'ആരോഗ്യവകുപ്പ് വെന്റിലേറ്ററിലായതിനെ കുറിച്ച് മിണ്ടുന്നില്ല, സ്വന്തം ഈഗോയിൽ മാത്രം അഭിരമിക്കുന്ന ഒരാളാണോ ഇദ്ദേഹം?'; സ്വരാജിനെതിരെ വി.ടി ബൽറാം
ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമർശനങ്ങൾ ഉയരുമ്പോഴും സ്വരാജ് മൗനം പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബൽറാമിന്റെ വിമർശനം.

പാലക്കാട്: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ചതടക്കം ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമർശനങ്ങൾ ഉയരുമ്പോഴും സിപിഎം നേതാവ് എം.സ്വരാജ് മൗനം പാലിക്കുന്നതിനെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് വെന്റിലേറ്ററിലായതിനേക്കുറിച്ച് കേരളം ചർച്ച ചെയ്ത് തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. എം.സ്വരാജിന്റെ ഒരു കടുത്ത ഫാൻ തന്നെയാണ് ആരോഗ്യ വകുപ്പിലെ സിസ്റ്റത്തിനെതിരെ ഗുരുതരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. നാട് മുഴുവൻ അതിനെ ശരിവച്ച് അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയുമടക്കുള്ള ആളുകൾക്ക് വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നു. വൈകിയെങ്കിലും ചില നടപടികളും സ്വീകരിക്കേണ്ടി വന്നു.
ഇന്നിതാ കോട്ടയത്ത് മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് ഒരു സാധു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. കേരളം മുഴുവൻ അതിനേക്കുറിച്ച് പ്രതികരിക്കുന്നു. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് അപകട കാരണം എന്ന് വ്യക്തമാവുന്നു. ആരോഗ്യ വകുപ്പിലെ നിലവിലെ സിസ്റ്റത്തെ ഇനിയും ഇങ്ങനെ വച്ചുപൊറുപ്പിക്കരുതെന്ന് നാട് ഒന്നിച്ചു പറയുന്നു. എന്നിട്ടും എം സ്വരാജ് എന്ന പരന്ന വായനക്കാരനായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ അതേക്കുറിച്ചൊന്നും അറിഞ്ഞ മട്ടില്ലെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദ്ദേഹം വീണ്ടും സ്വന്തം തട്ടകമായ യൂട്യൂബിൽ മടങ്ങിയെത്തി വീഡിയോസ് ചെയ്യുന്നു. മീഡിയാവണിനെതിരെ എന്ന പേരിൽ തന്റെ വിക്കീപീഡിയ കോപ്പിയടി കണ്ടുപിടിച്ചവർക്കെതിരെ യൂട്യൂബിലും ഫേസ്ബുക്കിലും യുദ്ധം നടത്തുന്നു. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച ഒരുപക്ഷേ ഇന്ത്യയിലെ ഏക ബിജെപി ഇതര രാഷ്ട്രീയ നേതാവായ, അങ്ങേയറ്റത്തെ പരപുച്ഛത്തോടെ മാത്രം മറ്റുള്ളവരേക്കുറിച്ച് സംസാരിച്ചു ശീലമുള്ള, അദ്ദേഹം ഇപ്പോൾ തനിക്ക് നേരെയുള്ള ട്രോളുകളേക്കുറിച്ചും പരിഹാസത്തേക്കുറിച്ചുമൊക്കെ ദയനീയഭാവത്തിൽ പരാതി പറയുന്നു. ഇങ്ങനെ സ്വന്തം ഈഗോയിൽ മാത്രം അഭിരമിക്കുന്ന ഒരാളാണോ ഇദ്ദേഹം! നാട്ടിൽ സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും ഇദ്ദേഹത്തെ ഇപ്പോഴും അലട്ടുന്നില്ലേ? എന്നും ബൽറാം ചോദിച്ചു.
Adjust Story Font
16

