വി.എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓർമ; പോരാട്ടത്തിന്റെ ആചാര്യനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം
ചെങ്കനൽ താണ്ടിക്കടന്ന സഖാവിന് എകെജി സെന്ററിൽ അന്ത്യാഭിവാദ്യങ്ങളർപ്പിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു

തിരുവനന്തപുരം: വി.എസ് ഇനി ജ്വലിക്കുന്ന വിപ്ലവ ഓർമ. പോരാട്ടത്തിന്റെ ആചാര്യനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം. ചെങ്കനൽ താണ്ടിക്കടന്ന സഖാവിന് എകെജി സെന്ററിൽ അന്ത്യാഭിവാദ്യങ്ങളർപ്പിക്കാനെത്തിയത് പതിനായിരങ്ങളായിരുന്നു.
വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടങ്ങളുടെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ പോരാളിയാണെന്നും വി.എസിന് മരണമില്ലെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ സമരങ്ങൾ എന്നും ഓർമിക്കപ്പെടുമെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
ഞങ്ങളുടെ തലമുറക്ക് സമരാനുഭവങ്ങൾ നൽകിയ നേതാവെന്ന് ജോൺ ബ്രിട്ടാസ് എംപി. വി.എസ് എന്നും സംവിധാനങ്ങൾക്കെതിരെ പോരാടി. ജനലക്ഷങ്ങളുടെ മനസ്സിൽ വി.എസ് എന്നുമുണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.
വി.എസിന്റെ വിയോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി എന്നിവരും അനുശോചനം രേഖപ്പെടുത്തി. വി.എസിന്റെ വീട്ടിലെത്തി മന്ത്രി വി. ശിവൻകുട്ടി അന്തിമോപചാരം അർപ്പിച്ചു. വി.എസ് എല്ലാവരുടെയും നഷ്ടമാണ്. തൊഴിലാളി വർഗ്ഗത്തിന്റെ നേതാവായി നീതിക്കും ന്യായത്തിനു വേണ്ടി വി.എസ് പോരാടി. പ്രതിപക്ഷ നേതാവായ സമയത്ത് കേരളത്തിന്റെ ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയെന്നും ശിവൻകുട്ടി പറഞ്ഞു.
വി.എസിന്റെ നഷ്ടം വാക്കുകൊണ്ട് പറയാൻ സാധിക്കുന്നില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള മനുഷ്യൻ. കൊക്കക്കോള, പറമ്പിക്കുളം, മുല്ലപ്പെരിയാർ തുടങ്ങി എല്ലാ ജനകീയ വിഷയങ്ങളിലും വി.എസ് ഇടപെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

