Quantcast

ഇന്ധനവില വർധനവ്: ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്‌സൂളുകളല്ല, പ്രായോഗിക മരുന്നുകളാണ്- വി.ടി. ബൽറാം

' യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണ്. ഡീസലിൽ നിന്ന് അക്കാലത്ത് ലഭിച്ചിരുന്നത് 4 രൂപയോളമായിരുന്നുവെങ്കിൽ ഇന്ന് ലഭിക്കുന്നത് 12.65 രൂപയാണ്. നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സിപിഎം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്.'

MediaOne Logo

Web Desk

  • Published:

    8 Nov 2021 11:33 AM GMT

ഇന്ധനവില വർധനവ്: ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്‌സൂളുകളല്ല, പ്രായോഗിക മരുന്നുകളാണ്- വി.ടി. ബൽറാം
X

ഇന്ധനവില വർധനവിൽ ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്‌സൂളുകളല്ലെന്നും പ്രായോഗിക മരുന്നുകളാണെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.

2014 മുതൽ ഏതാണ്ട് 18 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തിയ അമിതമായ നികുതികളും സർചാർജുമൊക്കെ വഴി ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് സമാഹരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതിൽ നിന്നാണ് 'ദീപാവലി സമ്മാന'മായി നേരിയ കുറവ് വരുത്താൻ അവർ നിർബന്ധിതരായിട്ടുള്ളത്. ഇത് ഒട്ടും തൃപ്തികരമോ ആശ്വാസകരമോ അല്ലെന്നും ബൽറാം പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാവട്ടെ സ്വന്തം നിലക്ക് ഒരു കുറവും വരുത്താൻ തയ്യാറല്ല എന്ന ധിക്കാരപൂർവ്വമായ നിലപാടിലാണ്. ജനങ്ങളോടുള്ള പ്രതിബദ്ധതക്കപ്പുറം ന്യായീകരണ സാഹിത്യങ്ങൾ ചമയ്ക്കുന്നതിലാണ് അവർക്ക് താത്പര്യമെന്നും അദ്ദേഹം ആരോപിച്ചു.

' യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ വിറ്റിരുന്ന ഒരു ലിറ്റർ പെട്രോളിൽ നിന്ന് സംസ്ഥാന ഖജനാവിന് ലഭിച്ചിരുന്നത് കേവലം 12.20 രൂപയായിരുന്നുവെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ലഭിക്കുന്നത് 25.50 രൂപയാണ്. ഡീസലിൽ നിന്ന് അക്കാലത്ത് ലഭിച്ചിരുന്നത് 4 രൂപയോളമായിരുന്നുവെങ്കിൽ ഇന്ന് ലഭിക്കുന്നത് 12.65 രൂപയാണ്. നേരിട്ടുള്ള ഈ കണക്കുകൾ മറച്ചുവച്ചാണ് ശതമാനക്കണക്കുകൾ വച്ച് സിപിഎം ന്യായീകരണത്തൊഴിലാളികൾ ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്.'- ബൽറാം വിശദീകരിച്ചു.

നേരത്തേ ഉൽപ്പാദനച്ചെലവ് അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കാനുള്ള മൻമോഹൻ സിംഗിന്റെ നയമാണ് ഇന്ധനവിന് വിലവർദ്ധനവിന് കാരണമെന്ന് പറഞ്ഞുനടന്നിരുന്ന ആളുകൾക്ക് ഇപ്പോൾ ആ ന്യായം പറയാൻ കഴിയാതെ വന്നപ്പോൾ ഗോൾ പോസ്റ്റ് മാറ്റി പുതിയ വാദങ്ങളുമായി വരികയാണ്. ഏതായാലും ജനങ്ങൾക്കാവശ്യം ന്യായീകരണ ക്യാപ്‌സ്യൂളുകളല്ല, ഈ കൊടിയ ദുരിതത്തിനുള്ള പ്രായോഗിക മരുന്നുകളാണ്. വാറ്റ് നികുതിയും സെസുമൊക്കെ ഗണ്യമായി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരാൻ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ്ത്തു.

അതേസമയം സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് ചക്രസ്തംഭന സമരം നടന്നു. ജില്ലാ കേന്ദ്രങ്ങളിൽ 15 മിനിറ്റായിരുന്നു സമരം.

TAGS :

Next Story