്ട എന്യൂമറേഷൻഫോം തിരികെ വരാത്തവരുടെ പട്ടികയിലെ വിവരങ്ങളിൽ ഈ നിയോജകമണ്ഡലങ്ങളിൽ അസാധാരണമായ വർധനവാണുള്ളത്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയ ബൂത്തുകൾ മാത്രമെടുത്ത് പരിശോധിക്കുമ്പോൾ ഈ അസാധാരണത്വം ഒന്നുകൂടെ ഉറപ്പിക്കും.
കോൺഗ്രസിന്റെ ശശി തരൂരിനേക്കാൾ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ 22,126 വോട്ടിന്റെ ഭൂരിപക്ഷം നേടിയ നേമത്ത് ആകെ 49,063 വോട്ടർമാർ പുറത്തുപോയി. ഇതിൽ ബിൽമാർക്ക് ഫോം വിതരണം ചെയ്യാൻ പോലും കണ്ടെത്താൻ സാധിക്കാത്ത Untraceable And Absent വിഭാഗക്കാരാണ് കൂടുതൽ. നേമത്തെ ഒന്ന്, രണ്ട്, നാല്, ആറ്, 10 എന്നീ അഞ്ച് ബൂത്തുകൾ മാത്രമെടുക്കുമ്പോൾ 941 വോട്ടർമാരെയാണ് Untraceable And Absent വിഭാഗത്തിലുള്ളത്. സ്ഥിരമായി താമസം മാറിയവരുടെയും, എന്യുമറേഷൻ ഫോം വാങ്ങാൻ വിസമ്മതിച്ചവരുടെയും കണക്ക് വേറെ. 23 ശതമാനത്തിൽ കൂടുതൽ വോട്ടർമാരുടെ ഫോം തിരികെവരാത്ത മണ്ഡലത്തിലെ 180 ബൂത്തുകൾ പരിശോധിക്കുമ്പോഴും കണ്ടെത്താനാവാത്തരുടെ പട്ടികക്ക് നീളം കൂടുതലാണ്.
ബിജെപി ഒന്നാമത് എത്തിയ വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലത്തിലും സ്ഥിതി മറിച്ചല്ല. വട്ടിയൂർക്കാവിലെ നാലാഞ്ചിറയിലുള്ള പതിനാലാം ബൂത്തിൽ 511 പേരുടെ ഫോം തിരികെ വരാത്തതിൽ 292 പേർ Untraceable And Absent വിഭാഗത്തിലാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 51,163 പേരുടെ ഫോമുകൾ തിരികെ വന്നിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നു. കഴക്കൂട്ടത്തെ ബൂത്ത് 24ൽ 273, ബൂത്ത് 23ല്‍ 261 പേരും ബിഎഓമാർക്ക് ഫോം പോലും വിതരണം ചെയ്യാൻ കണ്ടെത്താത്തവരാണ്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കാട്ടാക്കട നിയമസഭ മണ്ഡലത്തിൽ 25,233 പേരും ആറ്റിങ്ങൽ നിയമസഭമണ്ഡലത്തിൽ 16012 പേരെയും കണ്ടെത്താനായിട്ടില്ല.
Watch Video Report
Adjust Story Font
16

