വി.എസ്; പരിസ്ഥിതി രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ടു വന്ന ആദ്യ നേതാവ്
80 വയസ് പിന്നിട്ടിട്ടും മതികെട്ടാനിലും പൂയംകുട്ടിയിലും അദ്ദേഹം മലകയറി

തിരുവനന്തപുരം: പരിസ്ഥിതി ഒരു രാഷ്ട്രീയ വിഷയമാക്കി ഉയർത്തിക്കൊണ്ടു വന്ന ആദ്യ രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദൻ. 80 വയസ് പിന്നിട്ടിട്ടും മതികെട്ടാനിലും പൂയംകുട്ടിയിലും അദ്ദേഹം മലകയറി. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം മൂന്നാറിന് വേണ്ടി നിയോഗിച്ച കറുത്ത പൂച്ചകൾ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉയർത്തിയ രാഷ്ട്രീയ ചോദ്യങ്ങൾ ഇന്നും കേരളത്തിൽ ഉത്തരം കിട്ടാതെ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഒരു ക്ലാസിക്കൽ മാർക്സിസ്റ്റ് ആയി അറിയപ്പെട്ട വി.എസ് 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അക്കാലത്ത് ഒട്ടും ജനപ്രിയമല്ലാതിരുന്ന പരിസ്ഥിതി, ഭൂരാഹിത്യം പോലുള്ള പ്രശ്നങ്ങളിലേക്ക് വി.എസിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അക്കാലത്താണ്. മറയൂരിലെ ചന്ദനക്കൊള്ളക്കെതിരെ പോരാടിക്കൊണ്ടായിരുന്നു തുടക്കം. പരിസ്ഥിതി പ്രാധാന്യമുള്ള മതികെട്ടാൻ ചോലയിലെയും പൂയംകുട്ടിയിലെയും വനംകയ്യേറ്റം നേരിൽ കണ്ടു ബോധ്യപ്പെടാൻ അദ്ദേഹം മലകയറി. പൂയംകുട്ടിയിലെ ദുർഘട പാത കയറുമ്പോൾ അദ്ദേഹത്തിന് 80 വയസുണ്ട് പ്രായം.
പരിസ്ഥിതി ലോലമായ മൂന്നാറിൽ ടാറ്റക്ക് തേയിലകൃഷിക്കനുവദിച്ച ഭൂമിയിൽ റിസോർട്ടുകൾ മുളച്ചു പൊന്തുന്നത് ഇതിനിടെ തന്നെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. നിയമസഭാ കമ്മിറ്റികൾ പോലും നൽകിയ റിപ്പോർട്ടുകളിന്മേൽ നടപടിയെടുക്കാൻ സർക്കാരുകൾ മടിച്ചു നിന്ന സമയം. പ്രതിപക്ഷനേതാവായിരുന്ന വി.എസ് ഇതിനെതിരെ ആഞ്ഞടിച്ചു. 2006ൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.എസിന്റെ ഏറ്റവും ശ്രദ്ധേയമായ തീരുമാനം മൂന്നാർ ദൗത്യമായിരുന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെയുയർന്ന രൂക്ഷമായ എതിർപ്പവഗണിച്ചായിരുന്നു വി.എസ് ദൗത്യ സംഘത്തെ നിയോഗിച്ചത്. അനധികൃത റിസോർട്ടുകൾ പൊളിച്ചു നീക്കിയ ദൗത്യ സംഘം ടാറ്റ അനധികൃതമായി കൈവശം വെച്ച ഭൂമിയിൽ സർക്കാർ ഭൂമിയെന്ന ബോർഡ് നാട്ടി. ടാറ്റ മുറിച്ചു വിറ്റ ഭൂമിയിൽ സ്ഥാപിച്ച റിസോർട്ടുകൾക്ക് നോട്ടീസ് നൽകി. എന്നാൽ, വ്യാജ പട്ടയഭൂമിയിൽ സ്ഥാപിച്ച പാർട്ടി ഓഫീസുകളിൽ കൈവെച്ചപ്പോൾ വി.എസ് കറുത്ത പൂച്ചകൾ എന്ന് വിളിച്ച ദൗത്യ സംഘത്തിന് മലയിറങ്ങേണ്ടി വന്നു.
വി.എസ് സർക്കാരിന്റെ കാലത്തെ പ്രധാനപ്പെട്ട പാരിസ്ഥിതിക നിയമനിർമാണം, നെൽവയൽ നീർത്തട നിയമമായിരുന്നു. വയൽ നികത്തൽ വഴിയുള്ള റിയൽഎസ്റ്റേറ്റ് വൽക്കരണം കേരളത്തിലെ പരിസ്ഥിതിയെ പാടെ അട്ടിമറിച്ചുകൊണ്ടിരുന്നു. അക്കാലത്ത് വിപ്ലവകരമായ നിയമനിർമാണമായിരുന്നു അത്. പിന്നീട് വന്ന എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ അതിൽ വെള്ളം ചേർത്തതും ചരിത്രം. വിഎസ് സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച നീർത്തട ഡാറ്റ ബാങ്ക് നിർമാണം 15 വർഷം കഴിഞ്ഞും പൂർത്തിയായിട്ടുമില്ല.
വി.എസ് മുഖ്യമന്ത്രിയായിരിക്കെ, മൗനം പാലിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്ത പാരിസ്ഥിതിക, മലിനീകരണ പ്രശ്നങ്ങളുമുണ്ടായിരുന്നു. പെരിയാർ മലിനീകരണം, നിറ്റ ജെലാറ്റിൻ മലിനീകരണം തുടങ്ങിയ ജനകീയ പാരിസ്ഥിതിക പ്രശ്നങ്ങളിൽ വി.എസ് മൗനം പാലിച്ചുവെന്നും ആക്ഷേപമുണ്ട്. ഭൂരഹിതരുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിച്ച വി.എസ്, പക്ഷേ മുഖ്യമന്ത്രിയായിരിക്കെ ചെങ്ങറ ഭൂസമരക്കാരെ തള്ളിപ്പറയുന്നതും കേരളം കണ്ടു.
പാരിസ്ഥിതിക പ്രശ്നങ്ങൾ രാഷ്ട്രീയ പരിഹാരമാവശ്യപ്പെടുന്നതാണ് എന്ന് അടിവരയിടുന്ന ഇടപെടലുകളാണ് വി.എസ് നടത്തിയത്. ആ മുന്നേറ്റത്തിൽ നിന്ന് പലപ്പോഴും സർക്കാരുകൾ പിന്നോട്ട് പോയെങ്കിലും ആ അവബോധം ജനങ്ങൾക്കിടയിൽ രൂഢമൂലമാക്കാൻ വി.എസിന് കഴിഞ്ഞു. അതുവരെ ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും മാത്രം ആശങ്കയായിരുന്ന ഇക്കാര്യങ്ങൾ മുന്നണി ഭേദമന്യേ രാഷ്ട്രീയ കക്ഷികളും ഏറ്റെടുക്കുന്നതാണ് കേരളം കണ്ടത്.
Adjust Story Font
16

